ന്യൂദല്‍ഹി: പവിഴപ്പുറ്റിലിടിച്ച് എണ്ണക്കപ്പല്‍ തകര്‍ന്ന ദുരന്തത്തില്‍ മൗറീഷ്യസിന് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യ. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച തടയാന്‍ 30 ടണ്‍ സാങ്കേതിക ഉപകരണങ്ങളും വസ്തുക്കളും മൗറീഷ്യസിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ ലോകത്തോടുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യയുടെ അടിയന്തരനീക്കം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തയാറാക്കിയ 10,000ല്‍ അധികം ഉയര്‍ന്ന ശേഷിയുള്ള എണ്ണ ആഗിരണം ചെയ്യുന്ന പാഡുകളുമായി വ്യോമസേനയുടെ വിമാനങ്ങള്‍ പാലം വിമാനത്താവളത്തില്‍ നിന്ന് മൗറീഷ്യസിലേക്ക് വൈകിട്ടോടെ പറന്നു.
ഇന്ത്യന്‍ തീരസംരക്ഷണ സേനയും സഹായത്തിനൊപ്പമുണ്ട്. കപ്പലില്‍ ഉണ്ടായ ഈ വലിയ ചോര്‍ച്ചയെ കൈകാര്യം ചെയ്യാന്‍ മൗറീഷ്യസിന് സാധിക്കില്ലെന്നും ലോകരാജ്യങ്ങള്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നൗത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. ചോര്‍ച്ചയെ നേരിടാന്‍ സാങ്കേതിക ഉപകരണങ്ങളും വസ്തുക്കളും മൗറീഷ്യസിലേക്ക് അയച്ച് ഇന്ത്യയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
എണ്ണ ചോര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം നേടിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) ഉദ്യോഗസ്ഥരുടെ 10 അംഗ സാങ്കേതിക പ്രതികരണ സംഘത്തോടൊപ്പം മെറ്റീരിയല്‍ സഹായങ്ങളും മൗറീഷ്യസിലേക്ക് അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ചൈനയില്‍ നിന്നും ബ്രസീലിലേക്ക് പോകുംവഴിയാണ് ജാപ്പനീസ് എണ്ണക്കപ്പലായ എംവി വക്കാഷിയോ ജൂലൈ 25 ന് കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചത്. തുടര്‍ന്ന് നടത്തിവന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഭീമന്‍ തിരമാലകള്‍ അടിച്ച് കപ്പല്‍ രണ്ടായി പിളര്‍ന്നത്. ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിപരന്നത്. തുടര്‍ന്ന് മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക