Categories: Varadyam

സ്വന്തം കഥകളിലൂടെയും നിര്‍മാണ വൈദഗ്‌ദ്ധ്യത്തിലൂടെയും മലയാള സിനിമ-സീരിയല്‍ രംഗത്ത് വിജയമുദ്ര പതിപ്പിച്ച നന്മ നിറഞ്ഞ ഒരു മനുഷ്യനെക്കുറിച്ച്

ലോകസിനിമയിലെ ക്ലാസ്സിക്കുകള്‍ അടക്കം നാലായിരത്തില്‍പ്പരം സിനിമകളുടെ കളക്ഷന്‍ ഗോപാലകൃഷ്ണന്റെ ലൈബ്രറിയിലുണ്ട്. പതിനായിരത്തില്‍ അധികം പുസ്തകങ്ങളും. അടൂര്‍ഭാസി അവാര്‍ഡും സിനി ടെക്‌നീഷ്യന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്

ഥകളുടെ അക്ഷയഖനി ഹൃദയത്തില്‍ സൂക്ഷിച്ച ഒരാള്‍. കഥകള്‍ പറയാനും കഥകള്‍ കേള്‍ക്കാനും ഏറെ ഉത്സാഹത്തോടെ സന്നദ്ധനായ ഒരാള്‍. അങ്ങനെയുള്ളൊരു വ്യക്തിത്വത്തപിന് ഉടമയായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 19 ന് ചെന്നൈയിലെ കെ. കെ. നഗറിലുള്ള വസതിയില്‍ എണ്‍പത്തിമൂന്നാമത്തെ വയസ്സില്‍ അന്തരിച്ച തിരക്കഥാകൃത്തും നിര്‍മാതാവുമായ ഗോപിയേട്ടന്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന കെ. ഗോപാലകൃഷ്ണന്‍. ആറ് പതിറ്റാണ്ട് കാലത്തോളം നാടക, സിനിമ, സീരിയല്‍ രംഗത്ത് നിറഞ്ഞുനിന്നതിന് ശേഷമായിരുന്നു മരണത്തിന്റെ മഞ്ഞുമലയിലേക്കുള്ള ആ വിടവാങ്ങല്‍.

മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് മൂത്രാശയ സംബന്ധമായ രോഗം ബാധിച്ച് കിടപ്പിലാകുംവരെ അദ്ദേഹം പ്രവര്‍ത്തന നിരതനായിരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ കുടുംബവേരുകളുള്ള ഗോപാലകൃഷ്ണന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലെ അമിഞ്ചിക്കരയിലാണ്. അച്ഛന്‍ വേലായുധ മേനോന്‍  സര്‍ക്കാര്‍ കോണ്‍ട്രാക്ടറായിരുന്നു.

ചെറുപ്പം മുതലേ വിപുലമായ വായനാശീലമുണ്ടായിരുന്ന ഗോപാലകൃഷ്ണന്‍, ചെന്നൈയിലെ പ്രശസ്തമായ പച്ചയ്യപ്പാസ് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയതിന് ശേഷം മദ്രാസ് പോര്‍ട്ട് ട്രസ്റ്റില്‍ ഉദ്യോഗസ്ഥനായി. ആ കാലഘട്ടത്തിലാണ് എഴുത്തിന്റെ മേഖലയിലേക്ക് കടക്കുന്നത്. കഥാരചനയിലായിരുന്നു തുടക്കം. പിന്നെ തമിഴ്‌നാടകത്തിലേക്ക് വഴിമാറി. തമിഴ് നാടക, സിനിമാ നടന്‍ തങ്കവേലുവുമായുള്ള സൗഹൃദമാണ് അതിന് പ്രേരകമായത്.

ഗോപാലകൃഷ്ണനെഴുതിയ ആദ്യ നാടകം മൈലാപ്പൂര്‍ ആസ്ഥാനമായുള്ള നാടകശാല സ്റ്റേജ് ചെയ്തു. പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ആ നാടകത്തിലൂടെ ഗോപാലകൃഷ്ണന് വലിയ പ്രശസ്തി ലഭിച്ചു. തിരക്കിനിടയിലും നാടകം കാണാനെത്തിയ അതുല്യ നാടക പ്രതിഭകളായ വൈ.ജി.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന വൈ.ജി. പാര്‍ത്ഥസാരഥി, കാത്താടി രാമമൂര്‍ത്തി, പിന്നീട് നടികര്‍ തിലകമായി വളര്‍ന്ന ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കുകയും, അതുവഴി അവരുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ അവസരം കൈവരുകയും ചെയ്തു.

ആ സമയത്ത് സ്റ്റേജില്‍ പയറ്റിത്തെളിഞ്ഞവരാണ് സിനിമയില്‍ എത്തിയിരുന്നത്. ഉടയാതെ സൂക്ഷിച്ചിരുന്ന സുഹൃദ് ബന്ധങ്ങള്‍ സിനിമാ ലോകത്തിലേക്കുള്ള പ്രവേശനവും ഗോപാലകൃഷ്ണന് എളുപ്പം സാധ്യമാക്കി.

അന്ന് തമിഴ്, കന്നട, തെലുങ്ക്, മലയാളം സിനിമകള്‍ പിറവിയെടുത്തിരുന്നത് ചെന്നൈയിലെ എവിഎം, ജമിനി, പ്രസാദ്, വിജയവാഹിനി, ശ്യാമള, കര്‍പ്പകം, അരുണാചലം തുടങ്ങിയ സ്റ്റുഡിയോകളിലായിരുന്നു. ഇംഗ്ലീഷ് അടക്കം നാല് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ വിദഗ്‌ദ്ധനായിരുന്ന ഗോപാലകൃഷ്ണന്‍ ചെന്നൈയിലെ ഫിലിം ഇന്‍ഡസ്ട്രിയില്‍ അതിവേഗം സര്‍വ്വസ്വീകാര്യനായി. തിരക്കഥാ ചര്‍ച്ചകളിലും ഷൂട്ടിങ് ലൊക്കേഷനുകളിലും പ്രത്യേക ക്ഷണിതാവായി.

അങ്ങനെയാണ് കന്നടത്തിലെ സൂപ്പര്‍ ഹീറോ രാജ്കുമാര്‍, നാടകാചാര്യന്‍ ബി.വി. കാരന്ത്, എഴുത്തുകാരന്‍ ശ്രീകൃഷ്ണ ആലനഹള്ളി, തെലുങ്കിലെ  പ്രശസ്ത സംവിധായകരായ ദാസരി നാരായണ റാവു, കെ. വിശ്വനാഥ്, നടന്മാരായ കൃഷ്ണ, ശോഭന്‍ ബാബു, തമിഴിലെ ക്യാരക്ടര്‍ നടന്‍ മേജര്‍ സുന്ദര്‍രാജന്‍, നാഗേഷ്, പ്രഗത്ഭ സംവിധായകരായ കര്‍പ്പകം ഗോപാലകൃഷ്ണന്‍, കെ. ബാലചന്ദര്‍, എസ്.പി. മുത്തുരാമന്‍, കവിയും ഗാനരചയിതാവുമായ വാലി, വൈരമുത്തു, മലയാളത്തിലെ പ്രമുഖ നടന്മാരായ പ്രേംനസീര്‍, കെ.പി. ഉമ്മര്‍, ജയന്‍, ജോസ് പ്രകാശ്,  സംവിധായകനും ക്യാമറാമാനുമായ വിന്‍സന്റ്, പ്രൊഡ്യൂസര്‍മാരായ ഹരിപോത്തന്‍, കെ.പി. കൊട്ടാരക്കര, സംവിധായകരായ ശശികുമാര്‍, ഭരതന്‍, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരുമായി സ്‌നേഹ സമ്പന്നമായ ഹൃദയബന്ധം ഗോപാലകൃഷ്ണന് ഉണ്ടായത്.  

ശിവാജി ഗണേശന്‍, ഗോപാലകൃഷ്ണനെ ടിനഗറിലെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും, താന്‍ അഭിനയിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയും, ഗോപാലകൃഷ്ണന്റെ വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് കഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. തെലുങ്കിലെ ഹിറ്റ് മേക്കര്‍ ദാസരി നാരായണ റാവു, ഗോപാലകൃഷ്ണന്റെ അടുത്ത മിത്രമായിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളുടെയും തിരക്കഥാ ചര്‍ച്ചകളിലും രചനകളിലും ഗോപാലകൃഷ്ണന്‍ വഹിച്ചിരുന്ന പങ്ക് ഏറെ വലുതാണ്.

ഗോപാലകൃഷ്ണന്‍ ആദ്യമായി സ്വതന്ത്ര രചന നടത്തിയത് സോമനും സുകുമാരനും നായകന്മാരായ എ.ബി. രാജ് സംവിധാനം ചെയ്ത ‘വഴികള്‍ യാത്രക്കാര്‍’ എന്ന സിനിമയാണ്. അതിന് ശേഷം നസീര്‍ നായകനായ ‘സംഘര്‍ഷം’, വിന്‍സെന്റ് ഹീറോ വേഷം ചെയ്ത ‘കണ്ടവരുണ്ടോ’, ‘പ്രിയേ നിനക്കുവേണ്ടി,’ നസീറും ജയനും മത്സരിച്ച് അഭിനയിച്ച ‘ലൗ ഇന്‍ സിങ്കപ്പൂര്‍’ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് കഥയെഴുതി. വാണിജ്യ സിനിമകള്‍ക്കു വേണ്ടിയാണ് എന്നും അദ്ദേഹം നിലകൊണ്ടത്.

സിനിമയില്‍ തിരക്കേറിയപ്പോള്‍ പോര്‍ട്ട്ട്രസ്റ്റിലെ ജോലിയില്‍നിന്ന് ഗോപാലകൃഷ്ണന്‍ വിആര്‍എസ് എടുത്ത് മുഴുവന്‍സമയ ചലച്ചിത്ര പ്രവര്‍ത്തകനായി. നിര്‍ഭാഗ്യവശാല്‍ ഏതാണ്ട് അതേസമയത്താണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമാനിര്‍മാണത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നത്. കന്നട സിനിമ ബാംഗ്ലൂരിലേക്കും തെലുങ്ക് ഹൈദരാബാദിലേക്കും മലയാളം കേരളത്തിലേക്കും പറിച്ചുനടപ്പെട്ടു. ചെന്നൈയില്‍ തമിഴ് സിനിമയൊഴികെ മറ്റു ഭാഷാചിത്രങ്ങളുടെ ചിത്രീകരണം അപൂര്‍വ്വമായി.

അതോടെ ഒന്ന് വഴിമാറി ചിന്തിക്കാന്‍ ഗോപാലകൃഷ്ണന്‍ തയ്യാറായി. ദൂരദര്‍ശന്റെ പ്രാദേശിക ചാനലുകള്‍ സീരിയലുകള്‍ ആരംഭിച്ചത് അദ്ദേഹത്തിന് വലിയ തുണയായി. സുഹൃത്തായ ആര്‍.ജി. മൂര്‍ത്തിയുമായി ചേര്‍ന്ന് തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി സല്‍സലത്ത്, അറബിക്കടലിന്റെ റാണി, ശംഖനാദം, നിയോഗം, ഇന്നത്തെ സ്‌പെഷ്യല്‍, ഗോപിക, പടവുകള്‍, ഉഷഃസന്ധ്യ, ഐ വിറ്റ്‌നസ്, സഹയാത്രിക, നീലവിരിയിട്ട ജാലകം, ദാമ്പത്യം തുടങ്ങിയ പതിമൂന്ന് എപ്പിസോഡ് സീരിയലുകള്‍ നിര്‍മിച്ചു.

പലരും സീരിയല്‍ നിര്‍മിച്ച് സാമ്പത്തിക പരാജയമേറ്റുവാങ്ങിയപ്പോള്‍ കൃത്യമായ പ്ലാനിംഗിലൂടെ സീരിയല്‍ നിര്‍മിച്ച് ലാഭം കൊയ്‌തെടുത്ത ആദ്യത്തെ സീരിയല്‍ നിര്‍മാതാവായി ഗോപാലകൃഷ്ണന്‍.സ്വകാര്യ ചാനലുകള്‍ ആവിര്‍ഭവിച്ചപ്പോള്‍ ചാരുലത, അനാമിക, റെഡ് റോസസ്സ്, ചില്ല് തുടങ്ങിയ മെഗാസീരിയലുകള്‍ നിര്‍മിച്ച് അവിടേയും ജൈത്രയാത്ര തുടര്‍ന്നു. നിര്‍മിച്ച എല്ലാ സീരിയലുകളുടെയും കഥ ഗോപാലകൃഷ്ണന്റേതായിരുന്നു.

ഇന്ന് സിനിമയില്‍ നടനും സംവിധായകനുമായി തിളങ്ങിനില്‍ക്കുന്ന ഹരിശ്രീ അശോകന്‍, ആശാശരത് തുടങ്ങിയവര്‍ ഗോപാലകൃഷ്ണന്‍-മൂര്‍ത്തി ടീമിന്റെ സീരിയലുകളിലൂടെ സിനിമയിലെത്തിയവരാണ്. അതുപോലെതന്നെ കെ.പി. ഉമ്മര്‍, സത്താര്‍, റിസബാവ, വിജയ്‌മേനോന്‍, ഇടവേള ബാബു, ജനാര്‍ദ്ദനന്‍, സീമ, നളിനി, സുകുമാരി എന്നിവരെ സീരിയലില്‍ അവതരിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

ചെന്നൈ ദൂരദര്‍ശനിലും ഗോപാലകൃഷ്ണന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സുഹാസിനി ആതിഥേയയായ ‘ലേഡീസ് ജംഗ്ഷന്‍’ നിര്‍മിച്ചത് ഗോപാലകൃഷ്ണനാണ്. അതോടൊപ്പം ജെയ് ടിവിയില്‍ ജി.എസ്. പ്രദീപിനെവച്ച് അശ്വമേധം മോഡലില്‍  ‘എന്‍ മനസ്സില്‍ യാര്‍’ എന്ന പ്രോഗ്രാമും ഗോപാലകൃഷ്ണന്‍ നിര്‍മിച്ചു. സീരിയലിന്റെ തിരക്കിനിടയിലും ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് സൗത്ത് ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ഗോപാലകൃഷ്ണന്‍.

കൊറിയന്‍ സിനിമയോടും ഇറാനിയന്‍ സിനിമയോടും പ്രതിപത്തി പുലര്‍ത്തിയിരുന്ന ഗോപാലകൃഷ്ണന്‍, ചെന്നൈയിലും തിരുവനന്തപുരത്തും ഗോവയിലും എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ സ്ഥിരം പ്രേക്ഷകനായിരുന്നു.

ലോകസിനിമയിലെ ക്ലാസ്സിക്കുകള്‍ അടക്കം നാലായിരത്തില്‍പ്പരം സിനിമകളുടെ കളക്ഷന്‍ ഗോപാലകൃഷ്ണന്റെ ലൈബ്രറിയിലുണ്ട്. പതിനായിരത്തില്‍ അധികം പുസ്തകങ്ങളും. അടൂര്‍ഭാസി അവാര്‍ഡും സിനി ടെക്‌നീഷ്യന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ സ്വഭാവവിശേഷം അദ്ദേഹത്തിന്റെ മാനവീയതയായിരുന്നു. സഹായം തേടിയെത്തുന്നവരെ ഒരിക്കലും വെറും കയ്യോടെ തിരിച്ചയച്ചിട്ടില്ല.

മലയാളസിനിമ കേരളത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ ചെന്നൈയില്‍ തൊഴിലില്ലായ്മ മൂലം ജീവിതം വഴിമുട്ടിയ ചലച്ചിത്ര പ്രവര്‍ത്തകരെ സ്വന്തം പോക്കറ്റില്‍ന്ന് പണമെടുത്തും, സിനിമയിലെ സമ്പന്നരില്‍നിന്ന് ശേഖരിച്ചും അദ്ദേഹം സഹായിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടി പ്രത്യേക ഫണ്ടും അദ്ദേഹം സ്വരൂപിച്ചിരുന്നു. അതിനെല്ലാം പ്രേംനസീര്‍ നല്‍കിയ പിന്തുണയും സാമ്പത്തിക സഹകരണവും മറക്കാനാവാത്തതാണെന്ന് ഗോപാലകൃഷ്ണന്‍ പറയുകയുണ്ടായിട്ടുണ്ട്.

മലയാളത്തിന്റെ അഭിമാനനടന്‍ മമ്മൂട്ടി എഴുതിയ ഓര്‍മക്കുറിപ്പില്‍ ഒരിടത്ത്, സജിന്‍ എന്ന പേരില്‍ താന്‍ അഭിനയിച്ച ‘സ്‌ഫോടനം’ സിനിമയുടെ ലൊക്കേഷനില്‍ സന്ദര്‍ശനത്തിനെത്തിയ ഗോപാലകൃഷ്ണനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ‘സ്‌ഫോടന’ത്തിന് ശേഷം മമ്മൂട്ടിയും ഗോപാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ചകള്‍ അധികമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരു പുതുമുഖ നടനെന്ന നിലയില്‍, അവഗണിച്ച് അകറ്റിനിര്‍ത്താതെ ്രേപാത്സാഹനവും സ്‌നേഹവാത്സല്യങ്ങളും നല്‍കിയതിന്റെ സ്മരണതന്നെയാവണം ആ പരാമര്‍ശത്തിന് കാരണം. പ്രിയപ്പെട്ടവരുടെ മരണം നമുക്ക് എന്നും വേദനയാണ്. അവരെക്കുറിച്ചുള്ള ഓര്‍മകള്‍ അതിനേക്കാളും വേദനാജനകമാണ്.

എം.കെ. മോഹന്‍ദാസ്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക