നാരദാദി മുനികള് പാടിപ്പുകഴ്ത്തിയ ഭക്തിയുടെ ഉദാത്ത ലഹരിയാണ് പ്രേമഭക്തി. ഇതിന്റെ ആത്മീയാന്തര്‍ധാരയാണ് ‘സന്ത്മതം’ സ്വാംശീകരിക്കുന്നത്. ഗീതയോതുന്ന കര്‍മയോഗജ്വലിതമായ മുക്തിയാണ് അതിന്റെ പരമലക്ഷ്യം. ചാതുര്‍വര്‍ണ്യത്തിനപ്പുറം ജാത്യാതീത ചിന്തകളുടെ പ്രായോഗിക വേദാന്തമാണ് ഈ ഭക്തിധാര ഉദ്ഘോഷിക്കുക. ‘പരമസത്യത്തെ തിരിച്ചറിയുക, പരമാത്മാവില്‍ സമര്‍പ്പിതരാകുക’ എന്ന ദര്‍ശന വാക്യമാണ് സന്ത്സമ്പ്രദായത്തിന്റെ അഗ്നി വെളിച്ചം. മാര്‍ഗദര്‍ശി ‘സദ്ഗുരു’ എന്ന നാമം വഹിക്കുന്നു.
15 ാം നൂറ്റാണ്ടില്‍ കാശിയിലാണ് ഈ ഭക്തിപദ്ധതി സമാരംഭിച്ചതെങ്കിലും ഇതിന്റെ അടിവേരുകള്‍ പതിമൂന്ന്-പതിന്നാല് ശതകങ്ങളില്‍ പ്രഭവം കൊണ്ട നവീനാശയങ്ങളും കര്‍മസരണിയുമായിരുന്നു. യാഥാസ്ഥിതിക സമൂഹത്തെ ഐശ്വര്യവത്തായി നവീകരിക്കാന്‍ ശ്രമിച്ച നാംദേവും രാമാനന്ദയുമാണ് അന്നത്തെ പ്രണേതാക്കളില്‍ പ്രമുഖര്‍. പരശ്ശതം ശിഷ്യരെ അവര്‍ സംസ്കൃതവും വേദവും പഠിപ്പിച്ചു. അത് മുളപൊട്ടിപ്പടര്‍ന്നാണ് ഈ സംസ്കൃതി വെളിച്ചത്തിന്റെ നവാധ്യായം കുറിച്ചത്. കബീര്‍, നാംദേവ്, നാനാക്ക്, മീരാബായ്, സൂര്‍ദാസ്, തുളസീദാസ്, തുക്കാറാം തുടങ്ങിയ ആത്മീയ ജ്യോതിസ്സുകള്‍ സന്ത് സമ്പ്രദായത്തിന്റെ ദര്‍ശന പ്രതീകങ്ങളാണെങ്കിലും കബീറാണ് സ്ഥാപകനായി അംഗീകരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ജനനം 1425 നോടടുത്താണെന്നും അതല്ല, 1455 ലാണെന്നും ചില പഠനഗ്രന്ഥങ്ങള്‍ പറയുന്നു. ജന്മസ്ഥലം കാശിയാണെന്ന് കരുതുന്നവരും മഗഹര്‍ ഗ്രാമമാണെന്ന് വിശ്വസിക്കുന്നവരും ഗവേഷകര്‍ക്കിടയിലുണ്ട്. ബ്രാഹ്മണ യുവതി ഉപേക്ഷിച്ച കുഞ്ഞിനെ മുസ്ലിം ദമ്പതികളായ നീരുവും നീമയും കബീര്‍ എന്നു പേരിട്ട് എടുത്തു വളര്‍ത്തിയതാണെന്ന കഥ പ്രചാരം നേടി. മതാതീത ചിന്തകള്‍ വളര്‍ത്തിയ മഹാഗുരു രാമാനന്ദിന്റെ ശിഷ്യനായാണ് കബീര്‍ ആത്മീയതയുടെ തീരങ്ങള്‍ തേടുന്നത്. ആത്മദര്‍ശനത്തിലൂടെ വിശ്വവിശാലതയെ സാക്ഷാത്ക്കരിക്കാന്‍ കബീറിന്റെ നിസ്തന്ദ്രമായ കര്‍മസരണി ഉണര്‍ന്നു നിന്നു. സനാതന ധര്‍മത്തിന്റെ മൂല്യപ്രമാണങ്ങളും ഇസ്ലാമിലെ നല്ല തത്ത്വങ്ങളും സമന്വയിപ്പിച്ചാണ് കബീര്‍ സ്വദര്‍ശനത്തിന് രൂപമേകിയത്. ‘സന്ത്മത’ മെന്ന നൂതന ഭക്തിപ്രമാണമായി അത് പ്രചരിക്കുകയായിരുന്നു. ഭേദബുദ്ധിയെ നിഷ്ക്കാസനം ചെയ്ത ആ സമന്വയ സരണിയുടെ സിദ്ധാന്തങ്ങള്‍ കാലത്തിന്റെ അഗ്നിജ്വാലയായി. ആത്മീയതയുടെ ആ അഭേദസംഹിതയിലെ മൂല്യ സങ്കല്‍പ്പങ്ങള്‍ പില്ക്കാലം മഹാത്മാഗാന്ധിയും ദയാനന്ദ സരസ്വതിയും ടാഗോറും ഏറ്റുവാങ്ങുകയായിരുന്നു.
ലോയിയോടൊത്തുള്ള കബീറിന്റെ വിവാഹ ജീവിതത്തില്‍ സന്താനസൗഭാഗ്യമുണ്ടായില്ല. കമാലും കമാലിയും ദത്തുസന്താനങ്ങളായി. ഹിന്ദി സാഹിത്യത്തിന് കബീര്‍ നേദിച്ച ഗ്രന്ഥങ്ങള്‍ അതീതമായ ആത്മീയതയുടെ മഹാപ്രകാശമാണ്. അനുയായികള്‍ ഇഷ്ടരചനയായി പ്രകീര്‍ത്തിക്കുന്ന ‘ബീജക്’ , ദിവ്യവചനങ്ങളുടെ വസന്തഭൂമികയാണ്. സ്വപ്നാത്മകമായ ജീവിതത്തിന്റെ മായിക പരിപ്രേക്ഷ്യമാണ് കൃതി അനാവരണം ചെയ്യുന്നത്. ‘ആനന്ദ്, ‘രാംസാഗര്‍’, ‘ചാംചര’, ‘ഹിം ഡോല’, ‘വലക് കീ രമൈനി’, ‘ജുല്‍നാ’, ‘കബീര്‍ പാംജി’ തുടങ്ങിയ സൃഷ്ടികള്‍ പുളകോദ്മകാരിയായ വചനപ്രഘോഷണമാണ്.
യതിവര്യന്, യോഗാത്മക കവി, സാമൂഹ്യസാംസ്ക്കാരിക നവോത്ഥാന നായകന് എന്നീ പഥങ്ങളില്‍ ചരിച്ച കബീര്‍ സൃഷടിച്ചത് ധര്‍മലോകത്തിന്റെ ചേതനാ വിഭൂതിയാണ്. പ്രേമം ഭക്തി മുക്തി, എന്ന ഗുരു ദര്‍ശന ചിന്ത ദത്തുപുത്രിയായ കമാലിയാണ് പ്രചരിപ്പിച്ചത്. വാര്‍ധക്യത്തില്‍ ‘മഗഹര്‍’ ഗ്രാമത്തില്‍ തിരിച്ചെത്തിയാണ് കബീര്‍ സമാധി പദത്തിലെത്തുന്നത്. ഇരു സമുദായങ്ങള്‍ ആ ഭൗതിക ശരീരത്തിന് അവകാശത്തര്‍ക്കവുമായി വന്നു. ഒടുക്കം ശരീരത്തിലെ പുതപ്പ് മാറ്റിയപ്പോള്‍ അവിടെ കണ്ടത് ഒരു പിടി മുല്ലപ്പൂക്കള്‍ മാത്രം! ഈ പഴങ്കഥയുടെ ഭാവസത്യം, അതീതമായ സ്നേഹസാഹോദര്യത്തിന്റെ സുഗന്ധം വിടര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: