തൊടുപുഴ: ചതിക്കെണിയൊരുക്കി മങ്ങാട്ടുക്കവല-കാഞ്ഞിരമറ്റം ബൈപ്പാസ്, രണ്ട് കിലോ മീറ്ററോളം ദൂരമാണ് പലയിടത്തും തകര്‍ന്ന് കിടക്കുന്നത്. കാലവര്‍ഷത്തിന് മുമ്പ് റോഡില്‍ പലയിടത്തും പാച്ച് വര്‍ക്കെ ചെയ്തിരുന്നെങ്കിലും മഴ കനത്തതോടെ റോഡ് പലയിടത്തും തകരുകയായിരുന്നു.
മങ്ങാട്ടുകവയില്‍ നിന്ന് ആരംഭിക്കുന്ന റോഡില്‍ ന്യൂമാന്‍ കോളേജിന് മുന്നില്‍ നിരവധി കുഴകളാണുള്ളത്. കുഴികള്‍ ഒഴുവാക്കുന്നതിനായി വാഹനങ്ങള്‍ വെട്ടിക്കുന്നത് പലപ്പോഴും മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. സമീപ പ്രദേശം കെട്ടിയടച്ചതോടെ വെള്ളം ഒഴുകാതെ ഇവിടെ വെള്ളം കെട്ടും പതിവാണ്. കാല്‍നടയാത്രക്കാര്‍ മഴയുള്ളപ്പോള്‍ റോഡിലൂടെ കയറി നടക്കേണ്ട ഗതികേടിലാണ്.
ഇരുചക്ര വാഹനയാത്രക്കാരെ ചതിയില്‍പെടുത്തും വിധം പലയിടത്തും ചെറുതും വലുതമായ കുഴികളും ഇവിടെ ഉണ്ട്. ഇടയ്‌ക്കെത്തുന്ന മഴയില്‍ കുഴികളില്‍ വെള്ളം കെട്ടി കിടക്കുന്നതും രാത്രികാല യാത്രയും ഭീഷണിയാണ്. മൂന്ന് മാസം മുമ്പ് ടാര്‍ ചെയ്ത സ്ഥലവും ഇപ്പോള്‍ വലിയ കുഴിയായി മാറിയിട്ടുണ്ട്. മുമ്പ് ആധുനിക രീതിയില്‍ ടാര്‍ ചെയ്ത റോഡ് പിന്നീട് അറ്റകുറ്റപണി മാത്രമാണ് നടത്തുന്നത്. ഇതാണ് റോഡ് പെട്ടെന്ന് തകരാന്‍ കാരണം. വിമലാലയും സ്‌കൂളിന് സമീപത്തെ വളവിലും വലിയ കുഴികള്‍ രൂപപ്പെട്ടിടുണ്ട്, സമീപത്തെ മീന്‍ കടയ്‌ക്ക് എതിര്‍വശത്ത് കേബിളിടുന്നതിനായി കുഴിച്ച ഭാഗവും തകര്‍ന്ന് കിടക്കുകയാണ്. ഇത് കൂടാതെ നിരവധിയിടത്ത് ചെറിയ കുഴികളുമുണ്ട്.
കാഞ്ഞിരമറ്റം ജങ്ഷനില്‍ പല തവണ ടാര്‍ ചെയ്തിട്ടും ഇവിടെ വീണ്ടും വീണ്ടും കുഴികള്‍ രൂപപ്പെടുകയാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തൂടെ കടന്ന് പോകുന്ന റോഡിന്റെ ഒരു വശത്തൂടെ പൈപ്പ് ഇടുന്നതിനായി കുഴിയെടുത്തിരുന്നു. ഇത് ടാര്‍ ചെയ്‌തെങ്കിലും കുഴി രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്. അധികാരികള്‍ ഇടപെട്ട് റോഡ് എത്രയും വേഗം നവീകരിക്കണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രികരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: