തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന്റെ അധികാരത്തില്‍ കൈകടത്തി ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. വിവാദമായതോടെ ക്ലറിക്കല്‍ മിസ്റ്റേക്കെന്ന് പറഞ്ഞ് ഉത്തരവ് തിരുത്തി പോലീസ് ആസ്ഥാനം. ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാനാകില്ലെന്ന ഉത്തരവ് വിവാദമായതോടെ ഉത്തരവ് തിരുത്തുമെന്ന് പോലീസ് ആസ്ഥാനം അറിയിച്ചു.
ഡിജിപിയോ, സര്‍ക്കാരോ, കോടതിയോ പറഞ്ഞാല്‍ മാത്രമേ ഇനി മുതല്‍ ക്രൈംബ്രാഞ്ചിന് കേസെടുക്കാനാകൂ എന്നായിരുന്നു ഉത്തരവ്. കസ്റ്റഡി മരണങ്ങള് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. അഞ്ചു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതിനു പുറമെ 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസുകളും ക്രൈംബ്രാഞ്ചിന് അന്വേഷിക്കാം. ആയുധമോഷണക്കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഉത്തരവിലുണ്ട്.
ഉത്തരവ് പുറത്തിറങ്ങിയതോടെ ക്രൈംബ്രാഞ്ചിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഒരു പരാതി വന്നാല്‍, അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ സംസ്ഥാന പോലീസ് സംവിധാനം ഒട്ടും വൈകാതെ കേസെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഈ വിധിയുടെ ലംഘനമാണ് ഉത്തരവെന്നും ആരോപണം ഉണ്ടായി. സംഭവം വിവാദമായതോടെ ക്രൈംബ്രാഞ്ചിന് കേസുകള്‍ കൈമാറാനും രജിസ്റ്റര്‍ ചെയ്യാനും ഡിജിപിയുടെ അനുമതി വേണമെന്ന ഉത്തരവ് പൊലീസ് ആസ്ഥാനം തിരുത്തി. ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പോലീസ് ആസ്ഥാനം അറിയിച്ചു.
സംസ്ഥാന ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയ്ക്ക് ഏതെല്ലാം കേസുകളാണ് കൈമാറേണ്ടത് എന്നീ മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ഇന്നലെ സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവിറങ്ങിയത്. ഇതനുസരിച്ച്, സംസ്ഥാന പൊലീസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂവെന്നാണ് എഴുതിയിരുന്നത്. ഇവിടെ ടൈപ്പ് ചെയ്യുന്നതില്‍ വന്ന പിശകാണെന്നാണ് പോലീസ് ആസ്ഥാനം വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: