തൃശൂര്‍: എക്സൈസ് നടത്തിയ പരിശോധനയില്‍ മരത്താക്കര ബൈപാസില്‍ നിന്ന് വാറ്റുചാരായവും പിടികൂടി. സംഭവവുമായി ബന്ധപെട്ട് മണ്ണംപേട്ട ചിറ്റിലപ്പിള്ളി വീട്ടില്‍ ജെയ്സനെ (48) അറസ്റ്റ് ചെയ്തു.ആവശ്യക്കാരായി അഭിനയിച്ച് ഓര്‍ഡര്‍ നല്‍കിയതനുസരിച്ച് ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടു വന്ന 30 ലിറ്റര്‍ വാറ്റുചാരായമാണ് പിടികൂടിയത്.
കൊറോണ ലോക് ഡൗണ്‍കാലം മുതല്‍ വന്‍തോതില്‍ ചാരായം വാറ്റി വില്പന നടത്തുന്ന ഇയാളെപ്പറ്റിയുള്ള രഹസ്യ വിവരംഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ചിരുന്നു.തുടര്‍ന്ന് തൃശൂര്‍ എക്സൈസ് റെയ്ഞ്ചിലെ ഷാഡോ വിഭാഗം നടത്തിയ രഹസ്യ നീക്കത്തില്‍ ഇയാള്‍ ചാരായത്തിനു ഒരോ പത്തു ദിവസത്തേക്കും ഓരോ കോഡ് ഉപയോഗിക്കുകയാണ് പതിവ് എന്ന് മനസ്സിലാക്കി. ഗസ്ത് 10 വരെ ഡ്രീം ഗോള്‍ഡ് എന്നും, 11 മുതല്‍ 20 വരെ ഫ്രീഡം എന്നും 21മുതല്‍ 31 വരെ മാവേലി എന്നു മാണെന്ന് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രീഡം 15 എണ്ണത്തിന് ഓര്‍ഡര്‍ നല്കി അഡ്വാന്‍സും നല്കി.
സ്വാതന്ത്യദിനത്തിന്റെ അന്നുള്ള ഒരാവശ്യത്തിനാണെന്ന് പറഞ്ഞ് ആവശ്യക്കാരനായി മരത്താക്കര ഭാഗത്ത് ഹൈവേയില്‍ വാങ്ങാനുള്ള ആളുകളെ പോലെ എക്സൈസ് ഉദ്യോഗസ്ഥര്‍ നിന്ന് അതിവിദഗ്ധമായി വലയിലാക്കി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റൊരിടത്തു നിന്ന് 800 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊറോണ പരിശോധനക്കു ശേഷം ക്വോറന്റയിന്‍ കേന്ദ്രത്തിലാക്കി. പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ ജയിലിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: