മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് 2-8ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് മെസി ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ബാഴ്സലോണ ക്ലബ്ബ് അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചു.
ഈ സീസണില്‍ ബാഴ്സയുടെ മോശം പ്രകടനത്തില്‍ നിരാശനാണ് മെസി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണിനോട് തോറ്റതോടെയാണ് മെസി ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നത്. ഈ സീസണില്‍ ലാ ലിഗയിലും ബാഴ്സയ്ക്ക് കിരീടം നേടാനായില്ല. ബാഴ്സയെ പിന്തള്ളി റയല്‍ മാഡ്രിഡാണ് ലാ ലിഗ കിരീടം സ്വന്തമാക്കിയത്.
പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയും സീരി എ ടീമായ ഇന്ററും മെസിയെ നോട്ടമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്സയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെസി ക്ലബ്ബ് വിടുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: