തിരുവനന്തപുരം : ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് നടന് കൃഷ്ണകുമാര്‍. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനുമൊത്ത് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ പറ്റില്ല. അദ്ദേഹം എന്നാല്‍ ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ്. എവിടെയോ ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് 2014ല്‍ അദ്ദേഹം നേതൃത്വത്തിലേക്ക് എത്തുന്നത്.
സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഒരു പാഡിന് ഒരുരൂപ നിരക്കില്‍ പത്ത് പാഡ് പത്ത് രൂപയ്ക്ക് ലഭ്യമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധാലുവാണ് അദ്ദേഹമെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.
ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്നയാളാണ് താനെന്നും, അഞ്ച് സ്ത്രീകള്‍ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. അവര്‍ക്കിടയില്‍ അതിന്റെ പ്രാധാന്യം എനിക്കറിയാം. ഇതേ ആര്‍ത്തവത്തെ മോശമാക്കി ചിത്രീകരിച്ചാണ് കേരളത്തില്‍ അടുത്തിടെ ഒരു സംഭവവും അരങ്ങേറിയിരുന്നു.
ഒരുപാട് സ്ത്രീകള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രശ്നത്തിനാണ് പ്രധാനമന്ത്രി പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.
കൂടാതെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നമുക്കെല്ലാം അഭിമാനപൂര്‍വ്വം പറയാം. ഇതിലേക്കെല്ലാം വഴിവെച്ചത് രാജ്യത്ത് മോദിയുടെ നേതൃത്വത്തില്‍ അസാധാരണമായ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് കൊണ്ട് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ മകളും നടിയുമായ അഹാനയുടെ എഫ്ബി പോസ്റ്റിനെ കുറിച്ചും കൃഷ്ണകുമാര്‍ അറിയിച്ചു. അവര്‍ ചെയ്തത് തെറ്റാണെന്ന് താന്‍ പറയില്ല. ശരിയാണ് അവര്‍ ചെയ്തത്. എന്നാല്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ പൊതു സമൂഹത്തിനു മുന്നില്‍ മതത്തേയും രാഷ്ട്രീയത്തേയും കുറിച്ച് എഴുതാന്‍ സാധിക്കില്ല. ഇത് ആരേയും ഭയന്നിട്ടല്ല. കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്. സിനിമയില്‍ തുടരാനാണ് താത്പ്പര്യമെങ്കില്‍ ഇതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം. അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പറയാനുള്ളത് തുറന്ന് പറയണം.
സോഷ്യല്‍ മീഡിയ പോസ്റ്റിനു ശേഷം അഹാനയ്ക്കെതിരെ മാത്രമല്ല, തന്റെ മറ്റ് മക്കള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കാലം മാറിയെന്നത് ഈ വിഭാഗത്തിന് മനസ്സിലായിട്ടില്ല. വിഷയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ചെറിയൊരു ഫോണ്‍കോള്‍ ആണെങ്കിലും അത് ധൈര്യം തന്നെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: