കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ് ഓഫീസ് കണ്ടെയിന്മെന്റ് സോണ്‍ എന്ന പേരില്‍ അടച്ചിട്ട നടപടി തെറ്റാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓഫീസുകളുടെയോ ബാങ്കുകളുടെയോ പ്രവര്‍ത്തനം നിരോധിച്ചിട്ടില്ല. ഏതെങ്കിലും ഓഫീസില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോകേണ്ടതും, അണുനശീകരണം നടത്തിയ ശേഷം ഓഫീസ് പ്രവര്‍ത്തിക്കേണ്ടതുമാണ്.
കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ യോഗങ്ങള്‍ ചേരാവുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗങ്ങള്‍ നടത്തുന്നതിന് പരമാവധി ശ്രദ്ധിക്കേണ്ടതും സാധ്യമല്ലാത്ത അവസരത്തില്‍ മാത്രം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് യോഗം നടത്താവുന്നതുമാണ്. മാസ്ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ പാലിക്കണം. ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ മംഗലാപുരത്ത് ജോലി ചെയ്യുന്നതിനായി സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കായി ബസ് സര്‍വീസിന് അനുമതി നല്‍കില്ല.
കടലില്‍ പോകുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ബന്ധിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ കടലില്‍ പോകുന്ന അതേ കരയിലേക്ക് തന്നെ തിരിച്ച് വരേണ്ടതാണ്.
65നുമേല്‍ പ്രായമുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പൊതുഇടങ്ങളില്‍ വരാന്‍ പാടില്ല. കടകളില്‍ ഒരു സമയത്ത് പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം കടയുടെ പുറത്ത് എഴുതി പ്രദര്‍ശിപ്പിക്കണം. അതില്‍ കൂടുതല്‍ ആള്ക്കാര് വന്നാല്‍ ടോക്കണ്‍ നല്‍കേണ്ടതും, ശാരീരിക അകലം പാലിച്ചു കൊണ്ട് ക്യൂ ആയി നില്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യത്തിന് കര്‍ണാടകയില്‍ നിന്ന് വരുന്ന ടെക്നീഷ്യന്മാര്ക്ക് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലിലൂടെ റെഗുലര്‍ വിസിറ്റ് പാസിന് അപേക്ഷിക്കുമ്പോള്‍ ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് അപ്ലോഡ് ചെയ്താല്‍ പാസ് അനുവദിക്കും.
‘നമ്മുടെ ഓണത്തിന് നാട്ടിലെ പൂക്കള്‍’ എന്ന പേരില്‍ ക്യാംപയിനിന് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ കൊണ്ടു വരാതെ പ്രാദേശികമായി ലഭിക്കുന്ന പൂക്കളും സംസ്ഥാനത്തിനകത്ത് നിന്ന് ലഭിക്കുന്ന പൂക്കളും മാത്രം വില്പന നടത്തുന്നതിന് കച്ചവടക്കാര്‍ നടപടി സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: