കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമാകുകയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ തന്നെ നിര്‍ത്തി ചികിത്സ നല്കുന്ന രീതി അവലംബിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. ഇത് പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി.സജിത്ത് ബാബു ആഗസറ്റ് 10 ന് പദ്ധതി ജില്ലയില്‍ നടപ്പിലാക്കാന്‍ ഉത്തരവിറക്കി. കാസര്‍കോടിന്റെ ഈ ധൈര്യം സംസ്ഥാനത്തിനാകെ മാതൃകയായി മാറുകയാണ്.
151 പേരാണ് നിലവില്‍ ജില്ലയ്ക്ക് അകത്തു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഉദുമ ഗ്രാമപഞ്ചായത്ത്, കാസര്‍കോട്, നീലേശ്വരം നഗരസഭ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ വീടുകളില്‍ ചികിത്സയില്‍ ഉള്ളത്. ജാഗ്രതാ സമിതികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയും വിവിധ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയും ഈ പ്രവര്‍ത്തനം മികച്ച രീതിയില്‍ മൂന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.
കൃത്യമായ ആസൂത്രണം മുന്‍കൂട്ടി നടത്തിയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി താഴെ തട്ടിലുള്ള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജാഗ്രത സമിതികളേയും കോര്‍ത്തിണക്കിയാണ് ജില്ലാതലത്തില്‍ ഏകോപനം നടത്തുന്നത്. കോവിഡ് പോസിറ്റീവ് രോഗികളുടെ ലിസ്റ്റ് അതാത് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും രോഗികളുമായി ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് സംസാരിച്ച് ലക്ഷണങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ വീടുകളില്‍ ഐസലേഷന്‍ സൗകര്യം ഉണ്ടെന്ന് ജാഗ്രതാസമിതികള്‍ ഉറപ്പുവരുത്തിയതിന് ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടു കൂടി മാത്രമാണ് വീടുകളില്‍ ചികിത്സ നടത്തുന്നത്. ഇത്തരത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ നില്‍ക്കുന്നവരെ എല്ലാദിവസവും അതാതു മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും. ഇതോടൊപ്പം പോലീസ് വകുപ്പിന്റെ നീരിക്ഷണവും മേല്‍നോട്ടവും നടന്നു വരുന്നുണ്ട്.
പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടം
വീടുകളില്‍ ചികിത്സയില്‍ ഉള്ളവരുടെ അന്വേഷണത്തിന് മാത്രമായി ജില്ലാതലത്തില്‍ കണ്ട്രോള് സെല്ലില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങിയ ടീമിന് പ്രത്യേക പരിശീലനം നല്കി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ധ സംഘം ജില്ലാ തലത്തില്‍ മോണിറ്ററിങ് ടീം ആയി പ്രവര്‍ത്തിക്കുന്നുണ്ട്.
രോഗികളുടെ രക്തത്തിലെ ഓക്സിജന്‍ അളവ് പള്‍സ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാന്‍ ആവശ്യമായ പള്‍സ് ഓക്സിമീറ്റര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്തു വരുന്നു. ഇതിന്റെ റീഡിങ് പരിശോധിക്കുന്നത് എങ്ങനെയെന്ന് രോഗികള്‍ക്ക് കൃത്യമായി പറഞ്ഞു കൊടുക്കുകയും റീഡിങ് വ്യത്യാസം വന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യും.
ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവരെ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്കോ മറ്റു കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. നിലവില്‍ 108 ആംബുലന്‍സുകളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കൂടുതല്‍ സ്വകാര്യ വാഹനങ്ങളെ കൂടി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ ആവശ്യമായ രോഗികള്‍ക്ക് വേണ്ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ജില്ലാ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം. ഫോ ണ് 9946013321.
പ്രതികരിക്കാൻ ഇവിടെ എഴുതുക: