തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തില്‍ ആയതിനാല്‍ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ദേശീയ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കൊറോണ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇതിനായി എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് നാം ഓരോരുത്തരും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും കടകംപള്ളി അറിയിച്ചു. കൊറോണ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തിയത്.
പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ കൃഷ്ണന് കുട്ടി, കണ്ണൂരില്‍ കളക്ടര്‍ ടി വി സുഭാഷ്, പത്തനംതിട്ടയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, തൃശൂരില്‍ കളക്ടര്‍ എസ് ഷാനവാസ്, കാസര്‍കോട് മന്ത്രി ഇ ചന്ദ്രശേഖരന്, ഇടുക്കിയില്‍ മന്ത്രി എം എം മണി, വയനാട്ടില്‍ കളക്ടര്‍ അദീല അബ്ദുല്ല, കോട്ടയത്ത് മന്ത്രി പി. തിലോത്തമന്, ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്, കൊല്ലത്ത് വനം മന്ത്രി കെ രാജു, എറണാകുളത്ത് ജില്ലാ കളക്റ്റര്‍ എസ് സുഹാസ്, മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടര്‍ ഒ. ഹംസ എന്നിവര്‍ പതാക ഉയര്‍ത്തി. കോഴിക്കോട് വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്രദിന പരേഡില്‍ എഡിഎം റോഷ്നി നാരായണന് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലാണിത്. സാമൂഹ്യ അകലം പാലിച്ച് 100 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: