ദല്‍ഹി: ഇന്ത്യ വികസിപ്പിച്ച കൊറോണ വാക്സിനായ ‘കൊവാക്സിന്റെ’ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വന്‍വിജയം. വാക്സിന് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും രണ്ടാം ഘട്ട പരീക്ഷണം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. 12 കേന്ദ്രങ്ങളിലായി 375 പേരിലാണ് വാക്സിന് പ്രയോഗിച്ചത്.
ഇതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ജനകോടികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ജീവന്‍രക്ഷാ മരുന്ന് ലഭ്യമാകുമെന്ന പ്രതീക്ഷ ഇന്ത്യയിലും മറ്റു വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ഉടലെടുത്തിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന സ്വകാര്യ ലാബും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സാഴ്സ് കോവ് രണ്ട് എന്ന കൊറോണ വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഭാഗം ഭാരത് ബയോടെക്കിന് കൈമാറുകയും അവര്‍ ഐസിഎംആറിലെ വിദഗ്ധരുടെ സഹായതോടെ ഇതുപയോഗിച്ച് വാക്സിന് വികസിപ്പിക്കുകയുമായിരുന്നു.
വാക്സിന് പ്രയോഗിച്ച ആരിലും പ്രതികൂലമായ ഒരു പ്രതികരണം പോലുമുണ്ടായിട്ടില്ലെന്ന് പ്രധാന ഗവേഷക ഡോ. സവിത വര്‍മ പറഞ്ഞു. ഹരിയാനയിലെ റോഹ്തക്കിലെ പണ്ഡിറ്റ് ബി ഡി ശര്‍മ്മ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മരുന്നു പരീക്ഷണത്തിന് നേതൃത്വം നല്കുന്ന ഡോക്ടറാണ് സവിത.
വാക്സിന് എത്രമാത്രം പ്രതിരോധം ശരീരത്തിലുണ്ടാക്കുമെന്ന് വിലയിരുത്താന്‍ മരുന്ന് പ്രയോഗിച്ചവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചുവരികയാണ്. ഇതിനൊപ്പം ഇവര്‍ക്ക് രണ്ടാം ഡോസ് മരുന്നും നല്‍കുന്നുണ്ട്. മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 375 പേരിലാണ് വാക്സിന് കുത്തിവച്ചത്. അടുത്ത ഘട്ടങ്ങളും വിജയകരമായാല്‍ 2021 ആദ്യം മരുന്ന് ഉല്‍പ്പാദിപ്പിക്കാം.
രണ്ടാം ഡോസ് നല്കിയവരിലും പ്രശ്നങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് എയിംസിലെ പ്രധാന ഗവേഷകന് ഡോ. സഞ്ജയ് റായ് പറഞ്ഞു. കൊവാക്സിനു പുറമേ കാഡിലയുടെ സൈക്കൊവിഡ്, എന്ന മരുന്നും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ മരുന്നും മനുഷ്യരിലെ പരീക്ഷണങ്ങളുടെ പല ഘട്ടങ്ങളില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: