ന്യൂദല്‍ഹി : മുസ്ലിങ്ങള്‍ ഒത്തൊരുമിച്ച് നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്. ബിജെപി സംസ്ഥാനത്ത് ശക്തമല്ലാത്തതിനാല് കേരളം കേന്ദ്രീകരിച്ച് മുസ്ലിങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമന്നും സക്കീര്‍ നായിക് ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സക്കീര്‍ നായിക്ക് ഇക്കാര്യം അറിയിച്ചത്.
മുസ്ലിങ്ങളെ സര്‍ക്കാരിനെതിരെ തിരിയാന്‍ പ്രകോപിപ്പിക്കുന്ന ആഹ്വാനമാണ് സക്കീര്‍ നായിക് ഇതിലൂടെ നടത്തിയത്. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. മുസ്ലിങ്ങള്‍ ഇവിടെ പീഡനങ്ങള്‍ നേരിടുകയാണ്. മൊത്തത്തിലും വ്യക്തികളുമായും ഇസ്ലാമിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സാമൂഹിക സംഘടനകളിലുമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ മുസ്ലിം ഗ്രൂപ്പുകള്‍ പരസ്പരം പോരടിക്കുകയും പരസ്പരം വിമര്‍ശിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഒന്നിച്ച് ഐക്യപ്പെടണമെന്ന് നായിക് ആഹ്വാനം ചെയ്തു.
കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശക്തമല്ല. അതുകൊണ്ടുതന്നെ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 20 കോടി ആയിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 25 മുതല്‍ 30 കോടി വരെ ആയിരിക്കുമെന്നും സക്കിര്‍ നായിക് പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മുസ്ലിങ്ങള്‍ പ്രത്യേകമായി മറ്റൊരു പാര്‍ട്ടി ഉണ്ടാക്കണം. ഫാസിസ്റ്റ് അല്ലാത്തതും സാമുദായികമല്ലാത്തതുമായ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഈ രാഷ്ട്രീയ പാര്‍ട്ടി കൈകോര്‍ക്കണം. മുസ്ലിങ്ങളുടെ വോട്ട് ഒരിക്കലും വിഭജിച്ചു പോകരുത്. മുസ്ലിം രാഷ്ട്രീയപാര്‍ട്ടി ദളിതരുമായി കൈകോര്‍ക്കണം ദളിതര്‍ ഹിന്ദുക്കളല്ല. മുസ്ലിങ്ങളും ദളിതരും കൂടിച്ചേരുമ്പോള്‍ 60 ദശലക്ഷത്തോളം ഉണ്ടാകും. ഇത് രാഷ്ട്രീയ സഖ്യത്തില്‍ ഒരു നിര്‍ണായക ശക്തിയാകാനും സഹായിക്കുമെന്നും സക്കിര്‍ നായിക് പറഞ്ഞു.
മുസ്ലിങ്ങള്‍ക്ക് ഇതിനെല്ലമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റൊരു സംസ്ഥാനത്തേയ്ക്ക് പോകാന്‍ സാധിക്കും. ഇതിന് പറ്റിയ ഏറ്റവും നല്ല സംസ്ഥാനം കേരളം ആണെന്നാണ് തനിക്ക് തോന്നുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിങ്ങനെ മൂന്ന് മത വിഭാഗങ്ങള്‍ക്കും കേരളത്തില്‍ തുല്യ പ്രാധാന്യമാണ് ഉള്ളത്. കേരളത്തിലെ ജനതയുടെ മൂന്നിലൊന്നാണ് ഓരോ മത വിഭാഗവും. അതിനാല്‍ ഇവിടെ നിന്നുകൊണ്ട് മുസ്ലിങ്ങള്‍ക്ക് സംഘടിക്കാന്‍ സാധിക്കും.
കേരളത്തില്‍ തീവ്ര സാമുദായിക ചിന്തയുള്ളവര്‍ കുറവാണ്. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും നല്ല മാര്‍ഗം കേരളമാണ്. ബോംബെയും, ഹൈദരാബാദും വര്‍ഗ്ഗീയത കുറവുള്ള സ്ഥലങ്ങളാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയത കൂടുതലാണെന്നും സക്കീര്‍ നായിക്ക് കൂട്ടിച്ചേര്‍ത്തു.
വിവാദ പ്രസ്താവനകള്‍ നടത്തിയ സാക്കിര്‍ നായിക് 2016ലാണ് മലേഷ്യയിലേക്ക് കടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ആക്രമണങ്ങള്‍ക്ക് പ്രരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയ സാക്കിര്‍ നായികിനെ കൈമാറണമെന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: