തൃശൂര്‍ : മുന്‍കരുതലൊരുക്കുന്നതില്‍ വീഴ്ച വരുത്തി. രോഗ വ്യാപനത്തിന് ആക്കം കൂട്ടിയെന്ന് അമല ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഒ.പി അടക്കമുള്ളവ അടക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.കൊറോണ ക്ലസ്റ്റര്‍ രൂപപ്പെടുകയും സമ്പര്‍ക്ക വ്യാപനം രൂക്ഷമാവുകയും ചെയ്ത അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനറല്‍ ഒ.പി ഉള്‍പ്പെടെ ഉള്ള വിഭാഗങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. ആശുപത്രി സന്ദര്‍ശിച്ച ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കൊറോണ പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏര്‍പ്പെടുത്തുന്നതിന് അഞ്ചുദിവസത്തെ സമയം നല്‍കും. ഈ സമയത്തിനുള്ളില്‍ നിശ്ചിത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം മറ്റു വിഭാഗങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് വ്യാപനം രേൂക്ഷമാക്കിയതെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ചിട്ടും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ല. അധികൃതരെ അറിയിക്കാതെ രഹസ്യമാക്കിവെച്ചു തുടങ്ങിയ കണ്ടെത്തലുകളുമുണ്ട.ജില്ലയില്‍ അമല ക്ലസ്റ്ററിലാണ് രോഗവ്യാപനം ഏറ്റവുമധികം രൂക്ഷമായിട്ടുള്ളത്. നിലവില്‍ രോഗബാധ കണ്ടെത്തിയവരുടെ എണ്ണം നൂറിന് മുകളിലാണ്. ആശുപത്രിയില്‍ രോഗം കണ്ടെത്തിയിട്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ വൈകിയതാണ് സ്ഥിതി വഷളാകാന്‍ കാരണമായത്.
ഡോക്ടര്‍മാരും നേഴ്സുമാരും രോഗികളും കൂട്ടിരിപ്പുകാരും ശുചീകരണ തൊഴിലാളികളും ഡ്രൈവര്‍മാരും രോഗം സ്ഥിരീകരിച്ചവരില്‍ പെടുന്നു. ഇവരുടെയെല്ലാം റൂട്ട്മാപ്പ് കണ്ടെത്തുക എന്നതും ബുദ്ധിമുട്ടാണ്. ജൂലൈ 22 മുതല്‍ അമലയില്‍ ചികിത്സ തേടിയവരെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നതിനാലാണ് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അടാട്ട് പഞ്ചായത്തില്‍ പരിപൂര്‍ണ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: