അത്യപൂര്‍വമായ അന്തസ്സും പ്രഭാവവും രാഷ്ട്രപതിഭവനിലേക്ക് എത്തിച്ച പണ്ഡിത ശ്രേഷ്ഠനാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ന് ദല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രോഗമുക്തിക്കും ദീര്‍ഘായുസ്സിനും വേണ്ടിയാണ് നമ്മുടെയെല്ലാം പ്രാര്‍ഥന.
മൃദുഭാഷിയും ശ്രദ്ധയോടെ എല്ലാം കേള്‍ക്കുന്ന(രാഷ്ട്രീയക്കാരില്‍ അപൂര്‍വം) വ്യക്തിയുമാണ് അദ്ദേഹം. രാഷ്ട്രപതിയെ ഹിസ് എക്സലന്‍സി എന്ന് അഭിസംബോധന ചെയ്യണമെന്ന ബ്രിട്ടീഷ് കീഴ്വഴക്കം ഇല്ലാതാക്കി, ബഹുമാനപ്പെട്ട എന്ന ഉചിതമായ വാക്ക് ഇതിനായി അവതരിപ്പിച്ച വ്യക്തിത്വം. എന്നാല്‍, ബംഗാളി രീതിയില്‍ അദ്ദേഹത്തെ പ്രണബ് ദാ എന്ന് വിളിക്കാന്‍ എന്നുമെനിക്ക് ഭാഗ്യം ലഭിച്ചിരുന്നു.
കോണ്‍ഗ്രസ് വിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്നതിനും മുമ്പ് മുപ്പത് വര്‍ഷമായി എനിക്കദ്ദേഹത്തെ അറിയാം. ഏറെ പ്രക്ഷുബ്ധമായ ആ കാലത്ത് പാഞ്ചജന്യ(ആര്‍എസ്എസ് പ്രതിവാര ഹിന്ദി മാസിക)ത്തിന് വേണ്ടി ദല്‍ഹിയിലെ തീന് മൂര്‍ത്തി ലെയ്നിലെ വസതിയില്‍ ചെന്ന് ഞാന്‍ അദ്ദേഹത്തെ അഭിമുഖം ചെയ്തിട്ടുണ്ട്. ഇന്ദിരയുടെ കോണ്‍ഗ്രസുമായി തനിക്ക് ചില ധാര്‍മ്മിക അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും എന്നാല്‍ സംഭാഷണങ്ങള്‍ ഒരിക്കലും വഷളായിട്ടില്ലെന്നുമാണ് അദ്ദേഹമന്ന് പറഞ്ഞത്.
പിന്നീട് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രതിരോധമന്ത്രിയായപ്പോള്‍ 2005ല്‍ യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ഡിഫന്‍സ് ഇന്‍ഡസ്ട്രി വട്ടമേശ വിരുന്നില്‍ അദ്ദേഹമൊരു തീപ്പൊരി പ്രസംഗം നടത്തി.
പതിമൂന്ന് വര്‍ഷം മുന്‍പത്തെ ആ പ്രസംഗം ഇന്നലെയെന്ന പോലെ എനിക്ക് ഓര്‍മയുണ്ട്. ആ പ്രസംഗത്തിലെ ചില വരികള്‍ ഇന്ന് ഉദ്ധരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. കാരണം, ട്രംപ് ഭരണകൂടവുമായുള്ള നമ്മുടെ ബന്ധത്തിന് അത് ഏറെ സഹായകമാകുമെന്നാണെന്റെ വിശ്വാസം. അസാധാരണമായ ഒരു ദീര്‍ഘവീക്ഷണമായിരുന്നു അന്ന് അദ്ദേഹം പങ്കുവച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ ഇന്നും അത് പ്രതിഫലിക്കുന്നു-
”പങ്കാളിത്തത്തിന്റെയും വാണിജ്യത്തിന്റെയും യഥാര്‍ഥ അവസരങ്ങള്‍, കുറഞ്ഞത് ഇനി സൂചിപ്പിക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ട മേഖലകളിലെങ്കിലും നിലനില്‍ക്കുന്നുവെന്നാണ് എന്റെ വിശ്വാസം. തീവ്രവാദം ചെറുക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, തന്ത്രങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍, അതിര്‍ത്തി കൈകാര്യം ചെയ്യുന്നതിനുള്ള സെന്‍സറുകള്‍, സൈബര്‍ സുരക്ഷ, വിവര സാങ്കേതിക മേഖലയിലെ സഹകരണം എന്നിവയാണ് അതില്‍ ചിലത്.
ഇന്ത്യക്ക് ലളിതമായി തുടങ്ങിവയ്ക്കാനാകുമെങ്കിലും നമ്മുടെ സ്വയം പ്രതിരോധത്തിന് ഉതകുന്ന ആയുധ സംവിധാനങ്ങളെ കുറിച്ച് യുഎസിന് ഗൗരവമായി കാണാനാകും. ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും വില്‍പ്പനയില്‍ അമേരിക്കന്‍ വ്യവസായ മേഖലയ്ക്ക് വാണിജ്യപരമായ അവസരങ്ങളുണ്ട്. എന്നാല്‍, ഇന്ത്യ പൂര്‍ണമായും വാണിജ്യപരമായ ഒരു ബന്ധമല്ല ഉറ്റുനോക്കുന്നത്. അത്തരമൊരു ബന്ധം തന്ത്രപ്രധാനം കൂടിയായിരിക്കണം. ദീര്‍ഘകാല പ്രതിബദ്ധതയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യാ കൈമാറ്റം, വികസനസഹകരണം, നിര്മാണസഹകരണം, സംയുക്ത വിപണനം തുടങ്ങിയവയില്‍ നിന്ന് കാര്യമായ വാണിജ്യ അവസരങ്ങള്‍ ഉടലെടുക്കും.”
ഈ പ്രസംഗത്തിന്റെ ഹിന്ദി പരിഭാഷ പാഞ്ചജന്യത്തില്‍ ഞാന്‍ ഉപയോഗിച്ചതിനെ അന്നദ്ദേഹം പ്രശംസിച്ചിരുന്നു. 2018ല്‍ സ്വയംസേവകരെ അഭിസംബോധന ചെയ്യാന്‍ ആര്‍എസ്എസ് പ്രണബ് ദായെ ക്ഷണിച്ചപ്പോള്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇടത്- കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഭ്രാന്തമായാണ് പ്രതികരിച്ചത്. ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അവര്‍ എതിര്‍ത്തു.
മതേതര മാധ്യമങ്ങളുടെ പ്രത്യയശാസ്ത്ര വിവേചനം യാതൊരു ലജ്ജയും കൂടാതെ അന്ന് പുറത്ത് വന്നു. എന്നാല്‍, പ്രണബ് ദാ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ നാഗ്പൂരിലെ ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ച് ഒരു ഉജ്ജ്വല പ്രസംഗം നടത്തി.
അന്ന് ഒരു പരിപാടിക്കിടെ ഞാന്‍ പറഞ്ഞു, പ്രണബ് ദായെപ്പോലൊരു പണ്ഡിതനായ രാഷ്ട്രതന്ത്രജ്ഞനെ തങ്ങളുടെ ഏറ്റവും മികച്ച പരിശീലനം നേടിയ സ്വയംസേവകരെ അഭിസംബോധന ചെയ്യാന്‍ തെരഞ്ഞെടുത്ത ആര്‍എസ്എസിനെ ആരെങ്കിലും പ്രശംസിക്കുകയാണെങ്കില്‍, പ്രത്യയശാസ്ത്ര വിവേചനങ്ങളെ നിരാകരിച്ചു കൊണ്ട് ആ ക്ഷണം മനോഹരമായി സ്വീകരിച്ച പ്രണബ് ദായുടെ നിപുണതയെ കൂടി പ്രശംസിക്കണമെന്ന്.
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമാകാന്‍ പോകുന്ന, അച്ചടക്കമുള്ള ഉല്പതിഷ്ണുക്കളായ എല്ലാം ഉള്ക്കൊള്ളുന്നവരായ, ഹിന്ദു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വലിയ സംഘം യുവാക്കളെ അന്ന് പ്രണബ് ദാ അവിടെ കണ്ടു.
മികച്ച സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, ഐഐടി ബിരുദധാരികള്‍, അധ്യാപകര്‍, സാമ്പത്തിക വിദഗ്ധര്‍, ഇന്ത്യയുടെ ആരോഗ്യ, വിദ്യാഭ്യാസ, ഗോത്രവര്‍ഗ മേഖലകളില്‍ സേവനം ചെയ്യുന്നതിന് ജീവിതം ഉഴിഞ്ഞുവച്ച പ്രചാരകന്മാര് തുടങ്ങിയവരെല്ലാം അന്ന് അദ്ദേഹത്തെ ശ്രവിക്കാന്‍ അവിടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: