കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ‘രണ്ടാം പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മില്‍ മൂന്നുവര്‍ഷത്തിലേറെയായി ദൃഢബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. പ്രതികള്‍ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് യുഎഇയിലാണെന്നും എന്‍ഫോഴ്സ്മെന്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ ഔദ്യോഗിക സന്ദര്‍ശന സംഘത്തിലംഗമായിരിക്കെയും സ്വപ്നയും ശിവശങ്കറും അവിടെ വച്ച് ചര്‍ച്ചകള്‍ നടത്തി. മൂന്നു വര്‍ഷത്തിലേറെയായി നടത്തിയ വിവിധ ഇടപാടുകള്‍ക്കൊടുവിലാണ് നയതന്ത്ര ഓഫീസിനെ മറയാക്കി കള്ളക്കടത്ത് നടത്തിയത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
കസ്റ്റഡി കാലാവധി തീര്‍ന്നപ്പോള്‍, പ്രതികളെ ഇന്നലെ സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം പ്രത്യേക പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ഇതിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നു. ഒന്നാം പ്രതി സരിത്. പി.എസ്, രണ്ടാംപ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ ജയിലിലേക്കയച്ചു.
ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്ന സുരേഷ് മൂന്നാമതൊരാളുമായി ചേര്‍ന്ന് സംയുക്ത ലോക്കര്‍ അക്കൗണ്ട് തുറന്നതെന്നും സ്വപ്ന സമ്മതിച്ചതായി ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്നു പ്രതികളും യുഎഇയില്‍ മൂന്നാം പ്രതി ഫാസില്‍ ഫരീദുമായി 2019 ആഗസ്റ്റില്‍ കൂടിക്കണ്ടാണ് കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തതെന്നും സ്വപ്ന ഏജന്‍സിയോട് സമ്മതിച്ചു.
മൂന്നു പ്രതികളും അവര്‍ തമ്മിലുള്ള കുറ്റകൃത്യത്തിലെ ബന്ധങ്ങളും മറ്റു ചിലരുടെ പങ്കാളിത്തവും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി കോടതിയെ അറിയിച്ചു. സംശയിക്കുന്നവരുടെ പങ്കാളിത്തം ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. കെ.ടി. റമീസുമായുള്ള ബന്ധവും ഇവര്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: