ന്യൂദല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ അടക്കം അഞ്ചു കായിക താരങ്ങള്‍ക്ക് പരമോന്നത പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന ലഭിച്ചു. മലയാളിയായ മുന്‍ അത്ലറ്റ് ജിന്‍സി ഫിലിപ്പ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരമായ ധ്യാന്‍ചന്ദ് അവാര്‍ഡിന് അര്‍ഹയായി.
ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര , ഗുസ്തി താരം വിനേഷ് ഫോഗട്ട്, പരാലിമ്പിക്സ് താരം മാരിയപ്പന് തങ്കവേലു എന്നിവരാണ് ഖേല്‍ രത്ന പുരസ്കാരത്തിന് അര്‍ഹരായ മറ്റ് കായിക താരങ്ങള്‍.
ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മ, ദീപ്തി ശര്‍മ, സ്പ്രിന്റര്‍ ദ്യുതി ചന്ദ്, ഷൂട്ടര്‍ മനു ഭാക്കര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപത്തിയേഴ്സ് കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. നേരത്തെ ഖല്‍ രത്ന പുരസ്കാരം നേടിയിട്ടുള്ള സാക്ഷി മാലിക്കിനും മീരാഭായ് ചാനുവിനും അര്‍ജുന പുരസ്കാരം നല്‍കേണ്ടതില്ലെന്ന് കായിക മന്ത്രാലയം തീരുമാനിച്ചു.
ദ്രോണാചാര്യ അവാര്‍ഡിന് 8 പേരാണ് ഇത്തവണ അര്‍ഹരായത്. ധര്‍മേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായി (അത്ലറ്റിക്സ്), ശിവ് സിങ് (ബോക്സിങ്) രമേശ് പത്താനിയ (ഹോക്കി) കൃഷന് കുമാര്‍ ഹൂഡ (കബഡി), വിജയ് ബാലചന്ദ്ര മൂനീശ്വര് (പാരാ പവര്‍ലിഫ്റ്റിങ്), നരേഷ് കുമാര്‍ (ടെന്നീസ്), ഓം പ്രകാശ് ദാഹിയ (ഗുസ്തി) എന്നിവരാണവര്‍.
2000 ത്തിലെ സിഡ്നി ഒളിമ്പിക്സില്‍ പരംജിത്ത് കൗര്‍, റോസക്കുട്ടി, കെ.എം. ബീനാമോള്‍ എന്നിവര്‍ക്കൊപ്പം 4-400 മീറ്ററില്‍ മത്സരിച്ച താരമാണ് ജിന്‍സി ഫിലിപ്പ്. നിലവില്‍ തൃശൂര്‍ സായിയിലെ പരിശീലകയാണ്.
ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് കായിക പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ബഹുമതികള്‍ രാഷ്ട്രപതി ഇത്തവണ നല്‍കുന്നത് വെര്‍ച്വല്‍ സംവിധാനത്തിലൂടെയാകും. രാഷ്ട്രപതി ഭവനിലെ സെന്റര്‍ ഹാളില്‍ നടന്നിരുന്ന പരിപാടിയാണ് കൊറോണ സുരക്ഷ കാരണം വിവിധ സംസ്ഥാനങ്ങളിലെ ദേശീയ കായിക അതോറിറ്റി കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നത്. അതാത് കേന്ദ്രത്തിലെ മേധാവിമാരുടെ നേതൃത്വത്തില്‍ കായികതാരങ്ങളെ സ്വീകരിക്കുകയും ദല്‍ഹിയിലെ ചടങ്ങില്‍ എല്ലാവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: