വൈക്കം ഗോപകുമാര്‍ എന്ന ഗോപന് ചേട്ടന് ഓര്‍മയായിട്ട് ഒരു വര്‍ഷം. വൈക്കം മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കൊട്ടാരത്തില്‍ വീട്ടില്‍ ജനിച്ച ഗോപകുമാര്‍ സാമൂഹ്യരാഷ്ട്രീയ മേഖലയില്‍ തിളങ്ങി നിന്ന വ്യക്തിയായിരുന്നു.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനായി. പിന്നീട് സംഘത്തിന്റെ സജീവപ്രവര്‍ത്തകനായി. തുടര്‍ന്ന് 1968 ല്‍ ആര്‍എസ്എസ്സിന്റെ പൂര്‍ണ്ണ സമയപ്രവര്‍ത്തകനായി (പ്രചാരകനായി) കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. താലൂക്ക് പ്രചാരകനായും പിന്നീട് ജില്ലാ പ്രചാരകനുമായി. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ 1975ല്‍ അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ പോലീസ് അദ്ദേഹത്തെ പിടികൂടുകയും മിസാ തടവുകാരനായി ജയിലില്‍ അടയ്ക്കുകയും ചെയ്തു. അടിയന്തരാവസ്ഥ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്നാവശ്യമുന്നയിച്ച് രൂപീകരിച്ച അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയുടെ രക്ഷാധികാരിയായി മരണം വരെ അദ്ദേഹം പ്രവര്‍ത്തിച്ചു
കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ചരിത്രം എഴുതുമ്പോള്‍ ഗോപകുമാറിനെ ഒഴിവാക്കി ഒരു ചരിത്രം എഴുതുക സാധ്യമല്ല. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന്റെ പോലീസ് നടത്തിയ നരനായാട്ട് കേരള ചരിത്രത്തിലെ കറുത്ത ഏടുകളാണ്. അതിക്രൂരവും ഭയാനകവുമായ പീഡനമുറകള്‍ ഏല്‍ക്കേണ്ടിവന്ന ഗോപന് ചേട്ടന് നിത്യരോഗിയായി മാറി. അതിന്റെ ആഘാതത്തിലാണ് മരണം വരെ ജീവിച്ചത്. ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും രോഗവും പേറി ഒരു ജീവിതം ജീവിച്ചു തീര്‍ക്കുകയായിരുന്നു.
ഗോപന് ചേട്ടനുമായി എനിക്ക് അടുത്ത ബന്ധം തുടങ്ങുന്നത് അദ്ദേഹം ബിജെപിയുടെ ഉത്തരവാദിത്വത്തിലേക്ക് വരുമ്പോഴാണ്. ചെറുപ്പക്കാരുടെ ഇടയില്‍ ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു അദ്ദേഹം. എനിക്ക് അത് നല്ലത് പോലെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. 1994 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിന്റെ ഇന്‍ചാര്‍ജ്ജ് ആയി സ്ഥാനാര്‍ത്ഥി വി.കെ വിഷ്ണുനമ്പൂതിരിക്ക് വേണ്ടി ചെങ്ങന്നൂരില്‍ താമസിച്ചു പ്രവര്‍ത്തിക്കുകയാണ്. വി.എന്‍ ഉണ്ണിയാണ് ജില്ലാ പ്രസിഡന്റ്. ആ കാലയളവില്‍ ചെമ്പ് കായല്‍ പതിച്ചുകൊടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും മത്സ്യബന്ധനം നിലയ്ക്കുന്നതുമായ ഈ ഹീന നടപടിക്ക് എതിരെ അക്കാലത്ത് നാട്ടുകാരെയും മത്സ്യപ്രവര്ത്തകരെയും സംഘടിപ്പിച്ച് നടത്തിയ സമരം മാസങ്ങളോളം നീണ്ടുനിന്നു. ഒ. രാജഗോപാല്‍ അടക്കം നിരവധി സംസ്ഥാന നേതാക്കള്‍ അവിടെ വന്നിരുന്നു. കേന്ദ്രമന്ത്രി മേനക ഗാന്ധി ഇടപെട്ടതോടെ സര്‍ക്കാര്‍ ആ നീക്കം ഉപേക്ഷിച്ചു. വി.പി സിംഗ് പ്രധാനമന്ത്രിയും മേനകഗാന്ധി പരിസ്ഥിതി മന്ത്രിയും ആയിരുന്ന കാലത്ത് ഗോപന്‍ചേട്ടന്റെ നേതൃത്വത്തില്‍ നടന്ന ചെമ്പ്കായല് സമരം അവിസ്മരണീയമാണ്.
അതുപോലെ അദ്ദേഹം ഏറ്റെടുത്ത മറ്റൊരു സമരമായിരുന്നു ഒരു സെന്റും കിണറും. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ വൈക്കം സത്യഗ്രഹകാലത്ത് ശ്രീനാരായണഗുരുദേവന്‍ നിര്‍മ്മിച്ച പൊതുകിണര്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനും വേണ്ടി നടത്തിയ സമരവും വിജയം കണ്ടു. ഇന്ന് ഇത് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് കാരണക്കാരന്‍ വൈക്കം ഗോപകുമാര്‍ തന്നെ. അന്നൊക്കെ പൊതുയോഗങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഗോപന്‍ചേട്ടന്റെ പ്രസംഗത്തിന്റെ കാസറ്റ് ആണ് ഇട്ടിരുന്നത്. അത്രയ്ക്കും ആരാധ്യനും ആവേശം നിറയ്ക്കുന്നയാളുമായിരുന്നു അദ്ദേഹം.
ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അക്കാലത്ത് പാര്‍ട്ടി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ഒരിക്കല്‍ ഉച്ചഭക്ഷണത്തിന് കോട്ടയത്ത് ഒരു കടയില്‍ വടവാതൂര്‍ ചന്ദ്രനൊപ്പം കയറി. രണ്ടുപേരുടെ കയ്യിലും പണം ഇല്ല. അവസാനം കടം പറഞ്ഞ് ഇറങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല.
ഭാര്യയും മൂന്ന് കുട്ടികളും അമ്മയും അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും ചെറുതല്ല. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമായി നിന്ന സഹോദരന് പൊതുപ്രവര്‍ത്തനത്തിലും ഗോപന്ചേട്ടന് വലിയ സഹായമായിരുന്നു. ഗോപന്‍ചേട്ടന്റെ ജീവിതം വൈക്കത്തിന്റെ ആധുനിക ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിലെ കൊടിമരം പോയസമയത്ത് ദേവസ്വംബോര്‍ഡും തന്ത്രിസമൂഹവും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. ഗോപന്ചേട്ടന് ഇടപെട്ട് വേഗം തന്നെ പ്രശ്നം പരിഹരിച്ചു. ആ കാലങ്ങളില്‍ ഗോപന്‍ചേട്ടന്റെ നേതൃത്വത്തില്‍ ഭക്തരെ സംഘടിപ്പിച്ച് ദീപാരാധനസമയത്ത് നടത്തിവന്ന പ്രദക്ഷിണം ഇന്നും തുടര്‍ന്നു വരുന്നു.
വിശ്വഹിന്ദുപരിഷത്തിന്റെ ചുമതലയില്‍ ആരംഭിച്ച സംസ്കൃതരക്ഷായോജനയുടെ മേഖല സംഘടന സെക്രട്ടറി, ക്ഷേത്രസംരക്ഷണസമിതിയുടെ ചുമതലക്കാരന്, ബിജെപി നേതാവ്, ക്ഷേത്രശക്തി എന്ന മാസികയുടെ സംഘാടകന്‍ തുടങ്ങി നിരവധി സാമൂഹ്യരാഷ്ട്രീയ മേഖലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച വൈക്കം ഗോപകുമാറിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഏതുവിഷയത്തിലും വിജയം നേടും വരെ പോരാടിയ അദ്ദേഹം, ക്യാന്‍സറുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടു. ഹോമിയോ മരുന്ന് കഴിച്ച് വീട്ടില്‍ കഴിയുന്ന ആ കാലയളവില്‍ ഞാന്‍ നിരവധി തവണ വീട്ടില്‍ പോയിരുന്നു. കഠിനമായ വേദന സഹിച്ചും ചെറുപുഞ്ചിരിയോടെ പെരുമാറിയ അദ്ദേഹത്തിന്റെ സഹനശക്തി അപാരമായിരുന്നു. ഭാര്യ ഉഷയും മൂന്ന് പെണ്‍കുട്ടികളും അദ്ദേഹത്തിന്റെ വിജയപരാജയങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നു. വളരെ ചെറുപ്പത്തില്‍ ഹൃദയത്തിലേറ്റിയ ആദര്‍ശത്തിന് വേണ്ടി പോരാടി ജീവന് തന്നെ സമര്‍പ്പിച്ച പോരാളിയുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം.
ഏറ്റുമാനൂര്‍ രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: