കാസര്‍കോട്: സാമൂഹിക ജീവിതക്രമത്തെ താളംതെറ്റിച്ച കോവിഡ് കാലത്ത് വിരുന്നെത്തിയ ആഘോഷവേളയില്‍ ജനങ്ങളെ ഓണമൂട്ടാന്‍ സപ്ലൈകോയും രംഗത്ത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
പതിനാല് ജില്ലകളിലും സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന് അധ്യക്ഷത വഹിച്ചു. കെപിആര്റാവു റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്താണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ഓണം ഫെയറിന്റെ ജില്ലാതല പ്രവര്‍ത്തനാരംഭം രാജ്മോഹന്‍ ഉണ്ണിത്താന് നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ആദ്യവില്പന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹീം മുഖ്യാതിഥിയായി.
ഫെയറില്‍ ശബരി ഉത്പന്നങ്ങളും മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളും സബ്സിഡിയോടെ ലഭ്യമാണ്. മറ്റു ബ്രാന്‍ഡഡ് ഉത്പന്നങ്ങളും അഞ്ച് മുതല്‍ 30 ശതമാനം വിലക്കിഴിവോടെയാണ് സപ്ലൈകോ ഓണം ഫെയറില്‍ നല്‍കുന്നത്. ഫെയര്‍ ആഗസ്റ്റ് 30 വരെയുണ്ടാവും. ഇതോടനുബന്ധിച്ചുള്ള മില്‍മ സ്റ്റാളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വിലക്കിഴിവിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. പാലട, വീറ്റ് അട, ചക്കപ്പേട, ഇന്‍സ്റ്റന്റ് പായസം തുടങ്ങിയവയുള്‍പ്പെടെ നാല്‍പ്പത്തഞ്ചോളം പാലുത്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. കുടുംബശ്രീ സ്റ്റാളും ഫെയറില്‍ ഒരുക്കുന്നുണ്ട്. പച്ചക്കറികളും ഇവിടെയെത്തിക്കും.
രാവിലെ പത്ത് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തനമുണ്ടാവും. ഉത്സവകാലത്ത് വിപണിയില്‍ ഇടപെടലുകള്‍ നടത്തി അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ഗുണമേന്മയോടെ കൃത്യമായ അളവില്‍ ഒരുകുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്.
കോവിഡ്19 നിര്‍വ്യാപനത്തിന്റെ ഭാഗമായുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് ഓണം ഫെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി ജനങ്ങള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം അഞ്ച് പേരെ മാത്രമായിരിക്കും കടത്തി വിടുക. ഇവര്‍ക്ക് സാനിറ്റൈസര്‍ പ്രവേശന കവാടത്തില്‍ ലഭ്യമാക്കും. ചടങ്ങില്‍ സപ്ലൈകോ ഡിപ്പോ മാനേജര്‍ എം.എം പ്രവീണ്‍ലാല്‍, ഫെയര്‍ ഓഫീസര്‍ ഇ.പ്രഭാകരന്, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: