വടകര: അനസ്തേഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി നട്ടം തിരിഞ്ഞു. കഴിഞ്ഞ ദിവസം പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കീഴല്‍ സ്വദേശിയായ യുവതിക്കാണ് ദുരനുഭവം. പ്രസവസമയം അടുത്തപ്പോള്‍ ആശുപത്രി അധികൃതര്‍ ഇവിടെ അനസ്തേഷ്യ ഡോക്ടര്‍ ഇല്ലെന്നും പ്രസവത്തിന് മറ്റെവിടെയെങ്കിലും പോകണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. അഡ്മിറ്റ് ചെയ്യുമ്പോള്‍ സിസേറിയന് ആവശ്യം ഉണ്ടെങ്കില്‍ അനസ്തേഷ്യ ഡോക്ടര്‍ അടക്കമുള്ള എല്ലാ സംവിധാനവും ഇവിടെയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ജില്ലാ ആശുപത്രി അധികൃതര്‍ കൈ ഒഴിഞ്ഞതോടെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി ബന്ധുക്കള്‍ തീരുമാനിച്ചു.
ജില്ലാ ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് അവശ്യപ്പെട്ടെങ്കിലും അതൊന്നും വേണ്ട ഇവിടെ നടന്നെന്നു പറഞ്ഞാല്‍ മതിയെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വിളിച്ചറിയിക്കാം എന്നാണ് ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും കോവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പ്രസവ വാര്‍ഡിലേക്ക് പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയെന്നും അവിടെനിന്നും കോവിഡ് നെഗറ്റീവ് ആണെന്ന് വാക്കാല്‍ അറിയിച്ചതായി പറഞ്ഞെങ്കിലും മെഡിക്കല്‍ കോളജില്‍ നിന്ന് അത് അംഗീകരിച്ചില്ല. തുടര്‍ന്ന് കോവിഡ് വാര്‍ഡില്‍ എത്തി ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചുള്ളു.
കോവിഡ് കാലമായതിനാല്‍ രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാര്‍ മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്‍ഷ ഉള്ളതിനാല്‍ യുവതിക്കൊപ്പം ഭര്‍ത്താവ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇതിനെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് യുവതിയും ഭര്‍ത്താവും ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും നെട്ടോട്ടം ഓടേണ്ടി വന്നത്. മണിക്കൂറുകള്‍ക്കകം പ്രശ്നങ്ങള്‍ ഇല്ലാതെ പ്രസവം നടന്നു.
ജില്ലാ ആശുപത്രിയില്‍ അനസ്തേഷ്യക്ക് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ഇരയാണ് കീഴല്‍ സ്വദേശിയായ യുവതി. ആശുപത്രി മാനേജ്മെന്റ് കമ്മറ്റി യോഗത്തില്‍ അടക്കം അനസ്തേഷ്യ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും അതും പരിഹരിക്കപ്പെട്ടില്ല. ഇതിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: