കമ്യൂണിസ്റ്റുകാരുടെ നെറികേടും രാജ്യവിരുദ്ധതയും തിരിച്ചറിയാനുള്ള മറ്റൊരു അവസരമായിരിക്കുകയാണ് റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം. അതിനും ഒരു മാസം പിന്നോട്ട് പോയാല്‍ മതി. ജൂലൈയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ തയ്യാറെന്ന് ലോകത്തോട് പ്രഖ്യാപിക്കാന്‍ പാകത്തില്‍ ആ മേഖലയിലുള്ള പഠന ഗവേഷണങ്ങളും ക്ലിനിക്കല്‍ ട്രയലുകളും വേഗത്തിലാക്കണം എന്ന് ഐസിഎംആര്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ഗവേഷണ കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു എന്നതായിരുന്നു അത്. ഐസിഎംആറിന്റെ തന്നെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു ഭാരത് ബയോടെക് വികസിപ്പിച്ച ‘കോവാക്‌സിന്‍’ എന്ന പ്രതിരോധ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അക്കാലത്ത് തന്നെ അനുമതി നല്‍കിയിരുന്നതുമാണ്.
എന്നാല്‍ അന്ന് അതിനെതിരെ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. തിരക്കിട്ടു അങ്ങനെ കോവിഡ് വാക്‌സിന്‍ ഇറക്കരുതെന്നും, പതുക്കെ പഠിച്ചു സാവകാശം മതി പ്രഖ്യാപനം എന്നും, അല്ലെങ്കില്‍ വലിയ അപകടമാണെന്നും ഒക്കെ വാദിച്ചു അവര്‍ ബദല്‍ ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ പടച്ചിരുന്നു.എന്തിനേറെ! കൊവിഡ് വാക്സിന്‍ ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള നീക്കം ഭയാനകവും മനുഷ്യജീവന്‍ വച്ചുള്ള പന്താടലുമാണെന്ന് സിപിഐ-എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നേരിട്ടവതരിച്ചു പ്രഖ്യാപിക്കുക വരെ ചെയ്തിരുന്നു. ഇന്ത്യ അതിവേഗം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ അപ്പോള്‍ അതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്.
എന്നാല്‍ ഇപ്പോഴോ?
റഷ്യ തങ്ങളുടെ ‘സ്പുട്‌നിക് 5’ എന്ന കോവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് വഌഡമിര്‍ പുട്ടിന്റെ മകള്‍ തന്നെ ആദ്യ കുത്തിവെയ്‌പ്പ് എടുക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ സഖാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ റഷ്യയെ പുകഴ്‌ത്തിയും ഇന്ത്യയെ ഇകഴ്‌ത്തിയുമുള്ള പ്രചാരണങ്ങള്‍ തുടങ്ങി.
എന്തൊക്കെയാണ് പ്രതികരണങ്ങള്‍?
റഷ്യ കൊവിഡിന് വാക്‌സിന്‍ ഉണ്ടാക്കി; നമ്മള്‍ ഇവിടെ അമ്പലവും കെട്ടിയിരിക്കുന്നു. പുടിന്‍ അവിടെ വാക്‌സിന്‍ പ്രഖ്യാപിക്കുമ്പോള്‍ മോദി ഇവിടെ ഗോമാതാവിനെ പൂജിക്കുന്നു. അതൊക്കെയാണ് വികസിത രാഷ്‌ട്രങ്ങള്‍. ഇവിടെയും ഉണ്ടല്ലോ ചാണകത്തിലും ഗോമൂത്രത്തിലും ഗംഗാജലത്തിലും മാത്രം ഗവേഷണം ചെയ്യുന്ന കുറേ ആര്‍ഷ ഭാരത ചാത്രജ്ഞന്മാര്‍. ഇതൊക്കെ പരിഹാസത്തിന്റെ ചില സാമ്പിളുകള്‍ മാത്രമാണ്.
ഇന്ത്യ വളരെ മോശമാണെന്നും, ഇവിടെ യാതൊരു ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളും നടക്കുന്നില്ലെന്നും, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു നമ്മള്‍ വളരെ പിന്നില്‍ ആണെന്നും ഒക്കെയാണ് പരിഹാസത്തിന്റെ രത്‌നചുരുക്കം.
എന്നാല്‍ അത് അസത്യവും അസംബന്ധവും ആണെന്ന് അവര്‍ക്ക് നന്നായറിയാം. ഏറ്റവും ചുരുങ്ങിയത്, കൊവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഇന്ത്യ വളരെ മുന്നില്‍ ആണെന്ന് അതിന്റെ അതിവേഗത്തെ വിമര്‍ശിച്ചിരുന്ന അവര്‍ക്ക് നേരിട്ടറിവുണ്ട്. ഒന്നുങ്കില്‍ മന്ദിരം അല്ലെങ്കില്‍ മെഡിക്കല്‍ ഗവേഷണം എന്ന ബൈനറി അനാവശ്യമാണെന്നും, രണ്ടും ഒരേ സമയം സാധ്യമാണെന്നും, അവ രണ്ടും ഇവിടെ നടക്കുന്നുണ്ടെന്നും അവര്‍ക്ക് ബോധ്യമുണ്ട്. എന്നിട്ടും അതൊക്കെ മറച്ചു വെച്ച് ഉള്ളില്‍ തികട്ടി വരുന്ന പഴയ സോവിയറ്റ് ഭക്തിയുടെ മൂച്ചില്‍ ഭാരതത്തെ അടച്ചാക്ഷേപിച്ചു ആഘോഷിക്കുകയാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതും, കമ്യൂണിസ്റ്റ് പാര്‍ട്ടി നിലം പൊത്തിയതും, റഷ്യയില്‍ വലതുപക്ഷ മുതലാളിത്ത ഭരണം വന്നതും ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. നാണമില്ലാത്തൊരു വര്‍ഗ്ഗം!
അഡ്വ. ശങ്കു.ടി.ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: