തൃശൂര്‍: ആമ്പല്ലൂരില്‍ വന്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന 2450 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. 70 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേര് അറസ്റ്റിലായി. രഞ്ജിത്ത്, ദയാന്ദന്, ജയിംസ് എന്നിവരെ സ്പിരിറ്റ് കണ്ടെത്തിയ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള നിരീക്ഷണത്തിലാണ് സ്ഥലം കണ്ടെത്തിയത്. എക്സൈസ് കമ്മീഷണര്‍ രൂപീകരിച്ച സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ടീം ലീഡര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറും സംഘവും നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് സംഘത്തെ കുടുക്കിയത്.
സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നല്കുന്ന വിവരം. പ്രതികളെ പിടികൂടിയ സംഘത്തില്‍ സിഐ എ. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്. മുകേഷ് കുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മധുസൂദനന് നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജസീം, വിശാഖ്,സുബിന്, ഷംനാദ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: