കൊച്ചി: ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വി കണ്‍സോള്‍ അടുത്ത മാസം വിപണിയിലെത്തും. ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. കൊറോണ വൈറസ് മൂലം ഇന്ന് മീറ്റിങ്ങുകളും അധ്യയനവും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടത്തുന്നത്. ഇതിന് വിദേശി അല്ലാത്ത ഒരു ആപ്പ് വേണമെന്ന ലക്ഷ്യത്തോടെയാണ് വി കണ്‍സോള്‍ ആപ്പ് പുറക്കിറക്കുന്നത്.
ഏറ്റവുമധികം ആവശ്യമുള്ള മേഖലകളായ ഓണ്‍ലൈന്‍ അധ്യയനത്തിലും ടെലിമെഡിസിനിലുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ഐടി കമ്പനി ടെലിജെന്‍ഷ്യ സോഫ്റ്റ്വെയര് ടെക്നോളജീസ്(ടിഎസ്ടി) സിഇഒ ജോയ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി. രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളിക്കൊണ്ടാണ് വി കണ്‍സോള്‍ ഈ നേട്ടം കരസ്ഥമാക്കിയത്. തുടക്കത്തില്‍ മാത്രം വി കണ്‍സോള്‍ ഉപഭോക്താക്കളില്‍ നിന്നും ചെറിയ ഫീസ് ഈടാക്കും. മലയാളമടക്കം എട്ട് പ്രധാന ഇന്ത്യന്‍ ഭാഷകളിലായിരിക്കും ഇത് ലഭിക്കുക. വികസിപ്പിക്കാനും വിപണനം ചെയ്യാനുള്ള ചെലവിനു വേണ്ടിയാണ് ഫീസ് ഈടാക്കുന്നത്. പക്ഷേ ആദ്യ ആഴ്ച സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകുമെന്നും ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇന്നൊവേഷന് ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി മുതല്‍ വി കണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ആപ്. മൂന്നു വര്‍ഷത്തേക്കാണ് കേന്ദ്ര സര്‍ക്കാരുമായി കരാര്‍. ഓരോ വര്‍ഷവും മെയ്ന്റനന്‍സ് ഗ്രാന്റ് എന്ന നിലയില്‍ പത്തു ലക്ഷം രൂപ കേന്ദ്രം നല്‍കും. ടിസിഎസ് ഇതിനാവശ്യമായ സാങ്കേതിക പിന്തുണയും നല്‍കും. ലോകത്തെവിടെയും വി കണ്‍സോള്‍ ലഭ്യമാക്കും. ആപ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഓഫീസുകള്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാം. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് സ്ഥാപിക്കപ്പെട്ടതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കേരള ഐടി പാര്‍ക്ക്സ് സിഇഒ ശശി പി.എം. അറിയിച്ചു.
2009ല്‍ തുടങ്ങിയ കമ്പനിയിലെ 65 ജീവനക്കാര്‍ക്കും പക്ഷേ ജയിക്കണമെന്ന വാശിയായിരുന്നു. 15 പേരടങ്ങിയ അടിസ്ഥാന ടീം രാപ്പകല്‍ അധ്വാനിച്ച് മൂന്നു ഘട്ടങ്ങളിലായി നടത്തിയ മത്സരത്തില്‍ ലക്ഷ്യം കണ്ടത് കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് ആണ് വിജയികളെ പ്രഖ്യാപിച്ചപ്പോഴായിരുന്നു. ഭീമന് കമ്പനികളടക്കം 1983 മത്സരാര്‍ത്ഥികള്‍ രണ്ടാംഘട്ടത്തില്‍ പന്ത്രണ്ടിലേക്കും പിന്നീട് അഞ്ചിലേക്കും അവസാനം മൂന്നിലും ചുരുങ്ങിയപ്പോഴാണ് വി കണ്‍സോള്‍ വിജയികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: