പൊന്നിന് ചിങ്ങത്തില് അവതരിച്ച പുണ്യാത്മാക്കളാണ് ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും. ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂരില്‍ ഉള്ളൂര്‍ക്കോട്ട് വീട്ടില്‍ കൊല്ലവര്‍ഷം 1029 ചിങ്ങത്തിലെ ഭരണിനാളില്‍ ജനിച്ചു. പത്തു പന്ത്രണ്ടു വയസ്സുവരെ അക്ഷരാഭ്യാസമില്ലാതെ ദാരിദ്ര്യപീഡിതനായി അലഞ്ഞു നടന്ന ‘കുഞ്ഞന്‍’ 16-ാമത്തെ വയസ്സില്‍ പേട്ടയില്‍ രാമന്‍പിള്ള ആശാനില്‍ നിന്നും വിദ്യാഭ്യാസം നേടി. ക്ലാസിലെ ഏറ്റവും മിടുക്കനായതുകൊണ്ട് ‘മോണിട്ടര്‍’ എന്നര്‍ത്ഥമുള്ള ‘ചട്ടംപിള്ള’ (ലോപം-ചട്ടമ്പി) എന്ന പേര് സ്വീകരിച്ചു. ചെറുപ്പം മുതല്‍ അതിരാവിലെ കുളിയും, ധ്യാനവും അടുത്തുള്ള ക്ഷേത്രത്തില്‍ രാത്രി കാലം മുഴുവന്‍ കഴിച്ചുകൂട്ടുന്ന സ്വഭാവവും കുഞ്ഞനുണ്ടായിരുന്നു. മത്സ്യമാംസാദികള്‍ വര്‍ജിച്ചിരുന്നു. വീട്ടില്‍ നിത്യച്ചെലവിന് വഴി കാണാതെ ബാലനായിരുന്ന കുഞ്ഞന്‍ കൂലിവേല ചെയ്താണ് കുറേക്കാലം കഴിച്ചത്. 1050 ല്‍ ‘ജ്ഞാനപ്രജാസാഗരം’ സഭയില്‍ പ്രഭാഷണങ്ങള്‍ നടത്തി. സംഗീതം, ഹഠയോഗം എന്നിവയില്‍ പ്രാവീണ്യം നേടി. തമിഴിലും വേദശാസ്ത്ര സംബന്ധിയായ തമിഴ് സംസ്കൃത ഗ്രന്ഥങ്ങളിലും പാണ്ഡിത്യം നേടിയിരുന്നു. ഒരു മുസ്ലീം തങ്ങളില്‍ നിന്ന് ഇസ്ലാം മതതത്വങ്ങളും പഠിച്ചു. ആത്മാനന്ദ സ്വാമികളില്‍ നിന്ന് യോഗാഭ്യാസത്തില്‍ ആരൂഢസ്ഥാനവും കൈവന്നു. ആര്‍ക്കും പ്രവേശനമില്ലാത്ത ‘കൂവക്കരെമഠം’ ഗ്രന്ഥപ്പുരയില്‍ നിന്ന് ഒന്നും വെളിയിലേക്കു കടത്താന്‍ പാടില്ല എന്ന കരാറില്‍ നാലഞ്ചു രാപകല്‍ തുടര്‍ച്ചയായിരുന്നു പരിശോധിച്ചിട്ടേ സ്വാമികള്‍ പുറത്തുവന്നുള്ളൂ. ദ്രാവിഡ സംസ്കാരത്തിന്റെ തനതായ സിദ്ധാന്ത സമ്പ്രദായത്തിലെ പരമാചാര്യനായിരുന്നു ചട്ടമ്പിസ്വാമികള്‍.
അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ പ്രധാനമാണ്, പ്രാചീന മലയാളം, വേദാധികാര നിരൂപണം, ആദിഭാഷ, അദൈ്വതചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം, ചിദാകാശലയം, അദൈ്വതപഞ്ജരം, ക്രിസ്തുമതഛേദനം, സര്‍വമതസാമരസ്യം എന്നിവ.1099 മേടം 23 ന് അദ്ദേഹം ദേഹാന്തരം പ്രാപിച്ചു. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുസ്വാമികളും ആര്‍ഷപാരമ്പര്യത്തിന്റെ അഭിമാനഭാജനങ്ങളായിരുന്നു. തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തിയില്‍ ‘വയലുവാരം’ വീട്ടില്‍ കൊല്ലവര്‍ഷം 1030 ചിങ്ങത്തിലെ ‘ചതയം’ നാളില്‍ ശ്രീനാരായണഗുരു ജനിച്ചു. അച്ഛന് ‘മാടനാശാന്’ മകന് ജനിച്ച ഉടന്‍ തന്നെ അയല്‍വാസിയും ജ്യോതിശാസ്ത്രപണ്ഡിതനുമായിരുന്ന ‘കണ്ണങ്കര അധികാരി’ യെന്നയാളെ വിവരമറിയിച്ചു. അദ്ദേഹം ജാതകം ഗണിച്ചുനോക്കി. ‘മാടാ, ഈ കുട്ടി നിനക്കുതകുകയില്ല. ഇവനൊരു മഹാസംന്യാസിയായിട്ടിവിടം വിട്ടുപോകും.” എന്നു പ്രവചിച്ചു.
21 വയസ്സുവരെ അന്നത്തെ രീതിയിലുള്ള സാമാന്യ വിദ്യാഭ്യാസവും കരുനാഗപ്പള്ളിയില്‍ ‘കമ്മന്പള്ളിരാമന്പിള്ള’ ആശാനില്‍ നിന്ന് സംസ്കൃതവും കാവ്യനാടകാദികളും അഭ്യസിച്ചു. 23-ാമത്തെ വയസ്സില്‍ സ്വദേശത്തു വന്ന് സംസ്കൃതം പഠിപ്പിച്ചു. ഇക്കാലത്ത് ‘നാണു ആശാന്’ എന്ന പേരും സമ്പാദിച്ചു. ഏതാണ്ടിക്കാലത്ത്, സത്യാനേ്വഷിയായിരുന്ന നാണുവാശാനെ അവാച്യമായതെന്തോ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ചട്ടമ്പിസ്വാമികളുമായുള്ള സമാഗമം അദ്ദേഹത്തിന്റെ സത്യാനേ്വഷണ പരീക്ഷയില്‍ വഴിത്തിരിവുണ്ടാക്കിയതായി ചരിത്രരേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് ഉഭയഥാ ഗുരുത്വമുണ്ടായിരുന്നു.
ആധുനിക യുഗത്തില്‍ ഹിന്ദുക്കളുടെ നവോത്ഥാനത്തിനുവേണ്ടി അശ്രാന്തപരിശ്രമം ചെയ്ത മഹാനായിരുന്നു ശ്രീനാരായണഗുരു. പണ്ടത്തെ തിരുവിതാംകൂറില്‍ പലയിടത്തും സഞ്ചരിച്ച് ജനങ്ങളുടെയിടയില്‍ മതനിഷ്ഠ, സര്വസമുദായമൈത്രി, സംഘടനാബോധം എന്നിവ വളര്‍ത്തുന്നതിന് പ്രവചനങ്ങള്‍, ലേഖനങ്ങള്‍, പുസ്തകപ്രസിദ്ധീകരണങ്ങള്‍, പ്രതിഷ്ഠകള്‍ എന്നിവ നടത്തി. ജന്തുബലിയും കള്ളുകുടിയും, പൊടിയും ഉച്ചാടനങ്ങളും, തുള്ളലും ദുര്ദേവതമാരായ യക്ഷ- യക്ഷി, മാടന്, കുട്ടിച്ചാത്തന് എന്നിവരുടെ പ്രതിമകളുടെ മുമ്പിലുള്ള കൂത്താട്ടവും നി ര്‍മാര്‍ജനം ചെയ്തു. വേദങ്ങള്‍ പഠിക്കുക, പഠിപ്പിക്കുക എന്നിങ്ങനെ ഒരു ഹിന്ദുവിനുള്ള അധികാരാവകാശങ്ങള്‍ ആ മതത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടായിരിക്കണമെന്ന് സ്വാമികള്‍ അനുശാസിക്കുന്നു.
ഗുരുദേവന് 60 പദ്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ‘ചിജ്ജഡചിന്തകം’ ദൈവചിന്തനം ആത്മവിലാസം, ഗദ്യപ്രാ ര്‍ത്ഥന എന്നീ ശീര്‍ഷകങ്ങളില്‍ ചില ചെറിയ ഗദ്യകൃതികളുമുണ്ട്. ആത്മോപദേശ ശതകം അദൈ്വതദീപിക, ദര്‍ശനമാല, എന്നീകൃതികളില്‍ സര്‍വവേദാന്ത സിദ്ധാന്തങ്ങളേയും സമഞ്ജസമായി അടക്കിയിട്ടുണ്ട്. എന്താണോ മഹാത്മാഗാന്ധി സാമൂഹികരംഗത്തു ചെയ്തത്, അതു തന്നെയാണ് ഗുരുദേവന് ആദ്ധ്യാത്മികരംഗത്ത് ചെയ്തത്. ഗുരുദേവനെക്കുറിച്ച് ഗാന്ധിജി ശിവഗിരിയിലെ സന്ദര്‍ശക
പുസ്തകത്തിലെഴുതിയതിതാണ്: ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായി ഞാന്‍ കണക്കാക്കാറുണ്ട്, സുന്ദരമായ തിരുവിതാംകൂര്‍ രാജ്യത്ത് വന്നതും, പരമപൂജ്യനാ യ ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളെ കണ്ടതും.”
കല്ലട ഷണ്മുഖന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: