തൃശൂര്‍: എരുമപ്പെട്ടിയില്‍ ഗൂണ്ടാ നേതാവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വേലുര്‍ തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്റെ മകന് സനീഷ് (27) ആണ് കൊല്ലപ്പെട്ടത്. വേലൂര്‍ കോടശേരിമലയ്ക്കടുത്ത് നായാടി കോളനിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. സനീഷിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ധിച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുള്‍പ്പെടെ മൂന്ന് പ്രതികളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
ഗുണ്ടാസംഘം പ്രതികാരം തീര്‍ത്തതാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കോളനിയിലെ സത്യന് എന്നയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് സനീഷ്. വ്യാഴാഴ്ച വൈകീട്ട് ഇവിടെയെത്തിയ സനീഷും സത്യന്റെ മകളുടെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇരുകൂട്ടരും തമ്മിലുള്ള വഴക്ക് ഏറെ നേരം തുടര്‍ന്നപ്പോള്‍ അയല്‍വാസികള്‍ ഇവിടെ നിന്നു പോയി. പിന്നീട് രാത്രി എട്ടോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സനീഷിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികളിലൊരാള്‍ വാള് വീശി ഭീഷണിപ്പെടുത്തി ഇവരെ ഓടിച്ചു. തുടര്‍ന്ന് സമീപവാസികള്‍ ആംബുലന്‍സിന് ഫോണ്‍ ചെയ്തു.
സ്ഥലത്തെത്തിയ ആംബുലന്‍സ് ജീവനക്കാരെയും പ്രതികള്‍ വിരട്ടി ഓടിച്ചതായി പറയുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി പത്തോടെ പോലീസ് എത്തിയപ്പോഴേക്കും സനീഷ് മരിച്ചിരുന്നു. സത്യന്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഇവിടെ രക്തക്കറ കണ്ടെത്തി. തലയ്ക്കേറ്റ പരിക്കാണ് സനീഷിന്റെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീരപ്പന് സനീഷെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ പിടിച്ചുപറി കേസുകളിലടക്കം പ്രതിയാണ്. എരുമപെട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: