കാസര്‍കോട്: കുമ്പള നായ്ക്കാപ്പിലെ ഹരീഷി(38)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ശ്രീകുമാറി(26)ന്റെ സുഹൃത്തുക്കളായ മണി എന്ന മണികണ്ഠ(19)ന്റെയും റോഷ(21)ന്റെയും തൂങ്ങി മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഹരീഷിന്റെ കൊലയില്‍ ഇവര്‍ക്കും നേരിട്ട് പങ്കുണ്ടെന്നാണ് ശ്രീകുമാര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി മണലിന്റെ പണിയുണ്ടെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ മരണത്തിന് ഉത്തരവാദി ശ്രീകുമാറാണെന്ന ആരോപണവുമായാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. ചൊവ്വാഴ്ച സന്ധ്യയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീകുമാറിന്റെ സുഹൃത്തുക്കളായ റോഷനും മണി എന്ന മണികണ്ഠനും ശ്രീകുമാറിനൊപ്പം കൊലയില്‍ നേരിട്ട് പങ്കളികളായിരുന്നുവെന്നും കസ്റ്റഡിയിലുള്ള ശ്രീകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് തിരയുന്നുണ്ട്. ഇവരെ കൂടാതെ മറ്റ് ചിലര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് മില്‍ ജീവനക്കാരനായ നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയില്‍ വച്ച് ശ്രീകുമാര്‍ വെട്ടിക്കൊന്നത്. ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാര്‍. ബൈക്കില്‍ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. ഹരീഷിന്റെ തലയിലും കഴുത്തിലും ആഴത്തില്‍ വെട്ടേറ്റിരുന്നു. ശരീരത്തില്‍ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പ്രതിയുടെ സുഹൃത്തുക്കളായ ശാന്തിപ്പള്ളത്തെ റോഷന്, മണികണ്ഠന് എന്നിവരെ വീടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം തങ്ങളിലേക്കെത്തുമെന്ന ഭയത്തില്‍ യുവാക്കള്‍ ആത്മഹത്യ ചെയ്തെന്നാണ് സൂചന.
കൊലപാതകം നടന്ന രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറില്‍ സഞ്ചരിച്ചതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് പ്രതികള്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ രക്തക്കറയുണ്ട്. എന്നാല്‍ മുറിവുകള്‍ പരിശോധിച്ചതില്‍ നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കത്തിയല്ലെന്നാണ് പോലീസ് കണ്ടെത്തല്‍. മുഖ്യപ്രതി ശ്രീകുമാറിനെ പോലീസ് ഹരീഷിന്റെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവ് ശേഖരിച്ചു.
കൊലയ്ക്കുപയോഗിച്ച ആയുധവും തോട്ടില്‍ വലിച്ചെറിഞ്ഞ ചോര പുരണ്ട ഷര്‍ട്ടും കണ്ടെടുത്തു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള തൊട്ടിലാണ് ചോര പുരണ്ട ഷര്‍ട്ട് വലിച്ചെറിഞ്ഞത്. പ്രതി അതെല്ലാം പോലീസിന് കാട്ടികൊടുത്തു. അതിനിടെ കൊലയ്ക്ക് കാരണം വ്യക്തിവിരോധം മാത്രമല്ലെന്നും ഒരു സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് ചുമട്ടിറക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഹരീഷും പ്രതി ശ്രീകുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും അടിപിടിവരെ എത്തിയിരുന്നതായും പറയുന്നു. അന്ന് ഹരീഷിനോട് കാണിച്ചു തരാം എന്ന് ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇത് മാത്രമല്ല മറ്റ് ചില വിഷയങ്ങളും കൊലയ്ക്ക് കാരണമായിട്ടുണ്ടെന്ന വിരങ്ങളും പുറത്ത് വരുന്നുണ്ട്. ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുള്ള പ്രശ്നവും നിലനിന്നിരുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ പോലീസ് കൊലയുടെ കാരണങ്ങള്‍ പറയുന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. കൊലയില്‍ നേരിട്ട് പങ്കാളിയായ ഒരാളെ കൂടി കിട്ടാനുണ്ട്. കൊലയ്ക്ക് ശേഷം ഇയാള്‍ രക്ഷപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: