ചേളന്നൂര്‍: തണ്ണീര്‍ത്തടം നികത്തി ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പെടെ നിര്‍മ്മിക്കാനുള്ള ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിന് തിരിച്ചടി. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ അപേക്ഷ റവന്യു വകുപ്പ് തള്ളി. അമ്പലത്ത്കുളങ്ങര മുതല്‍ കുമാരസ്വാമി വരെ നീണ്ടു കിടക്കുന്ന അമ്പലത്ത്കുളങ്ങര ചാലിയില് പഞ്ചായത്തിന്റെ ഉടമസ്ഥത യിലുള്ള 41 സെന്റ് സ്ഥലം നികത്തി ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പെടെ നിര്‍മ്മിക്കാനുള്ള നീക്കമാണ് ഇതോടെ തടയപ്പെട്ടത്. ചേളന്നൂരിന്റെ ജലസംഭരണി എന്നറിയപ്പെടുന്ന പ്രദേശമാണ് അമ്പലത്ത്കുളങ്ങര ചാലി. ഇതില്‍ ഒരു ഭാഗം നികത്തി പദ്ധതി നടപ്പാക്കാനിയിരുന്നു സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതിയുടെ നീക്കം.
നെല്‍വയലിനോട് ചേര്‍ന്നു നില്ക്കുന്ന ഡാറ്റ ബാങ്കില്‍പ്പെട്ട ഇപ്പോള്‍ വെള്ളക്കെട്ട് കാരണം കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന തണ്ണീര്‍തട സ്വഭാവത്തില്‍പ്പെട്ട ഭൂമി പരിവര്‍ത്തനപ്പെടുത്തിയാല്‍ ഗുരുതര പരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് സ്ഥലം പരിശോധിച്ച സംസ്ഥാന തല നീരിക്ഷണ സമിതി അംഗം ഡോ. പി.ഒ. നമീര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലസംഭരണിയായതിനാല്‍ നികത്തിയാല്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കി സ്ഥലം നികത്താമെന്ന റിപ്പോര്‍ട്ടാണ് 2018 ജനുവരി 20ന് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ശുപാര്‍ശ നല്‍കിയത്. പ്രാദേശിക നിരീക്ഷണ സമിതിയും ഈ നീക്കത്തിന് കൂട്ടുനിന്നു.
കഴിഞ്ഞ രണ്ടു തവണയായി ഇതിന് സമീപത്തെ വയലില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് മുണ്ടകന്‍ നെല്‍കൃഷിയും നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ ഭാഗത്ത് നീര്‍ചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്
പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ഇത്തരം നീക്കത്തെ ജനകീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അത്തരം നീക്കത്തില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ഉടന്‍ പിന്മാറണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നെല്‍വയലുകളും ജലസംഭരണികളും സംരക്ഷിക്കേണ്ട ഗ്രാമപ ഞ്ചായത്ത് ഇത്തരം നിയമലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അപലപനീയമാണെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് മാപ്പുപറയണമെന്നും പ്രകൃതി സംരക്ഷണസമിതി ജില്ലാ സെക്രട്ടറി ടി.വി. രാജന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: