കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായംതേടി മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിച്ചവേളയിലെ കൂടിക്കാഴ്ചകള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘമാണ് ഇതും അന്വേഷിക്കുക. ഇവ തമ്മില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
മുഖ്യമന്ത്രിയും സംഘവും യുഎഇയില്‍ ആയിരിക്കെ, ഇപ്പോള്‍ സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. ഇക്കാര്യം സ്വപ്‌ന ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ എം. ശിവശങ്കറെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ കസ്റ്റഡി നീട്ടാന്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് ഈ വിവരങ്ങള്‍.
ചോദ്യം ചെയ്യലില്‍, പ്രതികള്‍ക്ക് വളരെ ഉന്നതരുമായുള്ള ബന്ധങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യം അന്വേഷണത്തിലാണ്. കുറ്റകൃത്യത്തില്‍ മറ്റു പലര്‍ക്കുമുള്ള ബന്ധവും അവസാന നേട്ടക്കാരും ഉപയോക്താക്കളും ആരെന്ന് കണ്ടെത്തേണ്ടതുണ്ട്, എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായുള്ള അടുപ്പം സ്വപ്‌ന ആഗസ്റ്റ് 13 ലെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌നയുടെ ഇടപാടുകള്‍ ദുരൂഹമാണെന്ന് സെക്രട്ടറിക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തില്‍ സെക്രട്ടറി ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രളയത്തിനെ തുടര്‍ന്ന് 2018 ഒക്‌ടോബര്‍ 17 മുതല്‍ 21 വരെ മുഖ്യമന്ത്രിയും മുഴുവന്‍ സംവിധാനങ്ങളും യുഎഇയില്‍ ഉണ്ടായിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായി സ്വപ്‌ന പലവട്ടം കൂടിക്കണ്ടിട്ടുണ്ട്. ഈ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് സ്വപ്‌നയേയും രണ്ട് കൂട്ടു പ്രതികളേയും കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമാണ്, എന്‍ഫോഴ്‌സ്‌മെന്റിനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍.ടി.എ അറിയിച്ചു. ആഗസ്റ്റ് 17 വരെ പ്രതികളുടെ കസ്റ്റഡി നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: