തിരുവനന്തപുരം: വിദേശ നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാരായ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പലരും അനധികൃത ബന്ധം സ്ഥാപിച്ചത് സംസ്ഥാന സര്‍ക്കാരിന് അറിയാമായിരുന്നു എന്ന് തെളിവ്. അനധികൃതമായി നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധം പാടില്ലെന്ന് സംസ്ഥാന പി ആന്‍ഡ് ആര്‍ഡി സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം തുടര്‍ന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വകുപ്പ് തലവന്മാര്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്നത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാണെന്ന് പി ആന്‍ഡ് ആര്‍ഡി (പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്) സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് സര്‍ക്കുലര്‍ ഇറക്കിയത് 2019 നവംബര്‍ 20ന്.
നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാര് ബന്ധം സ്ഥാപിക്കുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ 2019 ആഗസ്റ്റ് ഏഴിലെ കത്ത് പ്രകാരമായിരുന്നു സര്‍ക്കുലര്‍. ഇതിന് മുമ്പുതന്നെ കെ.ടി. ജലീലും അന്നത്തെ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് അക്കാലത്ത് കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ മുന്‍കൈ എടുത്ത് ലൈഫ് പദ്ധതിക്കായി റെഡ്ക്രസ്ന്റ് കരാര്‍ ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശന വേളയിയിലും സ്വപ്ന സുരേഷ് പങ്കെടുത്തു. ഇതിലെല്ലാം അനധികൃതമായി പലതുമുണ്ടെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു എന്നാണ് സര്‍ക്കുലര്‍ സൂചിപ്പിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പേരിന് ഒരു സര്‍ക്കുലര്‍ ഇറക്കി എന്നതല്ലാതെ അനധികൃത ബന്ധങ്ങള്‍ നിരീക്ഷിക്കാനോ തടയാനോ നടപടികള്‍ ഉണ്ടായില്ല എന്നാണ് തുടര്‍ സംഭവങ്ങള്‍ തെളിയിക്കുന്നത്.
സര്‍ക്കുലര്‍ പുറത്തു വന്നതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിലേക്ക് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും ഉള്‍പ്പെട്ടു. ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത് എന്ന് ടോം ജോസ് വിശദീകരിക്കേണ്ടി വരും. സര്‍ക്കുലര്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ടോം ജോസിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തേക്കും.
കോണ്സുലേറ്റു വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് സര്‍ക്കാരിന് ഒന്നും അറിയില്ല എന്ന സിപിഎമ്മിന്റെ വാദവും ഈ സര്‍ക്കുലര്‍ പുറത്തു വന്നതോടെ പൊളിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: