ന്യൂദല്‍ഹി : പ്രവര്‍ത്തന രഹിതമായ കമ്പനികളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് കോടികളുടെ ഫണ്ടുകള്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്കിയ പരാതിയില്‍ ദല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര് ദല്‍ഹി പോലീസിന്റെ പിടിയിലായിട്ടുണ്ട്. മുകേഷ്, സുധാന്‍ഷു ബന്‍സാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മുകേഷ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഇരുവരും ചേര്‍ന്ന് വ്യാജ കമ്പനികള്‍ നിര്‍മ്മിക്കുകയും 2 കോടിയോളം രൂപ ആം ആദ്മി പാര്‍ട്ടിക്കായി കൈമാറുകയും ചെയ്യുകയായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഫണ്ട് കൈമാറ്റം നടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
2014 ഏപ്രിലിലാണ് ഇവര്‍ പണം കൈമാറിയത്. പ്രവര്‍ത്തിക്കാത്ത നാല് കമ്പനികളുടെ പേരില്‍ അമ്പത് ലക്ഷം രൂപ വീതം രണ്ട് കോടിയാണ് ഇവര്‍ കൈമാറിയിട്ടുള്ളത്. പണം ഇടപാടിനായി ഇരുവരും നല്‍കിയിട്ടുള്ള മേല്‍വിലാസം വ്യാജമാണെന്ന്് ജോയിന്റ് കമ്മിഷണര്‍ ഒ.പി. മിശ്ര അറിയിച്ചു.
ചാര്‍ട്ടേഡ് അ്ക്കൗണ്ടന്റായ മുകേഷ് കുമാറിന്റെ ജോലിക്കാരായ യോഗേഷ് കുമാര്‍, മോഹിത് കുമാര്‍, ധര്‍മ്മേന്ദര്‍ തുടങ്ങിയവരുടെ പേരിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആംആദ്മി പാര്‍ട്ടി പരുങ്ങലില്‍ ആയിട്ടുണ്ട്. അഴിമതിക്കെതിരെ എന്ന പേരില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ പാര്‍ട്ടി തന്നെ ഇത്തരത്തില്‍ ഫണ്ട് കൈമാറ്റം നടത്തിയതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: