തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയിലെ നിര്‍മാണ കമ്പനിയില്‍ നിന്നും സ്വപ്നയും യുഎഇ കോണ്‍സുലേറ്റും കോടതികള്‍ കമ്മീഷനായി കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ നടത്തിപ്പ് കമ്പനിയില്‍ നിന്ന് മൂന്ന് കോടി അറുപത് ലക്ഷം രൂപയാണ് സ്വപ്നയും സംഘവും ചേര്‍ന്ന് കൈപ്പറ്റിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും, മറ്റൊരുി ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരനുമാണ് കമ്മിഷന് ലഭിച്ചത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പണിത് നല്കുന്ന ലൈഫ് മിഷന് പദ്ധതിക്കായി മൊത്തം വകയിരുത്തിയത് 18 കോടി ആയിരുന്നു. ഇതില്‍ നിന്നാണ് മൂന്ന് കോടി 60 ലക്ഷം കമ്മീഷനായി കൈപ്പറ്റിയത്.
കൂടാതെ ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കമ്പനികളുമായി ചര്‍ച്ച നടത്തിയത് സ്വര്‍ണക്കടത്ത് കേസിലെ തന്നെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിര്മാണക്കരാരില് ഇടനിലക്കാരന് എന്ന നിലയിലും സന്ദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിനിടെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ആരോപണം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് വിലയിരുത്തുന്നതിനായാണ് എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവ ആവശ്യപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്കാന് തയ്യാറായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയ്ക്കും സരിത്തിനും സെക്രട്ടറിയേറ്റിലുള്ള സ്വാധീനത്തിന്റെ തെളിവു തേടിയാണ് എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ മാസം 17 -ാം തീയതിയാണ് പൊതുഭരണ അഡീഷണല്‍ സെക്രട്ടറിയ്ക്ക് എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനുള്ള നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ നല്‍കാനായിരുന്നു നോട്ടീസ്.
നോട്ടീസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ സെക്രട്ടറിയ്ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതല്ലാതെ തുടര്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: