ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് വേണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ പ്രസ്താവന സജീവ ചര്‍ച്ചയായതിനു പിന്നാലെ സ്ഥാനമോഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍. തത്കാലം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നത് പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാക്കി. അതേസമയം, നേതാക്കളുടെ ‘മോഹം’ അതിരുകടക്കുമെന്ന് തോന്നിയതോടെ പ്രിയങ്കയുടെ പ്രസ്താവനയില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് നിലപാടെടുത്തു ഹൈക്കമാന്‍ഡ്. ശശി തരൂര്‍ അടക്കമുള്ള നിരവധി നേതാക്കളുടെ പേരുകള്‍ ഇതിനകം ദേശീയ അധ്യക്ഷ പദവിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കിലും പുതിയ ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം നേതാക്കള്‍.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നൊഴിഞ്ഞ് രാഹുല്‍ വിദേശത്ത് കറങ്ങിനടക്കുന്ന കാലത്താണ് പ്രിയങ്കയുടെ അഭിപ്രായമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. അമേരിക്കന്‍ അക്കാദമി വിദഗ്ധനായ പ്രദീപ് ചിബറും ഹര്‍ഷ് ഷായും ചേര്‍ന്നെഴുതിയ ‘ഇന്ത്യ റ്റുമോറോ; കോണ്‍വര്‍സേഷന്‍ വിത്ത് നെക്സ്റ്റ് ജനറേഷന് ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്സ്’ എന്ന പുസ്തകത്തിലാണ് പ്രിയങ്ക ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതായി രേഖപ്പെടുത്തിയത്. പുസ്തകം അടുത്തിടെ പ്രസിദ്ധീകരിച്ചതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയായി. 2019 ജൂലൈയിലാണ് ലേഖകര്‍ പ്രിയങ്കയുടെയും രാഹുലിന്റെയും അഭിമുഖങ്ങള്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടാംവാരം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഞ്ചു ഗ്രൂപ്പുകളായി ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ശ്രമിച്ചെങ്കിലും നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതില്‍ സമവായമുണ്ടായില്ല. രാഹുല്‍ തുടരണമെന്ന നേതാക്കളുടെ ആവശ്യം തള്ളിയതോടെ പ്രിയങ്ക പ്രസിഡന്റാകണമെന്ന ആവശ്യവും പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്നു. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളുടെ ഭാരം ഏറ്റെടുക്കാന്‍ നെഹ്റു കുടുംബത്തിലെ പുതുതലമുറ തയാറാവാതെ വന്നതോടെ താത്കാലിക പ്രസിഡന്റായി സോണിയ ചുമതലയേറ്റു.
പ്രസിഡന്റ് പദം വേണ്ടെന്ന് പുറമെ പറയുന്നുണ്ടെങ്കിലും കുടുംബത്തിന് പുറത്തേക്ക് അധ്യക്ഷ പദവി പോകുന്നത് രാഷ്ട്രീയ ഭാവി അടയുന്നതിന് കാരണമാകുമെന്ന് ആശങ്കയുണ്ട് രാഹുലിനും പ്രിയങ്കയ്ക്കും. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ ജനറല്‍ സെക്രട്ടറിമാര്‍, അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കള്‍, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളെല്ലാം ദേശീയ അധ്യക്ഷ പദവിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. എന്നാല്‍, രാഹുലിന്റെയും പ്രിയങ്കയുടെയും വാക്കുകള്‍ക്ക് വില നല്‍കാത്ത നേതാക്കളും കോണ്‍ഗ്രസിലുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പല നേതാക്കളും തയാറായിട്ടില്ല.
സീതാറാം കേസരിയെ പുറത്താക്കി സോണിയ അധ്യക്ഷ പദവിയിലെത്തിയ 1998 മുതല്‍ പാര്‍ട്ടിയില്‍ കുടുംബാധിപത്യം മാത്രമാണ്. ഇതു ചോദ്യം ചെയ്യാന്‍ ശേഷിയുള്ള കരുത്തരായ നേതാക്കളെ പലപ്പോഴായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: