ദേശീയ വിദ്യാഭ്യാസ നയം പുതിയ നൂറ്റാണ്ടിന്റെ െവല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ അടിസ്ഥാനപ്രമാണങ്ങള്‍, അവ നടപ്പാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍, ജനാധിപത്യ സ്വഭാവം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗ്രാമീണ ജനസമൂഹത്തോടുള്ള പ്രതിബദ്ധത, എന്നിവ കൊണ്ട് ശ്രദ്ധേയമാണ്.1949-ല്‍സമര്‍പ്പിച്ച രാധാകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും 1966ല്‍ സമര്‍പ്പിച്ച കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ഉള്ളടക്കം സമഗ്രവും ഉന്നതനിലവാരം പുലര്‍ത്തുന്നതുമായിരുന്നുവെങ്കിലും, പ്രായോഗിക തലത്തില്‍, ഘടനാപരമായ മാറ്റം നടപ്പിലാക്കാന്‍ സര്‍ക്കാറുകള്‍ക്ക് പൂര്‍ണ്ണമായും കഴിഞ്ഞില്ല. വിദ്യാഭ്യാസ പരിഷ്‌കരണ റിപ്പോര്‍ട്ടുകള്‍ നടപ്പില്‍ വരുത്തുന്നതിന്, രാഷ്‌ട്രീയ നേതൃത്വത്തിന്റെ കരുതലും നിശ്ചയദാര്‍ഢ്യവും അനിവാര്യമാണ്.
കോളോണിയല്‍ അക്കാഡമിക് മാതൃകയില്‍ 1857-ല്‍ രൂപപ്പെട്ട കല്‍ക്കട്ട യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി ഇവയുടെ കരിക്കുലത്തിനെ അനുകരിച്ച് പിന്നീടുണ്ടായ ഇന്ത്യന്‍ യൂണിവേഴ്സിറ്റികള്‍, രാജ്യത്തിന്റെ സാമൂഹിക വികസന പ്രക്രിയയില്‍ നിന്ന് അന്യമാവുകയും യാന്ത്രികമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോവുകയും ചെയ്തു. മികവിന്റെ ദ്വീപുകള്‍ സൃഷ്ടിക്കപ്പെട്ടുവെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്തെ യുവാക്കളുടെ എണ്ണം തുലോം 26% ആയി തുടരുന്നു. ഐ.ഐ.റ്റി പോലുള്ള മികവിന്റെ കേന്ദ്രങ്ങളാകട്ടെ, മസ്തിഷ്‌ക ചോര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി മാറി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് 2020 : പ്രത്യേകതകള്‍
ദേശീയതലത്തില്‍ സ്‌കൂള്‍ ബോധന സംമ്പ്രദായത്തിനായി ഒരു ചട്ടക്കൂട് രൂപീകരിക്കുകയും പഠന വിഷയങ്ങളുടെ സമാഹരണം ദേശീയതലത്തില്‍ തന്നെ നടത്തുകയും സംസ്ഥാനങ്ങള്‍ക്ക് അവയെ പരിഷ്‌ക്കരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന നയരേഖ സ്വാഗതാര്‍ഹം തന്നെ. ഭാരതീയ വൈജ്ഞാനിക നിര്‍മ്മിതികളെ ആധുനിക ലോകത്തിലേക്ക് ശാസ്ത്രീയമായി സംവദിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍ കരിക്കുലത്തെ പരിഷ്‌കരിക്കുന്നത് പ്രധാനപ്പെട്ട മാറ്റമാണ്. അറിവിന്റെ മേഖലയില്‍ ആഗോള തലത്തിലുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന, സമഗ്രമായ അഭിപ്രായ രൂപികരണം അടിസ്ഥാനമാക്കിയ സ്വദേശീയമായ സമീപനമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായുള്ള പൂര്‍ണ്ണ സാക്ഷരതലക്ഷ്യമാണ് ധീരമായ ആദ്യത്തെ ചുവട് വെയ്പ്. പഠനം ആനന്ദകരമാക്കുന്നതിന്, പഠിതാവിന്റെ താല്പര്യങ്ങള്‍ കണക്കിലെടുക്കുന്ന പാഠ്യക്രമം ഉണ്ടാവണം. പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ സമ്മര്‍ദ്ദമില്ലാത്ത ഗ്രഹണശേഷിക്ക് പ്രാധാന്യം നല്‍കുന്ന മൂല്യനിര്‍ണ്ണയ സംമ്പ്രദായമായി മാറുന്നത് മറ്റൊരു പ്രധാന കാല്‍വെയ്പാണ്. സ്‌കൂള്‍ തലത്തിലും കോളേജ് തലത്തിലും, വിഷയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥിക്ക് നല്‍കുന്നതാണ് പുതിയ ഘടന. ഈ നിര്‍ദ്ദേശം ഗ്രാമീണ മേഖലയിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കും.
ആറാം ക്ലാസ്സ് മുതല്‍ തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിക്കുന്നത് ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാനവിദ്യാഭ്യാസം എന്ന സങ്കല്‍പ്പത്തിന് അനുസൃതമാണ്. പാഠപുസ്തകകേന്ദ്രീകൃതവും ഓര്‍മ്മ ശക്തി നിര്‍ണ്ണയത്തില്‍ അധിഷ്ഠിതവുമായ ചലനാത്മകമല്ലാത്ത, ഇന്നത്തെ സമ്പ്രദായം, കാലാനുസൃതമായി, പരിഷ്‌കരിക്കാന്‍ റിപ്പോര്‍ട്ട് കളമൊരുക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ജയിലറകളിലാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്ന ടാഗോറിന്റെ വിമര്‍ശനം ഇന്നും അര്‍ത്ഥവത്താണ്. നൂതനമായ മൂല്യനിര്‍ണ്ണയ രീതിയിലൂടെ വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വവികാസം സൂചിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് മാതൃക, ദേശീയതലത്തില്‍ തന്നെ രൂപീകരിക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളില്‍ സുപ്രധാനമായ ഒന്ന് ക്രിയാത്മക മായ നേതൃത്വനിരയെ സൃഷ്ടിക്കുകയെന്നതാണ്. ഭരണ നേതൃത്വത്തിലേക്കും നവ സംരംഭകരുടെയും കാര്‍ഷിക വ്യാവസായിക രംഗങ്ങളിലുള്ളവരുടേയും നേതൃത്വത്തിലേക്കും നവീനാശയങ്ങള്‍ സംക്രമിക്കുമ്പോള്‍ മാത്രമേ, ആത്മനിര്‍ഭാരത് എന്ന ആശയം പ്രാവര്‍ത്തികമാകു. ഡിഗ്രിതലത്തില്‍, വിദ്യാര്‍ത്ഥിക്ക് തന്റെ കഴിവുകള്‍ക്കനുസരിച്ച് വിഷയങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത് ഗുണപരമായ മാറ്റമാണ്. യുവാക്കളില്‍ നേതൃത്വശേഷിയും, ദിശാബോധവും സൃഷ്ടിക്കാന്‍, ലിബറല്‍ ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം മൂലം സാധിക്കും. ഉദാഹരണമായി ശാസ്ത്രവിദ്യാര്‍ത്ഥിക്ക് സാഹിത്യം പഠിക്കുന്നതിന് അനുവാദം നല്‍കുന്ന മള്‍ട്ടി ഡിസിപ്ലിനറി സമീപനം, ആത്മ വിശ്വാസമുള്ള പൗരന്മാരെ സൃഷ്ടിക്കാന്‍ സഹായിക്കും. ഡിഗ്രി ഒന്നാം വര്‍ഷം പഠനം അവസാനിപ്പിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഡിപ്ലോമയും, മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഡിഗ്രിയും, നാലാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓണേഴ്സ് ഡിഗ്രിയും എന്ന പരിഷ്‌കാര നിര്‍ദ്ദേശം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാകും.
പുതിയ നൂറ്റാണ്ടിന്റെ വിജ്ഞാന പ്രക്രിയയില്‍, രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പങ്കാളികളാക്കുന്നതിനായി വിദ്യാഭ്യാസത്തിന്റെ ലഭ്യത, തുല്യാവസരം, ഗുണമേന്മ, ശേഷി, സാമുഹികമായ ഉത്തരവാദിത്വം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാര നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഭാരതീയ ഭാഷകള്‍ക്ക് നല്‍കുന്ന പ്രാധാന്യം,ഭാഷാ വൈവിധ്യത്തെയും ബന്ധപ്പെട്ട സാംസ്‌കാരിക സവിശേഷതകളെയും സാഹിത്യത്തേയും ഉണര്‍വ്വുള്ളതാക്കി മാറ്റും. ആത്മവിശ്വാസവും സ്വാഭിമാനവുമുള്ള ഒരു നേതൃത്വനിരയെ, പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ തയ്യാറാക്കുന്നതിന്, മാതൃഭാഷാ മാധ്യമം എന്ന നടപടി സഹായിക്കും.
സ്വാഭിമാനവും ആത്മവിശ്വാസവുമുള്ള പൗരന്മാരാണ്, രാജ്യസുരക്ഷയ്‌ക്ക് ഉതകുന്ന കവചമായി പ്രവര്‍ത്തിക്കുക. ഭാവിയിലെ യുദ്ധം ആയുധങ്ങള്‍ കൊണ്ട് ജയിക്കാവുന്നതല്ല. മറിച്ച് മനശ്ശാസ്ത്രപരമായ യുദ്ധത്തിന്റെ നൂറ്റാണ്ടിലേക്കാണ് നാം വളര്‍ന്ന് മുന്നേറേണ്ടത്. ഈ അര്‍ത്ഥത്തിലാണ്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പുതിയ നൂറ്റാണ്ടിലേക്കുള്ള നയരേഖയായി മാറുന്നത്.
ഭാഷാനയം
ത്രിഭാഷാനയം പിന്‍തുടരുന്ന ഭാഷാനയം മൂന്ന് ഭാഷകളില്‍ രണ്ട് ഭാഷ ഇന്‍ഡ്യന്‍ ഭാഷകളില്‍ നിന്ന് തിരഞ്ഞെടുക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. അയല്‍ സംസ്ഥാനത്തിന്റെ ഭാഷ പഠിക്കുവാനുള്ള അവസരം, ദേശീയോദ്ഗ്രഥന പ്രക്രിയയെ ത്വരിതപ്പെടുത്തും . അധ്യയന മാധ്യമം, അഞ്ചാം ക്ലാസ്സ് വരെ നിര്‍ബന്ധമായും മാതൃഭാഷയായിരിക്കണമെന്ന് നിര്‍േദ്ദശിച്ചിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ മൂന്ന് ഭാഷകളിലുള്ള വായനാശേഷി, 3-ാം ക്ലാസില്‍ എത്തുമ്പോള്‍ നേടുന്നതിന് വിഭാവനം ചെയ്യുന്ന ഭാഷാനയം, ചെറുപ്രായത്തിലുള്ള ഭാഷാപഠനശേഷിയെ അംഗീകരിച്ചുകൊണ്ടുള്ള ഒന്നാണ്. ഭാഷാ നയത്തിലെ കാതലായ മാറ്റം, ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വമനോഭാവം അവസാനിപ്പിക്കുന്നു എന്നുള്ളതാണ്. ഭാഷയുടെ അധീശത്വം സാധിക്കുന്ന ഭാഷാപരമായ സാമ്രാജ്യത്വം, പ്രതിഭാധനരായ ധാരാളം ഗ്രാമീണ വിദ്യാര്‍ത്ഥികളെ, വാതില്‍പ്പുറങ്ങളിലേക്ക് നയിച്ചു. സംസ്‌കൃതം, തമിഴ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ ഭാഷകളുടെ വൈജ്ഞാനിക പൈതൃകവും സൗന്ദര്യാത്മകതയും വിദ്യാഭ്യാസ രംഗത്തു നിന്ന് പുറന്തള്ളപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് കഴിയുന്നു. കൊളോണിയല്‍ വിദ്യാഭ്യാസ പദ്ധതിയെ, ആധുനിക വിദ്യാഭ്യാസ പദ്ധതിയായി തെറ്റിദ്ധരിച്ച നാം, സ്വന്തം സാഹിത്യത്തിന്റെയും നൈപുണ്യത്തിന്റെയും ആധുനിക മുഖം തിരിച്ചറിഞ്ഞില്ല. വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലെ സാജാത്യ വൈജാത്യങ്ങളെപ്പറ്റിയുള്ള പഠനം, ദേശത്തിന്റെ സാംസ്‌കാരിക സ്വത്ത്വത്തെ അതിന്റെ സമ്പന്നതയില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു.
പതിനഞ്ച് ശതമാനത്തില്‍ താഴെ മാത്രം പൗരന്മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഇംഗ്ലീഷ് ഭാഷ വിദ്യാഭ്യാസ പ്രക്രിയയിലും കോടതികളിലും അധീശത്വം തുടരുന്നു. സാമ്പത്തികമായി മുന്‍നിരയിലുള്ള സമ്പന്നവര്‍ഗ്ഗം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ ഉപയോഗപ്പെടുത്തി ഗ്രാമീണ ജനതയുടെ മക്കളെ പാര്‍ശ്വവല്‍ക്കരിച്ചു. തുല്യത എന്ന ഭരണഘടനാതത്വം പാലിക്കപ്പെടുവാന്‍, ഇംഗ്ലീഷ് ഭാഷയുടെ അധിനിവേശ സ്വഭാവത്തെ അതിവര്‍ത്തിക്കുവാന്‍, ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കപ്പെടണം. റോബര്‍ട്ട് ഫിലിപ്സണ്‍ എന്ന ഭാഷാ ശാസ്ത്രജ്ഞന്റെ ഭാഷാപരമായ സാമ്രാജ്യത്വം (Linguistic Imperialism, O.U.P.2002) ) എന്ന പുസ്തകം ഇംഗ്ലീഷ് ഭാഷാ അധീശത്വവും ഏക ഭാഷാ വാദവും വിവിധ രാജ്യങ്ങളിലെ ഭാഷകളെ എങ്ങിനെ തുടച്ചു നീക്കി എന്ന് വിശദമാക്കുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ നേടുന്ന പ്രാമാണ്യം, ചൂഷണം, അനീതി, അസമത്വം ഇവ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്ന് ഈ ഗ്രന്ഥം സമര്‍ത്ഥിക്കുന്നു. ഇംഗ്ലീഷ് ഭാഷയെ ആശയവിനിമയ തലത്തില്‍ പ്രാധാന്യത്തോടെ നിലനിര്‍ത്താനും ഉയര്‍ന്ന സയന്‍സ് ക്ലാസുകളില്‍ രണ്ട് ഭാഷകള്‍ (Bilingual) ഉപയോഗിച്ചു കൊണ്ടുള്ള പഠനവും, ഹയര്‍സെക്കന്‍ഡറി തലത്തില്‍ വിദേശഭാഷകളുടെ പഠനവും റിപ്പോര്‍ട്ട് വിഭാവന ചെയ്യുന്നു.
വിജ്ഞാനസമ്പാദനത്തിന്റെ നൈരന്തര്യം ഉറപ്പ് വരുത്താന്‍, സംസ്‌കൃതം തമിഴ് തുടങ്ങിയ ക്ലാസിക്കല്‍ ഇന്ത്യന്‍ ഭാഷകളുടെ പഠനം സ്‌കൂള്‍ തലത്തില്‍ ലഭ്യമാക്കുന്നു. കലയും കായിക വിദ്യാഭ്യാസവും ജീവിത നൈപുണ്യവും കരിക്കുലത്തില്‍ ഉള്‍പ്പെടുമ്പോള്‍, ശാരീരിക, മാനസിക ആരോഗ്യം കൂടി വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമായി തീരുന്നു. പഠിതാവിന്റെ ജീവിതവും ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുന്ന വിദ്യാഭ്യാസ പരിഷ്‌കരണമാണ് റിപ്പോര്‍ട്ടിന്റെ മറ്റൊരു മുഖം.
ഗവേഷണ രംഗം
രാജ്യത്തിലെ ചുരുക്കം മികവിന്റെ ദ്വീപുകളിലല്ലാതെ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, രാജ്യപുരോഗതിക്കുതകുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് നിര്‍ഭാഗ്യകരം തന്നെ. ഡിഗ്രി നല്‍കുന്ന സ്വയം ഭരണകോളേജുകള്‍, റിസേര്‍ച്ച് യൂണിവേഴ്സിറ്റികള്‍, ടീച്ചിംഗ് യൂണിയേഴ്സിറ്റികള്‍ എന്നിങ്ങനെ കൃത്യമായ ലക്ഷ്യബോധത്തൊടെ സ്ഥാപനങ്ങളെ ക്രമീകരിക്കുമ്പോള്‍, അവയുടെ ഗുണനിലവാര അപഗ്രഥനം കൂടുതല്‍ കൃത്യമായിത്തീരും ‘വ്യവസായവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക’ എന്ന ആദ്യ പ്രധാനമന്ത്രിയുടെ മുദ്രാവാക്യത്തിന് സമാനമായി ‘നവീകരണത്തില്‍ ഏര്‍പ്പെടുക അല്ലെങ്കില്‍ നശിക്കുക’ എന്ന മുദ്രാവാക്യത്തിലേക്ക്, പുതിയ നൂറ്റാണ്ട് നമ്മെ നയിക്കുന്നു. നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നതിന്റെ അര്‍ത്ഥം, ഗവേഷണരംഗത്തെ രാജ്യത്തിന്റെ പിന്നോക്കാവസ്ഥയെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുത്തു എന്നാണ്. രാജ്യത്തെ പൊതുവിദ്യാഭ്യാസരംഗത്ത് സ്വതന്ത്രബുദ്ധിയും മൗലീകതയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ, ഗവേഷണ രംഗത്ത് നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്.
പ്രായോഗിക പരിമിതികള്‍
· സ്‌കൂള്‍ കോളേജ് അക്രഡിറ്റേഷന്‍ പ്രക്രിയയില്‍ മാനദണ്ഡങ്ങള്‍
നിശ്ചയിക്കുമ്പോള്‍, പിന്നോക്ക പ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളെ,
മറ്റ് സ്ഥാപനങ്ങളുടെ ഒപ്പം, വിലയിരുത്തുന്നത് അനീതി സൃഷ്ടിക്കും.
· ഉന്നത വിദ്യാഭ്യാസത്തിന് ദേശീയതല ടെസ്റ്റിംഗ് നടപ്പിലാക്കുമ്പോള്‍, ഗ്രാമീണ – പിന്നോക്ക മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ പുറന്തള്ളപ്പെടാ തെയിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ആവശ്യമാണ്.
· പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം 3 വയസ്സ് മുതല്‍ ആരംഭിക്കുമ്പോള്‍, ശാരീരിക മാനസിക വളര്‍ച്ചയ്‌ക്കാവശ്യമായ കളികളില്‍ മാത്രം ഏര്‍പ്പെടുവാന്‍ സാഹചര്യം സൃഷ്ടിക്കണം. സാമ്പ്രദായിക പഠനം തുടങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന വിധത്തിലുള്ള കര്‍ശന നിയന്ത്രണങ്ങളും ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്.
മോചനമരുളുന്നതെന്തോ അതാണ് വിദ്യാഭ്യാസം എന്ന തത്വത്തില്‍ അധിഷ്ഠിതമായ പുതിയ വിദ്യാഭ്യാസ നയം, ശാശ്വത മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതും ഭാവി ഭാരതത്തെ സുസ്ഥിര വികസനത്തിലേക്കും സ്വരാജിലേക്കും നയിക്കുന്നതുമാണ്. രാജ്യത്തെ അക്കാഡമിക് സമൂഹവും പൊതുസമൂഹവും പ്രസ്തുത മാറ്റത്തിനായി സ്വയം സജ്ജരാകേണ്ടതുണ്ട്. ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നയരേഖ, സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങളുടെ പ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതും, ഉയര്‍ന്ന വിദ്യാഭ്യാഗ ഗുണനിലവാരം ആര്‍ജ്ജിച്ച് ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്പത്തിലേക്ക് രാജ്യത്തെ നയിക്കുന്നതുമാണ്.
ഡോ. കെ. ഉണ്ണിക്കൃഷ്ണന്‍
പ്രിന്‍സിപ്പല്‍ (റിട്ട)
എന്‍.എസ്.എസ്. കോളേജ് പന്തളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: