മട്ടന്നൂര്‍: മട്ടന്നൂര്‍ കൊതേരി കപ്പണയില് ഹൗസില്‍ ടി. ബൈജു (37) വിട പറയുമ്പോള്‍ പുതുജീവന്‍ ലഭിക്കുന്നത് അഞ്ച് പേര്‍ക്ക്. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ബൈജു. മസ്തിഷ്ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്.
കഴിഞ്ഞ 19-ാം തീയതിയാണ് അപകടമുണ്ടായത്. കട്ടിലില്‍ കിടന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ബൈജു കുഴഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ബൈജുവിനെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ജീവന് രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ശനിയാഴ്ച മസ്തിഷ്ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന് സന്നദ്ധമാണെന്ന കാര്യം ബന്ധുക്കള്‍ അറിയിച്ചു.
കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. കരള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, രണ്ട് വൃക്കകള്‍ എറണാകുളം വിപിഎസ് ലോക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും, രണ്ട് നേത്രപടലം അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുമാണ് മൃതസഞ്ജീവനി വിന്യാസം നടത്തിയത്. മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, റീജിയണല്‍ കോഓഡിനേറ്റര്‍ ഡോ. ഉഷ സാമുവല്‍ എന്നിവര്‍ അവയവ വിന്യാസം ഏകോപിപ്പിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ജിവനക്കാരനാണ് ബൈജു. പരേതരായ ശങ്കുണ്ണി, മാധവി എന്നിവരാണ് മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: