ബ്രഹ്മസ്വരൂപത്തെക്കുറിച്ച് അടുത്ത രണ്ട് ശ്ലോകങ്ങളിലും വിവരിക്കുന്നു.
ശ്ലോകം 239
ജ്ഞാനതൃജ്ഞാനജ്ഞേയ ശൂന്യമനന്തം നിര്‍വികല്പകം
കോലാഖണ്ഡ ചിന്മാത്രം പരം തത്ത്വം വിദുര്‍ബുധാഃ
ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നീ ഭേദങ്ങളില്ലാത്തതും അനന്തവും നിര്‍വികല്പവും കേവല അഖണ്ഡ ചിന്മാത്രവുമായ പരമതത്ത്വത്തെ ജ്ഞാനികള്‍ സാക്ഷാത്കരിക്കുന്നു. ജ്ഞാതാവ് എന്നാല്‍ അറിയുന്നയാള്‍. ജ്ഞേയം അറിയേണ്ട വസ്തു.
ജ്ഞാനം എന്നത് അറിവ്. മുന്നെണ്ണം ചേര്‍ന്നതിനാല്‍ ഇവയെ ഒരുമിച്ച് ത്രിപുടി എന്ന് പറയും. ത്രിപുടിയ്‌ക്ക് അതീതമാണ് ആത്മാവ്.
അറിയുന്നയാളാണ് ഞാന്‍ എന്നതായ ജ്ഞാതൃഭാവം ഇല്ലാതായാല്‍ അറിയാനുള്ളവയോ അറിയാനുള്ള ഇന്ദ്രിയങ്ങളോ വേറെ ഉണ്ടാകില്ല.
സ്വപ്‌നം നിലനില്‍ക്കുന്നിടത്തോളം സ്വപ്‌ന വസ്തുക്കള്‍ അനുഭവിക്കും. സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ പിന്നെ സ്വപ്‌നാഭിമാനിയും സ്വപ്‌ന വസ്തുക്കളുമൊക്കെ തന്നില്‍ തന്നെ അടങ്ങും. സ്വപ്‌നതുല്യമാണ് ഈ ലോകവും അതിലെ അനുഭവങ്ങളും.നാനാത്വം നിറഞ്ഞ നാമരൂപത്മകമായ ജഗത്തിനെ ശരീരം മനസ്സ് ബുദ്ധി ഉപാധികളിലൂടെയാണ് ജീവന്‍ അനുഭവിക്കുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വപ്‌നം തന്നെയാണ്.ഇതില്‍ നിന്ന് ജീവന്‍ ഉണരണം.താന്‍ തന്നെയായിരുന്നു സ്വപ്‌നവും സ്വപ്‌ന വസ്തുക്കളും കണ്ടയാളും എന്ന് അപ്പോള്‍ ബോധ്യമാകും. ഇങ്ങനെ ത്രിപുടികള്‍ക്ക് അതീതമായ അവസ്ഥയെ പ്രാപിക്കണം.ശുദ്ധ ബോധ സ്വരൂപത്തെ നേടിയാല്‍ പിന്നെ അറിയാനുള്ള വസ്തുക്കളോ ജ്ഞാനേന്ദ്രിയങ്ങളോ ഇല്ല. അവയെല്ലാം ആത്മസ്വരൂപമായ തന്നില്‍ തന്നെ അടങ്ങിയൊടുങ്ങും.
ഈ പ്രബുദ്ധമായ അവസ്ഥ എക്കാലത്തും നിലനില്‍ക്കുന്നതാണ്. ഒരിക്കല്‍ നേടിയാല്‍ പിന്നെ നഷ്ടപ്പെടില്ല. ഈ അവസ്ഥയെ മനസ്സിന്റെ ചഞ്ചലങ്ങളായ കല്പനകള്‍ക്കതീതമായ, വികല്പങ്ങളൊന്നുമില്ലാത്ത നിര്‍വികല്പം എന്ന് വിശേഷിപ്പിക്കുന്നു.
ഇടമുറിയാത്ത നിര്‍വിഷയജ്ഞാനം തന്നെയാണ് അതിന്റെ സ്വരൂപം. അത് ഒന്നു മാത്രമേയുള്ളൂ. ഇടമുറിയാതിരിക്കുന്ന ചൈതന്യമാണത്. കേവല അഖണ്ഡ ചിന്മാത്രം എന്നത് ഇതിനെ കുറിക്കുന്നു. അങ്ങനെയുള്ള പരമ തത്ത്വത്തെ വിവേകികളായവര്‍ തന്റെ തന്നെ സ്വരൂപമായി സാക്ഷാത്കരിക്കുന്നു. ഈ തത്ത്വദര്‍ശനം തന്നെയാണ് ആത്മാനുഭൂതി.
ശ്ലോകം 240
അഹേയമനുപാദേയം മനോവാചാമഗോചരം
അപ്രമേയമനാദ്യന്തം ബ്രഹ്മപൂര്‍ണ്ണമഹം മഹഃ
തള്ളാനോ കൊള്ളാനോ പറ്റാത്തതും മനസ്സിനും വാക്കിനും പിടികിട്ടാത്തതും അളന്നെടുക്കാന്‍ പറ്റാത്തതും ആദിയും അന്തവുമില്ലാത്തതും പൂര്‍ണവും മഹാജ്യോതിയുമായ ബ്രഹ്മം തന്നെ ഈ ആത്മാവ്. അഹേയം- തള്ളിക്കളയാന്‍ പറ്റാത്തത്. നേതി നേതി എന്ന് പറഞ്ഞ് പഞ്ചകോശങ്ങളുള്‍പ്പടെ പലതിനേയും തള്ളാം. എന്നാല്‍ തള്ളാന്‍ പറ്റാതെ അവശേഷിക്കുന്നതാണ് ആത്മതത്ത്വം.
അനുപാദേയം – എടുക്കാന്‍ പറ്റാത്തത്. എന്റെ കൈവശം ഇല്ലാത്തതുമാത്രമേ എടുക്കാനാവൂ. ആത്മാവ് സദാ എന്റെ സ്വരൂപമായി ഉള്ളതാണ്. അതിനാല്‍ അതിനെ കൈക്കൊള്ളാനുമാകില്ല. ആത്മതത്ത്വം അഥവാ ബ്രഹ്മം മനസ്സിനും വാക്കിനുമൊന്നും വിഷയമല്ല. അതിനെ അളക്കാനോ പറ്റില്ല. ആദിയും അന്തവുമില്ലാത്ത ബ്രഹ്മം എങ്ങും പരിപൂര്‍ണ്ണമായി നിറഞ്ഞ് നില്‍ക്കുന്നു. അത് നമ്മുടെ സ്വരൂപം തന്നെയാണ്. അതിനെ അങ്ങനെ തന്നെ ബോധ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: