ഇന്ത്യയിലെ നികുതി സംഭരണ വകുപ്പിനെ കുറിച്ച് എല്ലായ്പ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. നികുതി നിരക്കുകളും, നികുതി കണക്കാക്കുന്ന രീതികളും, നികുതിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സംവിധാനങ്ങളും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നികുതി നിരക്കുകളും, കിഴിവുകളും, നികുതി കണക്കാക്കല്‍ പ്രക്രിയകളുമെല്ലാം പൊതുവേ വാര്‍ഷിക ബഡ്ജറ്റില്‍ കടത്തിവിടുകയാണ് ചെയ്യുന്നത്. ഈ കീഴ്വഴക്കത്തില് നിന്നും വ്യതിചലിച്ച്, സാങ്കേതിക വിദ്യയും, കൃത്യമായി നിര്‍വചിക്കപ്പെട്ട പ്രക്രിയകളും നയിക്കുന്ന പുതിയ നികുതി കണക്കാക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇത് നികുതി ദായകരും, നികുതി സംഭരിക്കുന്ന വകുപ്പും തമ്മിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ സഹായകമാകും.
നിരപരാധിയെന്ന് തെളിയിക്കുന്നതു വരെ ഇന്ത്യക്കാരെ കുറ്റവാളികളെ പോലെ വീക്ഷിക്കുന്ന ബ്രിട്ടീഷ് പാരമ്പര്യമാണ് നികുതിദായകരുമായുള്ള ഇടപാടുകളില്‍ പിന്തുടര്ന്നു വന്നത്. ഇന്ത്യന്‍ നികുതി ദായകര്‍, അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം മാത്രമേ വെളിപ്പെടുത്താറുള്ളൂ എന്ന് പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി തന്നെ പറഞ്ഞ സംഭവങ്ങളുണ്ട്. ഇതില്‍ നിന്നും വ്യതിചലിച്ച് സര്‍ക്കാര്‍ വളരെ സുതാര്യവും നീതിയുക്തവുമായ പുതിയ രീതി നടപ്പാക്കുകയാണ്.
ഇതില്‍ നിന്ന് നികുതിദായകന് കാണാവുന്ന വലിയ നേട്ടം, തന്നെ സത്യസന്ധനായി കണക്കാക്കുന്നു എന്നതാണ്. അവിശ്വസിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ നികുതി വകുപ്പ് എല്ലാവരെയും സത്യസന്ധരായി കണക്കാക്കും. പരിശോധനകള്‍ ക്രമരഹിതമായ തെരഞ്ഞെടുപ്പുകളിലൂടെ ആയിരിക്കും, അതും നികുതി റീട്ടേണുകളില് തെറ്റായ എന്തെങ്കിലും വിവരങ്ങളുണ്ടെന്ന് സോഫ്റ്റ്വയറിന്റെ സഹായത്തോടെ കണ്ടെത്തുന്നവയില്‍ മാത്രം. പുതിയ നയത്തന്റെ പ്രധാന പ്രത്യേകത ‘നേര്‍ക്കുനേരല്ലാത്ത വിലയിരുത്തല്‍’ ആണ്. ഈ സമ്പ്രദായം കൂടുതല്‍ നീതിപൂര്‍വ്വവും ചട്ടക്കൂടുകള്‍ പാലിക്കുന്നതില്‍ നികുതിദായകര്‍ക്കുണ്ടാകുന്ന ഭാരം കുറയ്ക്കുന്നതുമായിരിക്കും എന്നാണ് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞത്.
‘നേര്‍ക്കുനേരല്ലാത്ത വിലയിരുത്തല്‍’ നയം, നിര്‍മ്മിത ബുദ്ധിയുടെയും വിവര വിശകലനത്തിന്റെയും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സൂക്ഷ്മ പരിശോധനകള്‍ക്ക് നികുതി ദായകനെ തെരഞ്ഞെടുക്കുന്നത് സാധ്യമാക്കും. നികുതി റിട്ടേണുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ സോഫ്റ്റ്വയറിന്റെ സഹായത്തോടെ കണ്ടെത്തി മാത്രമാവും കൂടുതല്‍ പരിശോധനകളിലേക്ക് കടക്കുക. ഈ പരിശോധനകള്‍ നികുതിദായകന്റെ പ്രവര്‍ത്തന പരിധിയിലുള്ള ഓഫീസര്‍ ആയിരിക്കില്ല നടത്തുന്നത്. ഉദാഹരണത്തിന്, തിരുവനന്തപുരത്തുള്ള ഒരാളുടെ പരിശോധന നാഗ്പൂരിലെ ഓഫീസറാവാം നടത്തുക. മുന്‍ വിധിയോ സ്വാധീനമോ ഇക്കാര്യത്തില്‍ ഉണ്ടാവില്ല.
കേസുകള്‍ വീതിച്ചു നല്‍കുന്നത് ക്രമരഹിതമായ തെരഞ്ഞെപ്പുകളിലൂടെ ആയിരിക്കും. കേന്ദ്ര ഓഫീസില്‍ നിന്നും, ആവര്‍ത്തനമില്ലാത്ത ഡോക്യുമെന്റ് നമ്പര്‍ ഇട്ടായിരിക്കും നോട്ടീസുകള്‍ അയയ്ക്കുക. നികുതി ദായകനോ, അദ്ദേഹത്തിന്റെ പ്രതിനിധിക്കോ ഓഫീസില്‍ ചെന്ന് കാത്തിരിക്കേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. ടീം അടിസ്ഥാനത്തിലുള്ള വിലയിരുത്തലും, പുനപരിശോധനയും നടപ്പാക്കും. വിലയിരുത്തല്‍ ഉത്തരവിന്റെ കരട് പല സ്ഥലങ്ങളിലായിട്ടായിരിക്കും പുന:പരിശോധിക്കുക. എന്നാല്‍ ഇത്തരം വിലയിരുത്തലുകള്‍ ചെയ്യുന്നത് സാധാരണ കേസുകളിലാണ്. നികുതി സംബന്ധമായ അന്തര്‍ദേശീയ വിഷയങ്ങള്‍, കള്ളപ്പണ നിയമം, ബിനാമി നിയമം തുടങ്ങിയവ ഉള്‍പ്പെട്ട കേസുകളില്‍ ഈ വകുപ്പുകള്‍ ബാധകമാവില്ല.
നികുതി വിലയിരുത്തല്‍ എളുപ്പമാക്കിയതും, അതിന്റെ പ്രക്രിയകള്‍ സുതാര്യമാക്കിയതും നികുതി ദായകന്റെ മേലും ഉത്തരവാദിത്തം കൂട്ടിയിട്ടുണ്ട്. നികുതി റിട്ടേണുകളില്‍ പുതിയ ചില വിവരങ്ങള്‍ ശേഖരിക്കും. പാസ്പോര്‍ട്ട് നമ്പര്‍, നിക്ഷേപങ്ങള്‍, വിദേശ യാത്രകള്‍, യാത്രകളില്‍ രണ്ടു ലക്ഷം രൂപയില്‍ അധികം ചെലവാക്കിയോ, ഒരു ലക്ഷം രൂപയ്ക്കു മേല്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയവ. പാന്‍ (ഫോം 26 എഎസ്) എന്നറിയപ്പെടുന്ന നികുതി ദായകന്റെ അക്കൗണ്ട് 01-06-2020 മുതല്‍ പൂര്‍ണ്ണമായ വിവരണത്തിനെടുക്കും. പ്രത്യേക സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുതിയ ഫോം 26 എഎസില്‍ ഉണ്ടാകും. 50,000 രൂപയില്‍ മുകളിലുള്ള എല്ലാ കൊടുക്കല്‍ വാങ്ങലുകളും നിക്ഷേപങ്ങളും അവയില്‍ വരും. 26 എഎസിലുള്ള ഈ വിവരങ്ങള്‍, വര്‍ഷാവസാനത്തില്‍ മാത്രം പൂരിപ്പിക്കുന്നതല്ല. എല്ലാ മൂന്നു മാസം കൂടുമ്പോഴും പുതുക്കിക്കൊണ്ടിരിക്കും.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് കൂടുതല്‍ ശക്തി പകരുന്ന മറ്റൊരു സൗകര്യവുമുണ്ട്. ഏത് ഓഫീസര്‍ക്കും, മറ്റേത് ഓഫീസറില്‍ നിന്നും, അല്ലെങ്കില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ 26 എഎസില്‍ ചേര്‍ക്കാനാകും. നികുതി ദായകനെതിരെ എടുത്ത നടപടികള്‍, പുറപ്പെടുവിച്ച ഉത്തരവുകള്‍, ജിഎസ്ടി, ബിനാമി നിയമം തുടങ്ങിയവ അനുസരിച്ചുള്ള കണ്ടെത്തലുകള്‍ ഒക്കെ 26 എഎസില്‍ ചേര്‍ക്കാം. ഇതിലൂടെ നികുതി ദായകന് മാത്രമല്ല നികുതി വകുപ്പ് അധികാരികള്‍ക്കും അവ അറിയാനും, അതിലേക്ക് പ്രവേശിക്കാനും സാധിക്കും. പുതിയ 26 എഎസിന്റെ വരവോടെ ഉണ്ടാകുന്ന ഫലം എന്തെന്നാല്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് തന്റെ കക്ഷിയെ പറ്റിയുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഫോം 26 എഎസ് ആവശ്യപ്പെടാം. സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്ക് പ്രശ്നങ്ങളില്ല എന്ന് ഉറപ്പു വരുത്താന്‍ കഴിയും.
ഒരു നികുതി ദായകനും, ബാങ്കില്‍ നിന്നോ, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഉണ്ടായിട്ടുള്ള നിയമ നടപടികളുടെ വിവരങ്ങള്‍ മറച്ചുവയ്ക്കാനാകില്ല. ഈ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി നികുതി ദായകരോട് കൂടുതല്‍ അനുകമ്പാ പൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം തന്നെ ആധുനികമായ പുതിയ സമ്പ്രദായം നിയമ ലംഘകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വിഷമമുള്ളതാക്കി തീര്‍ക്കുകയും ചെയ്യും. ഒരു സത്യസന്ധമായ നികുതി സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ നമുക്ക് എല്ലാവര്ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാം.
-എം ആര് രഞ്ജിത്ത് കാര്ത്തികേയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: