കൊച്ചി: ഓരോ പത്രസമ്മേളനത്തിലും മാധ്യമ പ്രവര്‍ത്തകരെ മാധ്യമ ധര്‍മ്മം പഠിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നൊക്കെയാണ് ഉപദേശം. ഇതേറ്റെടുത്ത് അനുയായികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും നടത്തുന്നു.
മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്. വ്യാജമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ചാരക്കേസ്, പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ദേശാഭിമാനി ഒന്നാം പേജില്‍ അന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം അവരുടെ വാര്‍ത്തയില്‍ പാര്‍ട്ടി പത്രത്തെ പരാമര്‍ശിച്ച ചൂണ്ടിക്കാട്ടി ‘ചാരവൃത്തിക്കേസ് അധ്യായം തുറന്നത് ദേശാഭിമാനി’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്. ചാരക്കേസില്‍ മനോരമ പത്രത്തിനൊപ്പം തന്നെ വ്യാജ വാര്‍ത്തകള്‍ ദേശാഭിമാനിയും നല്‍കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും പ്രഭാവര്‍മ്മയുടെ സംഭാവനയായിരുന്നു. ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ് ചാരവൃത്തിയുടെ ലക്ഷ്യമെന്നാണ് ഒരു വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. അതേ പ്രഭാവര്‍മ്മയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയോടെയാണ് പിണറായി ഇപ്പോള്‍ ഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്.
ഇല്ലാത്ത ചാരക്കേസ് ഉയര്‍ത്തിക്കാട്ടിയാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണത്തിലെത്തിയത്. അന്ന് ഐജിപി ആയിരുന്ന രമണ്‍ ശ്രീവാസ്തവക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. ശ്രീവാസ്തവയുമായുള്ള ബന്ധത്തെച്ചൊല്ലി മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജിവെക്കേണ്ടിയും വന്നു. അന്ന് വാര്‍ത്തകളിലൂടെ പാര്‍ട്ടി പത്രവും സിപിഎമ്മും കടന്നാക്രമിച്ച ശ്രീവാസ്തവ ഇന്ന് പിണറായിയുടെ പോലീസ് ഉപദേശകനായി പ്രഭാവര്‍മ്മക്കൊപ്പം അതേ ഓഫീസിലുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമ സെക്രട്ടറിയായ പി.എം. മനോജ്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമുണ്ട്. ബൂര്‍ഷ്വാ പത്രപ്രവര്‍ത്തകരെ സൂചിപ്പിക്കാന്‍ ലെനിന്‍ ഉപയോഗിച്ച ‘ആണ്‍വേശ്യ’ എന്ന പദം കടമെടുത്താണ് ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ സിപിഎം സഹയാത്രികനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മനോജിനെ വിശേഷിപ്പിക്കുന്നത്.
വാര്‍ത്തക്കായി മനോജ് വ്യാജരേഖ നിര്‍മ്മിച്ചതായും ബര്‍ലിന്‍ തുറന്നെഴുതി. ‘മനോരമയിലും സിപിഎം സെല്‍, കെ.എം. മാത്യുവിന്റെ കത്ത്’ എന്ന തലക്കെട്ടില്‍ 2001 ഫെബ്രുവരി 15നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതിനൊപ്പം സിപിഎം പ്രവര്‍ത്തനം തടയണമെന്ന് ചൂണ്ടിക്കാട്ടി മനോരമ ചീഫ് എഡിറ്ററായ കെ.എം. മാത്യു അയച്ചതെന്ന് അവകാശപ്പെട്ട ഒരു കത്തും പ്രസിദ്ധീകരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മനോരമ കേസ് നല്‍കി.
”ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ ഹെഡ്ഡില്‍ ഫോണ്‍ നമ്പര്‍ പോലും മാത്യുവിന്റേതായിരുന്നില്ല. ഒരു പത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജരേഖ ചമച്ച് പ്രസിദ്ധീകരിച്ചതിന് മറ്റൊരു പത്രത്തിന്റെ പേരില്‍ കോടതിയില്‍ കേസ് വരുന്നത് ആദ്യമായാണ്.
പിണറായി പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളെയും പിന്തള്ളി പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം. മനോജാണ് വ്യാജരേഖയുടെ നിര്‍മ്മാതാവ്. ചീഫ് എഡിറ്ററായ തന്നോട് ചോദിക്കാതെ വ്യാജകത്ത് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വി.എസ്. അച്യൂതാനന്ദന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നു. പത്രം അപമനാനിക്കപ്പെട്ടുവെന്ന് വി.എസ്. പറഞ്ഞു”. പുസ്തകത്തില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക