ഓണമാണ് മലയാളിമനസ്സിലെ ഏറ്റവും പ്രഥമമായ ആഘോഷം. മലയാളിത്തം ഉറവെയടുത്ത കാര്‍ഷിക സംസ്‌കൃതിയാണ് ഓണം. മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒരു ജനവിഭാഗത്തിന് മുന്നില്‍ വച്ചുകൊടുക്കാനുള്ള മാതൃകയാണ് മാവേലിനാടും മാവേലിക്കാലവും. ഏറ്റവും മികച്ചൊരു ഭരണാധികാരി. ആ ഭരണാധികാരിയുടെ ജീവിതശൈലീ മികവിന്റെയും ഭരണമികവിന്റെയും ഫലമായി മാലോകരെല്ലാം ഐക്യത്തോടെയും സമൃദ്ധിയോടെയും കഴിഞ്ഞിരുന്നു. ഭരണാധികാരികള്‍ക്കുള്ള ഒരു സന്ദേശമാണ് ഈയൊരു സങ്കല്‍പം. കേരളം രാഷ്‌ട്രീയമായി രൂപപ്പെട്ടിട്ട് പതിമൂന്നു നൂറ്റാണ്ടുകള്‍ പിന്നിട്ടുവെന്നാണ് ആധുനിക ചരിത്രം പറയുന്നത്. ആദ്യമായി മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെയെല്ലാം ഒരുമിച്ച്‌ചേര്‍ത്ത് ഒരു ഏകീകൃത ഭരണവ്യവസ്ഥക്ക് കീഴില്‍ െകാണ്ടുവരുന്നത് മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) കേന്ദ്രമാക്കി ഭരിച്ചിരുന്ന പെരുമാള്‍ രാജാക്കന്മാര്‍ ആയിരുന്നുവെന്നാണ് ആധുനിക ചരിത്രമതം. പക്ഷെ ഏഴാം നൂറ്റാണ്ടില്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുംവിധം ഈ ഭരണനൈപുണ്യം കേരളം മുഴുവനും വ്യാപിക്കുകയും മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലെയെല്ലാം നാടുവാഴികളെയും ദേശവാഴികളെയും സ്വരൂപങ്ങളെയുമെല്ലാം കൂട്ടിയോജിപ്പിച്ച് കേന്ദ്രീകൃത ഭരണം നടപ്പിലാക്കിയ കാലത്തും അതിനു മുമ്പെപ്പോഴോനിലവിലുണ്ടായിരുന്നൊരു മാവേലിനാടിനെക്കുറിച്ചുള്ള സങ്കല്‍പമുണ്ടായിരുന്നു.
പെരുമാള്‍ രാജാക്കന്മാരുടെ ഭരണത്തിനും പിന്നീട് ശക്തിപ്രാപിച്ച് കോലം മുതല്‍ തൃപ്പാപ്പൂര്‍ വരെയുള്ള വിവിധ സ്വരൂപങ്ങളുടെ ഭരണകാലത്തിനും തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളുടെ കാലത്തിനും പിന്നീട് വന്ന വൈദേശികാധിപത്യത്തിനും അതിനുശേഷമിന്നുള്ള ജനായത്ത ഭരണത്തിനുമൊക്കെ മാതൃകയായി എന്നും ഓണസങ്കല്‍പ്പവും മാവേലിയുടെ ഭരണമികവിന്റെ മേന്മയും മാതൃകയായി ഉണ്ടായിരുന്നു. സമ്പത്തും സമൃദ്ധിയും കൊണ്ടുവരുന്ന ഐശ്വര്യത്തിലഭിരമിച്ച് ഭരണാധികാരി അഹങ്കാരം പൂണ്ടാല്‍ ആ തലക്കനത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്താന്‍ യഥാസമയം ഈശ്വരന്‍ വാമനരൂപത്തിലവതരിക്കുമെന്നും അഹങ്കാരത്തെ അവസാനിപ്പിച്ച് നന്മയരുളി അനുഗ്രഹിക്കുമെന്നും ഈ മാതൃക നമ്മുടെ കാലാകാലങ്ങളില്‍ മാറിമാറിവന്ന ഭരണാധിപന്മാരെയെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
പണ്ടുണ്ടായിരുന്നതിനെ മറക്കാന്‍ നമ്മെ ആരൊക്കെയോ പ്രയത്‌നിച്ച് പഠിപ്പിച്ചതിന്റെ ഫലമായി ഭാവിയില്‍ വരുമെന്ന് സങ്കല്‍പമായി മാത്രം എന്നുമവശേഷിക്കുന്ന വൈദേശികാശയത്തെ നമ്മുടെ ജനതയില്‍ ഒരുവിഭാഗം വിശ്വസിച്ചുപോയതിന്റെ കെടുതികള്‍ നമ്മളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ നാടിന് സംഭവിച്ചുപോയൊരു തെറ്റിന് സാക്ഷ്യമാണ്. ഓണം ഓരോ വര്‍ഷവും നമ്മെയോര്‍മപ്പെടുത്തുന്നത് നമുക്ക് വേണ്ടത് നമുക്കുണ്ടായിരുന്ന നന്മയുടെ പാരമ്പര്യത്തെ വീണ്ടെടുക്കലാണ് എന്ന സത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: