ന്യൂദല്‍ഹി : ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള തുക മാറ്റേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തെ അനുകൂലിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പിഎം കെയേഴസ് രജിസ്ട്രേഡ് പൊതു ട്രസ്റ്റാണ്. ദേശീയ ദുരിതാശ്വാസ നിധിയും ഇതും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പിഎം കെയേഴ്സ് നിധിക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. കൊറോണ വൈറസിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അധികാരത്തിലിരിക്കേ ദേശീയ ദുരിതാശ്വാസ നിധി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് മാറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിഎം കെയേഴ്സില്‍ നിന്നും കോറൊണയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 3100 കോടി നല്‍കിയിട്ടുണ്ട്. ഇത് ഒരു രജിസ്ട്രേഡ് പൊതു ട്രസ്റ്റാണ്. ആറ് വര്‍ഷത്തെ മോദി ഭരണത്തില്‍ ഒരിക്കല്‍ പോലും കേന്ദ്ര സര്‍ക്കാരിന് നേരെ അഴിമതി ആരോപണം ഉണ്ടായില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പിഎം കെയര്‍ഫണ്ടിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് പിഎം കെയേഴ്സിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളുന്നത്. പിഎം കെയേഴ്സും ദുരിതാശ്വാസ നിധിയും രണ്ടാണ്. അതിനാല്‍ പണം മാറ്റാന്‍ ഉത്തരവിടാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പണം മാറ്റുന്നത് സംബന്ധിച്ച് ഉത്തരവിറക്കേണ്ടത് സര്‍ക്കാരാണ്. പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കുന്നത് തടയാനാകില്ലെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം കൊറോണയെ നേരിടാന്‍ പുതിയൊരു ദുരിതാശ്വാസ പദ്ധതിയുടെ ആവശ്യമില്ലെന്നും നിലവിലുള്ളത് പര്യാപ്തമെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അദ്ധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: