2020 ആഗസ്റ്റ് അഞ്ച് ആധുനിക ഭാരതീയ ചരിത്രത്തില്‍ ഒരു സുദിനമാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടന്നത് അന്നാണ്.
പ്രധാനമന്ത്രി ദാമോദര്‍ ദാസ് നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ നൂറുക്കണക്കിന് സന്ന്യാസിവര്യന്മാരുടെ കാര്‍മികത്വത്തില്‍ ഈ ധന്യകര്‍മം നടക്കുമ്പോള്‍ ഒരൊറ്റ പ്രാര്‍ത്ഥനയായിരുന്നു എന്റെ മനസ്സില്‍. രാമക്ഷേത്രം ഭൂമിയിലെ ഏറ്റവും വലിയ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായിത്തീരട്ടെ.
മുസ്ലിംങ്ങളുടെ പരിശുദ്ധ മക്കപോലെ
ക്രൈസ്തവരുടെ വത്തിക്കാന്‍ പോലെ
ജറുസലേം പോലെ
അയോധ്യ ആത്മീയതയുടെ ലോക തലസ്ഥാനമാകുന്ന കാലം വളരെ അടുത്തെത്തിയിരിക്കുന്നു. കാരണം ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും രാമഭക്തന്മാരുണ്ട്.
ഇന്തോനേഷ്യ, തായ്ലന്റ്, സിംഗപ്പൂര്‍, ശ്രീലങ്ക, ബര്‍മ, ബംഗ്ലാദേശ്, നേപ്പാള്‍ എന്തിനേറെ പറയുന്നു പാക്കിസ്ഥാനില്‍ പോലും രാമഭക്തരുണ്ട്.
അതിനാല്‍ അയോധ്യ ആത്മീയ ടൂറിസത്തിന്റെ ഹബ്ബാവാന്‍ സാധ്യതയേറെയാണ്. ഈ അസുലഭ സുന്ദര നിമിഷത്തിലും അപശബ്ദവുമായി വന്നിരിക്കുന്നു കമ്യൂണിസ്റ്റുകാര്‍.
രാജ്യസഭാംഗം ബിനോയ് വിശ്വം പറഞ്ഞത് ദൂരദര്‍ശനില്‍ ഈ ചടങ്ങ് പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നുവല്ലോ.
അത് മതേതരത്വത്തിന് ചേര്‍ന്നതല്ലത്രേ!
സഖാക്കളുടെ നിലപാട് വലിയ ചരിത്ര വിഡ്ഢിത്തമായിപ്പോയി.
പണ്ട് ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതുപോലെ, കമ്പ്യൂട്ടറിനെ എതിര്‍ത്തതുപോലെ അക്ഷന്തവ്യമായ തെറ്റാണ് അവര്‍ കാണിച്ചിരിക്കുന്നത്.
ദേശീയ ധാരയില്‍ നിന്നുള്ള ഇവരുടെ ഒറ്റപ്പെടല്‍ പരിപൂര്‍ണ്ണതയിലേക്ക് എത്തുക തന്നെയാവും ഇതിന്റെ ഫലം.
സിപിഎമ്മിന്റെ പ്രസ്താവന വലിയ തമാശയായിട്ടാണ് തോന്നിയത്. അവര്‍ ആവശ്യപ്പെട്ടത് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കുടുക്കരുതെന്നാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിയേയും, ആത്മീയതയില്‍ ശ്രീരാമനേയും കമ്യൂണിസ്റ്റുകാര്‍ ശരിയായി വിലയിരുത്തിയിട്ടില്ല.
അതാണ് അവര്‍ക്ക് പറ്റിയ വലിയ പോയത്തം.
ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഈ നിലപാടിന്റെ പിന്നില്‍ ഒരേയൊരു ലക്ഷ്യം കേരളമാണ്. അവിടെ മാത്രം ഒതുങ്ങിപ്പോയ കമ്മ്യൂണിസ്റ്റുകള്‍ക്ക് പിടിച്ചുനില്ക്കാന് മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ വേണം.
എന്നാല്‍ കേരളത്തിലെ മുസ്ലിങ്ങളുടെ പാരമ്പര്യം മറിച്ചാണ് എന്നവര്‍ ഓര്‍ത്തില്ല.
റഹീമിനേയും രാമനേയും ആരാധിച്ച മതമൈത്രിയുടെ ഒരു പൈതൃകം നമുക്കുണ്ടായിരുന്നു.
വടക്കന്‍ മലബാറിലെ മുസ്ലിംങ്ങള്‍ പാടിനടന്ന ഒരു രാമയണമുണ്ട്.
അതാണ് മാപ്പിള രാമായണം.
കമ്പരാമായണം പോലെ, തുളസീദാസ രാമായണം പോലെ ഗ്രന്ഥരൂപത്തിലില്ലെങ്കിലും വാമൊഴിയായി വടക്കന്‍ മലബാറിലെ ഉമ്മൂമ്മമാര്‍ തങ്ങളുടെ കൊച്ചുമക്കള്‍ക്ക് രാമായണ കഥകള്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്.
ഇസ്ലാമിക ചരിത്രത്തിലെ ബദര്‍ കിസ്സകള്‍ പറഞ്ഞു കൊടുത്തതുപോലെ.
രാമ-രാവണ യുദ്ധ കഥകളും കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്ത മത മൈത്രിയുടെ പാരമ്പര്യം ഇവിടെ ഉണ്ടായിരുന്നു.
ഇതിനൊന്നും വേണ്ടത്ര പ്രചാരം കിട്ടിയില്ല.
വാമൊഴിയായി പാടി നടന്ന ഈ വരികള്‍ ആരും പുസ്തകമാക്കാന്‍ ശ്രമിച്ചില്ല.
കര്‍ഷക സംഘം നേതാവായിരുന്ന കേളപ്പേട്ടനാണ് ഈ വരികള്‍ കുറച്ചു ഭാഗം ശേഖരിച്ച് പ്രസിദ്ധീകരിച്ചത്. പ്രമുഖ സാംസ്കാരിക പ്രവര്ത്തകന് കാരശ്ശേരി മാഷുടെ ഡോക്ടറേറ്റ് തീസിസ്സ് മാപ്പിള രാമായണത്തെക്കുറിച്ചായിരുന്നു.
ഇങ്ങനെയെല്ലാം കിട്ടിയ വരികളില്‍ കുറച്ച് പഠിച്ച് പൊതുവേദികളില്‍ കുറെക്കാലമായി ഞാന്‍ പാടുമായിരുന്നു. കേരളത്തിലെ ചാനലുകള്‍ എന്റെ മാപ്പിള രാമായണ പാട്ടുകളെ ട്രോളാന്‍ തുടങ്ങിയപ്പോഴാണ് ഈ നാടന്‍ പാട്ടിന് നല്ല പ്രചാരം കിട്ടിയത് എന്നു തോന്നുന്നു.
ഇതിലെ വരികള്‍ ലളിതവും സുന്ദരവുമാണ്. ചിലര വരികള്‍ നോക്കൂ:
”പണ്ട് താടിക്കാരനൗലിയ പാടിവന്ന പാട്ട്
കാത്തിരുന്ന് കുത്തിരുന്ന കര്‍ക്കടകപ്പാട്ട്”
വാല്മീകിയെ താടിക്കാരന് ഔലിയയായി വിശേഷിപ്പിച്ചാണ് പാട്ടിന്റെ തുടക്കം തന്നെ..
എത്ര മനോഹരമാണ് വരികള്‍.
ശ്രീരാമനും ശൂര്‍പ്പണഖയും തമ്മിലുള്ള പ്രണയാഭ്യര്‍ത്ഥന ഇങ്ങനെ:
”നിങ്ങളാരാ ബാല്യക്കാര പേരന്താന്ന്
കൂടെ കാണും പെണ്ണ് നിങ്ങളെ ബീടരാണോ?
കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലെ?
മക്കളില്ലെ കൂടെ മരുമക്കളില്ലേ?”
എന്ന ശൂര്‍പ്പണഖയുടെ ക്ഷേമാന്വേഷണത്തിന് രാമന്റെ മറുപടി:
”ഞാനാ രാമന് സീതാ ബീടര് പെറ്റിട്ടില്ലാ
കൂടെ അനുജന് ലക്ഷമണനും കൂട്ടിനുണ്ട്
കോസലനാട് കുശലടി നാട് ബാപ്പാ നാട്
കാട്ടില്‍ ബന്നതിന് കാരണമുണ്ട് നീയാരുമ്മ….?”
ഇങ്ങനെ പോകുന്നു ആ രംഗം.
പിന്നീട് രാവണന്റെ പെങ്ങളുടെ പ്രണയാഭൃര്‍ത്ഥന കേട്ട് ഞെട്ടുന്ന രാമ ലക്ഷമണന്മാരെ നമുക്ക് കാണാന്‍ കഴിയും.
ഇമ്മട്ടില്‍ സാധാരണ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലും ചേലിലുമാണ് ഈ നാടന്‍ പാട്ട് ഭംഗിയായി ചിട്ടപ്പെടുത്തിയത്.
ഇത് ആരെഴുതി എന്നറിയില്ല.
എപ്പോഴെഴുതി എന്നറിയില്ല.
പക്ഷേ ചരിത്രത്തില്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഉജ്ജ്വല ശേഷിപ്പാണ് ഈ ഫോക്ക്ലോര്‍ സംഗീതമെന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം.
പക്ഷേ മതമൈത്രി പാട്ടിനൊന്നും വേണ്ടത്ര പ്രാധാന്യം ഇന്നത്തെ കേരളത്തില്‍ കിട്ടുന്നില്ല.
ഇന്ന് വലിയ തര്‍ക്കവിഷയമായ വാരിയംകുന്നന്റെ നിറം പിടിപ്പിച്ച കഥകള്‍ക്ക് വലിയ പ്രചാരം കിട്ടുന്നുമുണ്ട്!
കേരളത്തിലെ സാംസ്കാരിക രംഗത്ത് ഒരു പൊളിച്ചെഴുത്തിന് സമയമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: