ന്യൂദല്‍ഹി: മുസ്ലീം സംവരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ക്രൈസ്തവ സഭാവിഭാഗങ്ങള്‍. ഭാരത കത്തോലിക്കാ മെത്രാന് സമിതി ലെയ്റ്റി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ദേശീയ തലത്തില്‍ സമ്മേളനം ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ മുസ്ലീം സമൂദായങ്ങള്‍ക്ക് കൂടുതല്പ്രാതിനിധ്യം നല്‍കിയെന്നാണ് ക്രൈസ്തവ സഭാവിഭാഗങ്ങളുടെ ആരോപണം.സെപ്തംബര്‍ 26ന് നടക്കുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന്റെ മുന്നൊരുക്കമായി വിവിധ ക്രൈസ്തവ സഭകള്‍ രാജ്യത്തുടനീളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന് അറിയിച്ചു.ഇതിനുശേഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ക്രൈസ്തവ പ്രതിനിധികള്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കും. സെപ്തംബര്‍ 22നും 23നും ഇന്ത്യയിലെ എല്ലാ കളക്ട്രേറ്റുകളിലെയും ജില്ലാ ഭരണാധികാരി മുഖേന പ്രധാനമന്ത്രിക്ക് ക്രൈസ്തവ സംഘടനകള്‍ വിവിധ ക്രൈസ്തവ ന്യൂനപക്ഷ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിവേദനങ്ങള്‍ കൈമാറുമെന്നും അഡ്വ.വി.സി സെബാസ്റ്റ്യന്‍ അറിയിച്ചു.
ക്രൈസ്തവ സഭകള്ക്കുള്ളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും ഭീകര തീവ്രവാദപ്രസ്ഥാനങ്ങള്‍ നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാന്‍ ആസൂത്രിതനീക്കം നടത്തുന്നതും, സഭാശുശ്രൂഷകളിലും സേവനമേഖലകളിലും നിരന്തരം വെല്ലുവിളികളുയര്‍ത്തുന്നതും അതിജീവിക്കാന്‍ സംഘടിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ദേശീയ നേതൃസമ്മേളനം കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് വി.സി സെബാസ്റ്റിയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: