തിരുവനന്തപുരം: നഗരസഭയും ആരോഗ്യവകുപ്പും കൊവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ അടിസ്ഥാനസൗകര്യം പോലും നല്‍കുന്നില്ലെന്ന് പരാതി. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗികളാണ് തങ്ങളുടെ പരാതികള്‍ സോഷ്യല്‍ മീഡിയ വഴി മുഖ്യമന്ത്രിയെയും ജില്ലാ കളക്ടറേയും അറിയിക്കാന്‍ ശ്രമിക്കുന്നത്.
കുഞ്ഞുകുട്ടികള്‍ മുതല്‍ പലവിധ അസുഖങ്ങളുള്ള പ്രായം ചെന്നവര്‍ വരെ ചികിത്സയ്ക്കെത്തിയ സെന്ററിലാണ് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നില്ലെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ലെന്നുമുള്ള പരാതി ഉയരുന്നത്. പകുതി വെന്ത ആഹാരമാണ് മിക്കപ്പോഴും നല്‍കുന്നത്. രോഗികളായ പലരും ഇത് കഴിക്കാന്‍ കഴിയാതെ കളയുകയാണ് ചെയ്യുന്നത്. അമിത രക്തസമ്മര്‍ദമുള്ള രോഗികള്‍ക്കു അധികമായി ഉപ്പ് കലര്‍ന്ന ഭക്ഷണമാണ് നല്‍കുന്നത്. കൃത്യസമയത്തുതന്നെ ഭക്ഷണം കഴിക്കാനാകാതെ പ്രമേഹരോഗികള്‍ വലിയ കഷ്ടതയാണ് അനുഭവിക്കുന്നത്.
പലപ്പോഴും ഭക്ഷണം കഴിക്കാനാകാതെ രോഗികള്‍ പട്ടിണി കിടക്കുകയാണെന്നും വീഡിയോയിലൂടെ പറയുന്നു. പ്രമേഹരോഗികള്‍ക്കും മറ്റുള്ളവരെപ്പോലെ മധുരമിട്ട ചായയാണ് നല്‍കുന്നത്. ചായ എല്ലാ പേര്‍ക്കും കിട്ടാറുമില്ല. പല പ്രാവശ്യം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാത്തതു കാരണം മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മരുന്നു കഴിക്കാനും ആവുന്നില്ല. രോഗികള്‍ക്ക് ആഹാരം നല്കാന് സര്‍ക്കാരിന് കഴിയില്ലെങ്കില്‍ വീട്ടുകാരെയെങ്കിലും ഭക്ഷണം കൊണ്ടുവന്ന് നല്കാന് അനുവദിക്കണം എന്നാണ് രോഗികള്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.
നഗരസഭാ പരിധിയിലുള്ള സിഎഫ്എല്‍ടി സെന്ററുകളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ട ചുമതല നഗരസഭയ്ക്കാണ്. നഗരസഭ ഇത് ഏല്‍പ്പിച്ചിരിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. സിപിഎം നേതൃത്വം നല്കുന്ന നഗരസഭാ ഭരണസമിതി തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് ഇത് നല്കിയിരിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. രോഗികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കാതെ ധനലാഭം മാത്രം നോക്കിയാണ് ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.
സിഎഫ്എല്‍ടി സെന്ററില്‍ കൃത്യമായ ശുചീകരണം നടക്കുന്നില്ല എന്നും ദിവസങ്ങളോളം പഴക്കമുള്ള ആഹാര അവശിഷ്ടങ്ങളും മറ്റ് പാഴ്വസ്തുക്കളും രോഗികള്‍ കിടക്കുന്നിടത്തു നിന്നും എടുത്തു മാറ്റാതിരിക്കുകയാണെന്നും രോഗികള്‍ പരാതിയില്‍ പറയുന്നു. ശൗചാലയങ്ങള്‍ വൃത്തിഹീനമായാണ് സൂക്ഷിക്കുന്നത്. നിരവധിപേര്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ കൃത്യമായി ശുചിയാക്കുന്നില്ല. പ്രശ്നത്തില്‍ അടിയന്തരമായി മുഖ്യമന്ത്രിയും ജില്ലാ കളക്ടറും ഇടപെട്ട് പരിഹാരം കാണണമെന്നാണ് വീഡിയോയിലൂടെ രോഗികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: