കാസര്‍കോട്: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ തട്ടിപ്പു നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന് ക്ലീന്‍ കിറ്റിന്റെ ഭാഗമായി കാസര്‍കോട്ടും വിജിലന്‍സ് റെയിഡ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും പാക്കിംഗ് കേന്ദ്രങ്ങളിലായിരുന്നു റെയിഡ്. പരിശോധനയില്‍ ശര്‍ക്കരയില്‍ തൂക്കത്തില്‍ വെട്ടിപ്പ് നടന്നതായി കണ്ടെത്തി.
50 മുതല്‍ 100 ഗ്രാം വരെ ശര്‍ക്കര തൂക്കത്തില്‍ വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാഞ്ഞങ്ങട്ടെ രണ്ടും കാസര്‍കോട്ടെ ഒന്നും പാക്കിംഗ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.
ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നാണു സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പ് നടക്കുന്നതായി പുറത്ത് വന്നിട്ടും വെട്ടിപ്പ് തുടരുന്നുവെന്നാണ് ശര്‍ക്കരയില്‍ തൂക്കത്തിലുണ്ടായ വെട്ടിപ്പ് തെളിയിക്കുന്നത്. പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളിലുണ്ടായിരുന്നത്. മിക്ക പാക്കിങ് സെന്ററുകളിലേയും ഓണക്കിറ്റുകളില്‍ കാണപ്പെട്ടത് 350 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങളാണ്. 500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ചില പാക്കറ്റുകളില്‍ നിര്‍മാണ തീയതി, പാക്കിങ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. ചില കിറ്റുകളില്‍ എല്ലാ ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: