മരുതോങ്കര: കുടുംബത്തിന്റെ ഏക പ്രതീക്ഷയായ മകന് വൃക്ക പകുത്തു നല്കാന് അമ്മ ഒരുങ്ങുമ്പോള്‍ കൈത്താങ്ങാവാന്‍ നാടും. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിലെ തലച്ചിറ നാണു – ചന്ദ്രി ദമ്പതികളുടെ മകന് നിജേഷ് (29) ആണ് ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരുന്ന നിജേഷ് ദിവസവും ഡയാലിസിസിന് വിധേയനാവുകയാണ്. ദിവസവും ഡയാലിസിസിന് വിധേയനാവേണ്ടി വരുന്നതിനാല്‍ വാടക വീടെടുത്ത് കഴിയുകയാണ് കുടുംബം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി 20 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് സൂചന.
കുടുംബത്തിന് താങ്ങും തണലുമാകാന്‍ വിദേശത്തേക്ക് പോയ നിജേഷിന് അവിടെ വെച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗിയായ അച്ഛനും ഒരു നേരത്തെ ഭക്ഷണത്തിന് പോലും പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക താങ്ങാന്‍ പറ്റുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചികിത്സാസഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.
ചികിത്സാ ധനസമാഹരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ആഗസ്റ്റ് 22 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ പശുക്കടവില്‍ ചികിത്സാ സഹായ പയറ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി രക്ഷാധികാരിയും വൈസ് പ്രസിഡന്റ് സി.പി. ബാബു രാജ് കണ്‍വീനറും കെ.ജെ. സെബാസ്റ്റ്യന്‍ ചെയര്‍മാനും ടി.എ. അനീഷ് ഖജാന്‍ജിയുമായ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് മരുതോങ്കര ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: