ഭാരതത്തെ വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഡിജിറ്റല്‍ ശാക്തീകരണ സമൂഹവുമുള്ള രാജ്യമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, ഇന്ത്യയില്‍ എല്ലായിടത്തും എല്ലാവരിലേക്കും ഇന്റ്റര്‍നെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ഡിജിറ്റല്‍ ഇന്ത്യ.’ ‘ഇന്റ്റര്‍നെറ്റ് സാങ്കേതിക വിദ്യയാണ് രാജ്യത്തെ ഒന്നിപ്പിക്കാന്‍ പോകുന്ന ഘടകമെന്നും ഒരു ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കാണുന്നുവെന്നും ആ ഡിജിറ്റല്‍ ഇന്ത്യയിലൂടെ നമുക്ക് ലോകത്തോട് മത്സരിക്കാനാകുമെന്നും 2014ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോടായി പറഞ്ഞു’. സര്‍വ മേഖലകളെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാക്കി. കോവിഡ് വ്യാപന സമയത്ത് പ്രഖ്യാപിക്കപ്പെട്ട പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്റെ തുടക്ക കാലത്തുമാത്രം 33 കോടിയിലേറെ പാവപ്പെട്ട ജനങ്ങള്‍ക്കായി 32,822 കോടി രൂപയുടെ ധനസഹായമാണ്, ബാങ്കിങ് മേഖലയില്‍ ഊന്നല്‍ നല്‍കിയ ഡിജിറ്റല്‍ ഇടപാടുകളിലൂടെ നേരിട്ട് വിതരണം ചെയ്തത്. അതോടൊപ്പം തന്നെ മാനവവിഭവശേഷി മന്ത്രായലവും നാഷണല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പും സംയുക്തമായി വികസിപ്പിച്ച ദീക്ഷ(DIKSHA) അധ്യാപകര്‍ക്കായുള്ള ദേശീയ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇ വിദ്യാഭ്യാസം, ഇ ബുക്കുകള്‍(പാഠപുസ്തകങ്ങള്‍), നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്ക് (എന്‍.കെ.എന്‍) വഴി എല്ലാ സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും സൗജന്യ വൈഫൈ, ദേശീയതലത്തില്‍ ഡിജിറ്റല്‍ സാക്ഷരത പദ്ധതി,ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകള്‍ തുടങ്ങി വിദ്യാഭ്യാസമേഖലയുടെ സമഗ്രമായ സാങ്കേതികവത്ക്കരണം ഇതിനകം തന്നെ ഭാരതസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഇന്‍ഫര്‍മേഷന്‍ ആന്റ്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയിലും മറ്റ് അത്യാധുനിക തലങ്ങളിലും ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ സാങ്കേതിക വിജ്ഞാന സമ്പുഷ്ടമാക്കുകയും ആഗോള നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്തുന്നതിനും ദേശീയ വിദ്യാഭ്യാസ നയം 2020 ഊന്നല്‍ നല്‍കുന്നു. ദേശീയ വിദ്യാഭ്യാസ സാങ്കേതികവിദ്യ ഉപയോഗത്തെക്കുറിച്ചുള്ള ആശയങ്ങളുടെ കൈമാറ്റം, പഠനം, ബോധന ശാസ്ത്രം, പഠ്യേതര വിലയിരുത്തല്‍, ആസൂത്രണം, ഭരണ നിര്‍വഹണം, സാങ്കേതികവിദ്യയുടെ വിന്യാസം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി സ്‌കൂള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യയുടെ ബൗദ്ധികവും സ്ഥാപനപരവുമായ കഴിവുകള്‍ വികസിപ്പിക്കുക, അറിവും ഗവേഷണവും പങ്കിടാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുക, സാങ്കേതിക ഊര്‍ജ്ജ മേഖലകള്‍ വിഭാവനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ നാഷണല്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി ഫോറം (National Educational Technology Forum, NETF) രൂപീകരിക്കും.
- വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലയില്‍ ദേശീയ വിദ്യാഭ്യാസത്തിലേക്കുള്ള സാര്‍വത്രിക പ്രവേശനം,അധ്യയനം,ബോധനശാസ്ത്രം, നിരന്തര മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍(Formative assessment),സമയ ക്രമം(ടൈം ടേബിള്‍),ഹാജര്‍, പ്രൊഫഷണല്‍ വികസനത്തിന് വേണ്ട പരിശീലന പരിപാടികള്‍(workshop), കോണ്‍ഫറന്‍സുകള്‍, അതിനുവേണ്ട സാങ്കേതിക ഗവേഷകര്‍, സംരംഭകര്‍, പരിശീലകര്‍ എന്നിവരുടെ ലഭ്യത തുടങ്ങി മേല്‍പ്പറഞ്ഞ എല്ലാ ദൈനംദിന സ്‌കൂള്‍/ ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി സാങ്കേതിക സമ്പന്നവും വൈവിധ്യവുമാര്‍ന്ന വിദ്യാഭ്യാസ സോഫ്റ്റ് വെയര്‍/ പ്രോഗ്രാമുകള്‍ വികസിപ്പിക്കുകയും വ്യാപിപ്പിക്കയും ചെയ്യേണ്ട ചുമതല നെറ്റ്ഫില്‍ നിക്ഷിപ്തമാണ്.
- സ്‌കൂളുകളില്‍ ഇന്റ്റര്‍നെറ്റ് സാങ്കേതിക വിദ്യകളുടെ ആരോഗ്യകരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യത, നിയമങ്ങള്‍, ഡാറ്റ കൈകാര്യം ചെയ്യല്‍, ഡാറ്റ പരിരക്ഷണം, സമകാലിക നൈതിക പ്രശ്‌നങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികാവബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് നെറ്റ്ഫ്/ എം.എച്ച്ആ.ര്‍.ഡി ഊന്നല്‍ നല്‍കും
- മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റ്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വിര്‍ച്വല്‍ ക്ലാസ്സുകളിലെ സാങ്കേതിക സംവിധാനങ്ങളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സ് (AI), 3ഉ / 7ഉ വെര്‍ച്വല്‍ റിയാലിറ്റി, ഭാഷ/ സംഭാഷണ ട്രാന്‍സ്‌ക്രിപ്ഷന്‍,ഡാറ്റാ ബാങ്ക്/അനാലിസിസ് എന്നിവയിലെ ആപ്ലിക്കേഷന്‍ അധിഷ്ഠിത ഗവേഷണങ്ങളെ സമന്വയിപ്പിച്ച് സ്‌കൂള്‍ ഉന്നത/പ്രൊഫഷണല്‍ ബഹുമുഖ വിദ്യാഭ്യാസത്തിനും മറ്റ് തൊഴിലധിഷ്ഠിത പഠനങ്ങള്‍ക്കും ഉപയുക്തമാക്കും
- എന്‍സിആര്‍ടി, സിഇഇടി, സിബിഎസ്ഇ, നിയോസ്, മറ്റ് ബോഡികള്‍ / വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അദ്ധ്യാപനപഠന ഇപാഠ്യ/പാഠ്യേതര വിഷയങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും വികസിപ്പിക്കുന്നത് തുടരുകയും ദീക്ഷ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക്(DIKSHA) അപ്‌ലോഡുചെയ്യുന്നതിലൂടെ സാങ്കേതിക വിദ്യയുടെ ഉപയോഗവും സാങ്കേതിക വിഭവ സമ്പത്തും അധ്യാപകരിലേയ്‌ക്ക് വിതരണം ചെയ്യാനും കാര്യക്ഷമമാക്കാനും സാധിക്കും.
ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം: സാങ്കേതികവിദ്യയുടെ സമകാലിക അനുഭവവും ഉപയോഗവും
ആഗോള അടിയന്തര ഘട്ടങ്ങളിലും പകര്‍ച്ചവ്യാധികളുടെ സമീപകാല ഉയര്‍ച്ചയും രോഗവ്യാപനവും പുതിയ ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കുസൃതമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ രംഗത്ത് സുരക്ഷിതമായ അധ്യയന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതിന്റ്റെ ആവശ്യകത വിളിച്ചോതുന്നു. രാജ്യത്ത് ഏത് സാഹചര്യത്തിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റ്റെ ബദല്‍ മാര്‍ഗ്ഗങ്ങളും പുതിയ സംരംഭങ്ങളും ആവശ്യവുമാണ്; അവ നാം കരുതേണ്ടതുമാണ്. പരമ്പരാഗതവും വ്യക്തിഗതവുമായ വിദ്യാഭ്യാസ രീതികള്‍ സാധ്യമല്ലാത്ത ഇടങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നിടത്താണ് ഈ നൂറ്റാണ്ടിലെ സമകാലിക വിദ്യാഭ്യാസ നയങ്ങളുടെയും ആസൂത്രണത്തിന്റ്റെയും വിജയം. സാങ്കേതിക വിദ്യയുടെ ഈ പ്രാധാന്യം ദേശീയ വിദ്യാഭ്യാസ നയം 2020 തിരിച്ചറിയുന്നു.
ഓണ്‍ലൈന്‍ അധ്യയനത്തിന് അധ്യാപകര്‍ക്ക് അനുയോജ്യമായ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ ആന്റ്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി) പരിശീലനവും വികാസവും ആവശ്യമാണ്. കൂടാതെ ഓണ്‍ലൈന്‍ ക്ലാസ് റൂം ബോധനശാസ്ത്രങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍,ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം എന്നിവയെല്ലാം സാങ്കേതികവിദ്യയുടെ തലത്തിലേയ്‌ക്ക് പരുവപ്പെടേണ്ടതുണ്ട്, ചില വൊക്കേഷണല്‍ പാഠ്യപദ്ധതികള്‍, വിഷയങ്ങള്‍, പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ്, സയന്‍സ് പ്രാക്ടിക്കല്‍ തുടങ്ങി പരീക്ഷണാത്മക പഠനങ്ങള്‍ക്ക് ഓണ്‍ലൈന്‍ / ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ ചില പരിമിതികളുണ്ടെങ്കിലും, നൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഭാഗികമായെങ്കിലും മറ്റു പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സംവേദനക്ഷമമാക്കാന്‍ സാധിക്കും.
- മികവുറ്റ ഓണ്‍ലൈന്‍ സാങ്കേതികവിദ്യകള്‍ ഉപയുക്തമാക്കുന്ന അധ്യാപനപഠനത്തിന്, എന്‍.ഇ.പി 2020 ഇനിപ്പറയുന്ന പ്രാഥമിക തത്ത്വങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു:
- നാഷണല്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി ഫോറം (NETF), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി (CIET),നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (NIOS), ഇഗ്‌നോ, ഐഐടികള്‍, എന്‍ഐടികള്‍ പോലുള്ള ഉചിതമായ ഏജന്‍സികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായുള്ള പഠനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും
- വിദ്യാഭ്യാസ മേഖലയിലെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതും നൂതനവുമായ പൊതു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കും
- നിലവിലുള്ള ഇലേണിംഗ് പ്ലാറ്റ്‌ഫോമുകളായ സ്വയം,ദീക്ഷ എന്നിവയ്‌ക്ക് പുറമെ കൂടുതല്‍ ഉപയുക്തമായ ടുവേ വീഡിയോ, ടുവേഓഡിയോ ഇന്റ്റര്‍ഫേസ് പോലുള്ള അധ്യാപന പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും വികസിപ്പിക്കും; കൂടാതെ വിദ്യാലയങ്ങളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പരീക്ഷണാധിഷ്ഠിത വെര്‍ച്വല്‍ ലാബുകള്‍ സ്ഥാപിക്കും
- പഠിതാക്കള്‍ക്ക് അനുയോജ്യമായതും ആര്‍ട്ട് ഗാമിഫിക്കേഷന്‍ പോലുള്ള വിഷയാധിഷ്ഠിത ഓപ്പറേറ്റിംഗ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുക, ഡിജിറ്റല്‍ സമാഹാരം സൃഷ്ടിക്കുക,വിതരണം ചെയ്യുക
- അധ്യാപനത്തിനായി ടെലിവിഷന്‍(ടെലിക്ലാസ്സ് ), മാസ് മീഡിയ, കമ്മ്യൂണിറ്റി റേഡിയോ,വിദ്യാഭ്യാസാധിഷ്ഠിത ചാനലുകള്‍ തുടങ്ങി നിലവിലെ സമൂഹ്യ മാധ്യമങ്ങള്‍ സംപ്രേഷണത്തിനും പ്രക്ഷേപണത്തിനും വ്യാപകമായി ഉപയോഗിക്കുക
- 21ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നിരന്തര മൂല്യനിര്‍ണയത്തിനും പഠനം വിലയിരുത്തുന്നതിനും പരീക്ഷകള്‍ നടത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കാര്യക്ഷമത(competency), പോര്‍ട്ട് ഫോളിയോ,റുബ്രിക്‌സ്, സ്റ്റാന്‍ഡേര്‍ഡ് അസസ്‌മെന്റ്റുകള്‍, അസസ്‌മെന്റ്റ് അനലിറ്റിക്‌സ് എന്നിവയിലധിഷ്ഠിതമായ പുതിയ മൂല്യനിര്‍ണയ ചട്ടക്കൂട് നിര്‍ദ്ദിഷ്ട ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രം അല്ലെങ്കില്‍ പരാഖ്(PARAKH),സ്‌കൂള്‍ ബോര്‍ഡുകള്‍, എന്‍ടിഎ എന്നിവ രൂപകല്‍പ്പന ചെയ്യും
- ഓണ്‍ലൈന്‍ / ഡിജിറ്റല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍, നെറ്റ്ഫും മറ്റുള്ളവയും ചേര്‍ന്ന് ഡിജിറ്റല്‍ ഉള്ളടക്കം,സാങ്കേതികവിദ്യ,ബോധനശാസ്ത്രം(പെഡഗോഗി) എന്നിവയുടെ മാനദണ്ഡങ്ങള്‍ സജ്ജമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: