മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും മേഖലയില്‍ തങ്ങി നില്‍ക്കുന്നത് മരണത്തിന്റെ ഗന്ധം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇടുക്കിയിലുണ്ടായത്.
6ന് രാത്രി 11 മണിയോടെയാണ് സ്ഥലത്ത് ഉരുള്‍പൊട്ടലും വലിയ മണ്ണിടിച്ചിലുമുണ്ടായത്. ഇവിടെ ഒരു തടയണയുണ്ടായിരുന്നതായും സ്ഥിരീകരണമുണ്ട്. ഇതും അപകടത്തിന്റെ തീവ്രത കൂട്ടി. 1.5 കിലോ മീറ്റര്‍ അകലെ വനത്തില്‍ നിന്നാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് ഇത് വലിയ മണ്ണിടിച്ചിലായി വെള്ളത്തോടൊപ്പം മഴയില്‍ വെള്ളം ഒഴുകിയിരുന്ന നീര്‍ച്ചാലിലൂടെ ഒഴുകി പെട്ടിമുടി പുഴയിലേക്ക് എത്തുകയായിരുന്നു. നിരപ്പുള്ള മേഖലയായതിനാല്‍ ഇതിന് കരയിലായിരുന്നു ലയങ്ങള്‍ സ്ഥാപിച്ചിരുന്നത്.
4 ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. സമീപത്തെ ഒരു ലയത്തിന് നാശവുണ്ടായി. 84 പേര് താമസിച്ചിരുന്നുവെന്ന് കണ്ണന് ദേവന് കമ്പനി പറയുന്ന സ്ഥലത്ത് നിന്ന് ആകെ രക്ഷപ്പെട്ടത് 12 പേരാണ്. ഇതില്‍ ഒരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇന്നലെ വരെ 56 പേരുടെ മൃതദേഹം കണ്ടെത്തി. ഇനി ആറ് കുട്ടികളടക്കം 14 പേരെ കൂടി കണ്ടെത്താനുണ്ട്.
അപകടം നടന്ന സ്ഥലത്ത് പല തവണ കല്ലും മണ്ണും മാറ്റിയും വലിയ പാറ പൊട്ടിച്ചും പരിശോധന നടത്തി. കാണാതായവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും നിരവധിയായ ചിത്രങ്ങളും കണ്ടെത്തി. പിന്നീട് നാല് ദിവസമായി പുഴ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കന്നിയാറില്‍ നിന്ന് 15ല്‍ അധികം മൃതദേഹങ്ങള്‍ കïെത്തി. തെരച്ചില്‍ തുടരുമ്പോഴും കഴിഞ്ഞ രണ്ട് ദിവസമായി കാര്യമായ ഫലങ്ങള്‍ ലഭിച്ചിട്ടില്ല.
മരണം പെയ്തിറങ്ങിയ കനത്ത മഴയും തണുപ്പുമുള്ള രാത്രിയില്‍ പലരും ഗാഡനിദ്രയിലായിരുന്നപ്പോഴാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം ആര്‍ത്തലച്ചെത്തിയത്. വലിയ ശബ്ദം കേട്ടെങ്കിലും പലരും ഇതിനാല്‍ ഇതറിഞ്ഞില്ല, അറിഞ്ഞ ഏതാനം പേര് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈദ്യുതിയും മൊബൈല്‍ നെറ്റ് വര്‍ക്കും ഇല്ലാതിരുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. അതായത് എട്ട് മണിക്കൂറോളം കഴിഞ്ഞ്.
സംഭവമറിഞ്ഞ് ദുരന്തഭൂമിയിലേക്ക് ആദ്യം എത്തിയത് വനംവകുപ്പാണ്. മൂന്നാറില്‍ നിന്നുള്ള സംഘത്തിന് സ്ഥലത്തെത്താനായത് ഉച്ചയ്ക്ക് രണ്ടിനാണ്. കനത്ത മഴയും മഞ്ഞും പെരിയവാര താല്‍ക്കാലിക പാലത്തില്‍ വെള്ളം കയറിയതും തിരിച്ചടിയായി. പണി തീര്‍ത്ത പുതിയ പാലം അപ്രോച്ച് റോഡ് നിര്‍മ്മിക്കാതിരുന്നതും രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു.
ആദ്യം എത്തിയവര്‍ക്ക് എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. എങ്ങും മരണത്തിന്റെ ഗന്ധം. ഇടമലക്കുടിയിലേക്കുള്ള യാത്രയില്‍ ഉള്ള പ്രകൃതി മനോഹരമായിരുന്ന പ്രദേശമായിരുന്നു പെട്ടിമുടി. സമീപത്തായി ഒരു കാന്റീനിനും പെട്ടിമുടി ക്ഷേത്രവും ഉള്‍പ്പെട്ട സ്ഥലം. മലയുടെ താഴ് വരയില്‍ അതീവ സുരക്ഷിതമെന്ന് തോന്നിക്കുന്ന സ്ഥലമായിരുന്നു ഇതെന്നും ഇവിടെ സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കുന്നു.
ഈ സ്ഥലത്തെയാണ് ശവപറമ്പാക്കി മാറ്റി പ്രകൃതി സംഹാര താണ്ഡവമാടിയത്. കുതിച്ചെത്തിയ മലവെള്ളം ഒരു പ്രദേശത്തെ മുഴുവന്‍ താഴ് വരയിലേക്ക് പറിച്ചെറിഞ്ഞു. വലിയ സ്വപ്നം കാണുവാന്‍ സാധിക്കാതിരുന്ന ചെറിയ മനുഷ്യരെയാണ് വിധി കവര്‍ന്നത്. നേരം പുലര്‍ന്നപ്പോള്‍ പ്രകൃതിക്ക് വരെ ഭയാനകമായ മൗനം. ഇപ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ഉള്ളിലെ നടുക്കം മാറിയിട്ടില്ല. പലരും കൊടും തണുപ്പില്‍ കമ്പിളി പുതച്ച് നല്ല ഉറക്കത്തിലായിരുന്നു അപകട സമയത്ത്. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോഴും പലരുടേയും ദേഹത്ത് കമ്പിളി ഉള്ളതിനാല്‍ ചെളി പുരണ്ടിരുന്നില്ല. ഇതിനര്‍ത്ഥം അപകടം നടന്നത് പോലും ഇവരറിഞ്ഞിട്ടില്ല എന്നതാണ്. ഇത്തരത്തില്‍ ചെറിയ തുക വരുമാനത്തില്‍ അതിലും ചെറിയ പ്രാഥമിക സൗകര്യത്തില്‍ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന 20 ഓളം കുടുംബങ്ങളെയാണ് നിമിഷങ്ങള്‍ക്കകം പ്രകൃതി തുടച്ച് നീക്കിയത്. രക്ഷപ്പെട്ട മിക്കവരും ഇതോടെ അനാഥരുമായി.
കാണാതായവര്‍ വെള്ളപ്പാച്ചില്‍ ഒഴുകിപോയതായി നിഗമനം
മൂന്നാര്‍ പെട്ടിമുടിയില്‍ ദുരന്തം നടന്ന് പരിശോധന എട്ട് ദിവസം പിന്നിടുമ്പോള്‍ കണ്ടെത്താനുള്ളവര്‍ മലവെള്ളപ്പാച്ചില്‍ ഒഴുകി പോയതായി നിഗമനം.
ഇതിന്റെ അടിസ്ഥാനത്തില്‍ കന്നിയാര്‍ പുഴയിലും മാങ്കുളം, ഭൂതത്താന്‍ കെട്ട്, പെരിയാര്‍ മേഖലകളിലും മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ലയങ്ങള്‍ ഇരുന്ന സ്ഥലത്ത് മൂന്ന് തവണ പൂര്‍ണ്ണമായും കുഴിച്ച് പരിശോധന നടത്തി. അടുത്ത ദിവസം തന്നെ റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തും.
കന്നിയാര്‍ പുഴ മാങ്കുളം പുഴയുമായി ചേര്‍ന്ന് പൂയംകുട്ടി-കുട്ടമ്പുഴ വഴി ഭൂതത്താന്‍ കെട്ടിലാണ് എത്തുന്നത്. ഇവിടെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കണ്ടെത്താനുള്ളവര്‍ ഒഴുകി പെരിയാറ്റിലേക്ക് എത്തിയതാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കിയതായി സബ് കളക്ടറും അറിയിച്ചു.
കഴിഞ്ഞ നാല് ദിവസമായി പുഴ കേന്ദ്രീകരിച്ചും വനത്തിലുമാണ് തെരച്ചില്‍ നടത്തുന്നത്. ഇതിലാണ് അധികവും മൃതദേഹങ്ങള്‍ കിട്ടിയത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്കയെയാണ് കണ്ടെത്തിയത്. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്റെ നാല് കിലോ മീറ്ററോളം താഴെ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്.
ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് തെരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് വെള്ളം കയറി കിടന്നിരുന്ന വനമേഖലകളിലും തെരച്ചില്‍ നടന്നുവരുന്നു. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. വരും ദിവസങ്ങളിലും ഇതിന് താഴേക്കുള്ള മേഖലയിയും ഗ്രാവല്‍ ബങ്കിലുമാണ് പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: