തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്കായി ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഉണ്ടാക്കിയതിലും ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണത്തിലെ റെഡ്ക്രസന്റ് സഹായവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിവരങ്ങള്‍ ആവശ്യപ്പെടുമെന്ന് സൂചന. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളുടെ മറവില്‍ പാഴ്സല്‍ കടത്തിയതും അന്വേഷിക്കുമെന്നും വിവരം.
വിദേശകാര്യ മന്ത്രാലയം അന്വേഷണത്തിലേക്ക് കടക്കുന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടായേക്കും. എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അന്വേഷണത്തിലേക്ക് നീങ്ങും. റെഡ്ക്രസന്റുമായുള്ള സഹകരണത്തിന് അനുമതി വേണമായിരുന്നെന്നും ദുരന്ത നിവാരണ ആക്ട് പ്രകാരവും സംസ്ഥാനത്തിന്റെ നടപടി തെറ്റായിരുന്നു എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
വിദേശ ധനവിനിമയ നിയമപ്രകാരം മാത്രമേ പണം കൈമാറ്റം ചെയ്യാനും പാടുള്ളൂ. ഇതിന് കേന്ദ്രാനുമതിയും വേണം. ഇതെല്ലാം ലംഘിച്ചാണ് ലൈഫ് മിഷനും റെഡ്ക്രസന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടത്.
മന്ത്രി ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി പ്രോട്ടോകോള്‍ ലംഘിച്ച് ബന്ധം സ്ഥാപിച്ചുവെന്നും അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റുമായി യാതൊരു ഔദ്യോഗിക ഇടപാടും ഇല്ലെന്നാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അന്വേഷണത്തിന് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: