കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ അടച്ചിടലിനു ശേഷം കൊവിഡ് വ്യാപനം തടയിടാന്‍ കഴിഞ്ഞുവെങ്കിലും ബുധനാഴ്ച ബിരിച്ചേരിയിലെ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്കത്തിലൂടെ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയും വര്‍ധിച്ചു. വാര്‍ഡ് 19 ല്‍ ബീരിച്ചേരിയിലെ ഒരു വീട്ടിലെ 10 പേരുള്‍പ്പടെ 11 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുടുംബത്തിലെ യുവതിക്ക് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അടുത്തിടപഴകിയ 18 പേരെ ടെസ്റ്റിന് വിധേയയമാക്കിയിരുന്നു. ഇതില്‍ 9 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ തങ്കയത്തെ ഒരു യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തെത്തുടര്‍ന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ച വിറ്റാകുളത്തെ ബീഫാത്തിമയുടെ വീടുമായി ഇടപഴകിയവരെ ഇന്നലെ പരിശോധന നടത്തി. പഞ്ചായത്തില്‍ ഇതുവരെ 161 പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. അഞ്ചുപേര്‍ മരണപ്പെട്ടു.
പത്തുപേര്‍ക്ക് കൊവിഡ് ബാധിച്ച പിലിക്കോട് പഞ്ചായത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പെടുത്തിയിട്ടുണ്ട്. രണ്ട് ലോഡിങ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് ടൗണ്‍ അണുനശീകരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: