തിരുവനന്തപുരം: ലൈഫ് നിര്‍മാണ പദ്ധതിയുടെ ആദ്യഗഡു തന്നെ സ്വപ്ന കൈക്കൂലിയായി വിദേശത്തേയ്ക്ക് കടത്തി. യുണിടെക് ഉടമ സന്തോഷ് ഈപ്പന് കൈമാറിയ പണം സ്വപ്ന ഡോളറായി വിദേശത്തേയ്ക്ക് കടത്തുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ഉറപ്പിക്കാന്‍ സ്വപ്നയും യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് എന്നിവര്‍ യുണിടെക്കില്‍ നിന്നും കൈക്കൂലി വാങ്ങിയതായും പരാതിയില്‍ പറയുന്നുണ്ട്. പദ്ധതി തുകയുടെ 20 ശതമാനമാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുന്‍കൂറായി നല്കാന് പണം ഇല്ലെന്ന് അറിയിച്ചപ്പോള്‍ പദ്ധതിയുടെ ആദ്യഗഡു കമ്മിഷനായി നല്കാന് സ്വപ്ന തന്നെ നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുകയായിരുന്നു.
തുടര്‍ന്ന് കരമന ആക്സിസ് ബാങ്കിലെ യൂണിടാക്കിന്റെ അക്കൗണ്ടിലേക്കെത്തിയ 3.2 കോടി രൂപ പിന്‍വലിച്ച് ഖാലിദിന് നല്‍കിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരിക്കുന്നത്. ഈ പണം സ്വപ്നയും സരിത്തും ചേര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ വഴി ഡോളറാക്കി മാറ്റി. ഇതിന് കരമന ആക്സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രിയുടെ സഹായം ലഭിച്ചുവെന്നും സ്വപ്ന അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
പണം വിദേശ കറന്‍സികളാക്കി മാറ്റാന്‍ സഹായിച്ചില്ലെങ്കില്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും ഹൈദരാബാദില്‍ തുടങ്ങുന്ന കോണ്‍സുലേറ്റിന്റെ ഇടപാടുകള്‍ ബാങ്കിന് നല്‍കിയില്ലെന്നും സ്വപ്ന ഭീഷണിപ്പെടുത്തി. ആക്സിസ് ബാങ്കിലെ ഒരു മുന്‍ ജീവനക്കാരന് മുഖേന കണ്ണൂമ്മൂലയില്‍ നടത്തിയിരുന്ന മൗറീസ് എന്ന സ്ഥാപനം മുഖേന കുറച്ച് പണം സ്വപ്ന വിദേശ കറന്‍സിയാക്കി മാറ്റിയെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയിട്ടുണ്ട്.
കോണ്‍സുലേറ്റിന് സമീപം മണി എക്സേഞ്ച് സ്ഥാപനം നടത്തുന്ന പ്രവീണ്‍, മറ്റൊരു ഇടനിലക്കാരന് അഖില്‍ എന്നിവര്‍ വഴിയും പണം മാറി. എല്ലാവരെയും അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തു.
യുഎഇ കോണ്‍സുലേറ്റിലെ നിരവധി ഉദ്യോഗസ്ഥര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടത് അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. മുന്‍ അറ്റാഷെ റഷീദ് അല്‍ഷെമയിലിയും കോഴ വാങ്ങിയ ഫിനാന്‍സ് മാനേജര്‍ ഖാലിദും നാടുവിട്ടു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള സാദ് അയദി ഹിസാം അല്‍ക്വിത്താമിക്ക് കഴിഞ്ഞ ദിവസം അറ്റാഷെയുടെ ചുമതല നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: