തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കാര്യം തീരുമാനിച്ചാല്‍ അതു നടപ്പാക്കിയിരിക്കുമെന്നുള്ളതാണെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അതുകൊണ്ട് വിവാദമുണ്ടാക്കി സ്വര്‍ണ്ണക്കള്ളക്കടത്തുകേസില്‍ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ടന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നോട്ടുനിരോധനകാലത്തെയും സിഎഎ കാലത്തെ ബഹളങ്ങളും വെല്ലുവിളികളും പോലെ തിരുവനന്തപുരം വിമാനത്താവള വിഷയം കണ്ടാല്‍ മതിയെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എന്തെല്ലാം പ്രതിഷേധങ്ങളാണ് കേരളം കണ്ടത്. അവസാനം എന്തുണ്ടായെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് മാത്രം. ഓര്‍മ്മയില്ലേ നോട്ടുനിരോധനകാലത്തെ ബഹളങ്ങള്‍.
അന്ന് പ്രാഥമികസഹകരണസംഘങ്ങള്‍ കെ. വൈ. സി നടപ്പാക്കണം എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തെരുവുയുദ്ധം. അവസാനം എല്ലാ സഹകരണസംഘത്തിലും കെ. വൈ. സി. നടപ്പാക്കി. അര്‍ബ്ബന്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റികളെ മുഴുവന്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുമാക്കി.
നോട്ടുനിരോധിച്ചതും കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതുകൊണ്ടുമാണ് ഇപ്പോള്‍ പുതിയ സ്വപ്നമാര്‍ഗ്ഗങ്ങളുമായി ഇക്കൂട്ടര്‍ രംഗത്തുവന്നത്. ഇനി സി. എ. എ. വിരുദ്ധസമരങ്ങളുടെ കാര്യം നോക്കാം. അന്ന് പിണറായി എന്തെല്ലാം വെല്ലുവിളികളാണ് നടത്തിയിരുന്നത്. അവസാനം പൗരത്വനിയമം എത്ര ശാന്തമായാണ് ഇന്ത്യയില്‍ നടപ്പിലായത്.
പറഞ്ഞുവന്നത് തിരുവനന്തപുരം വിമാനത്താവളത്തെക്കുറിച്ചാണ്. പിണറായി പലതും പറയും. അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കാര്യം തീരുമാനിച്ചാല്‍ അതു നടപ്പാക്കിയിരിക്കുമെന്നുള്ളതാണ്. അതുകൊണ്ട് വിവാദമുണ്ടാക്കി സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സില്‍ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: